Wednesday, May 25

കെ ജി എഫ് 2 റിവ്യൂ വായിക്കാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആരാധകരുടെ ഒരു നീണ്ട കാത്തിരിപ്പിനു ശേഷം ഇന്ന് ഇന്ത്യൻ സിനിമയിലെ ബ്രഹ്മാണ്ഡ ചിത്രമായ കെ ജി എഫ് 2 പ്രദർശനത്തിനെത്തി. ഇന്ത്യൻ സിനിമയെ ഞെട്ടിച്ച ഇതിന്റെ ആദ്യ ഭാഗത്തിന് ശേഷം ഈ രണ്ടാം ഭാഗം വരുമ്പോൾ ഉള്ള പ്രേക്ഷക പ്രതീക്ഷകൾ വാനോളമായിരുന്നു. നൂറു കോടി രൂപ മുതൽ മുടക്കി ഹോംബാലെ ഫിലിമ്സിന്റെ ബാനറിൽ വിജയ് കിരാഗേന്ദുർ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്തതു പൃഥ്വിരാജ് പ്രൊഡക്ഷൻസ്ന്റെ ബാനറിൽ പൃഥ്വിരാജ് സുകുമാരൻ ആണ്. റോക്കിങ് സ്റ്റാർ യാഷ്, ബോളിവുഡ് താരം സഞ്ജയ് ദത്, രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്ഷൻ ചിത്രങ്ങളിലൊന്ന് എന്ന ലേബലിൽ ആണ് എത്തുന്നത്. സംവിധായകൻ പ്രശാന്ത് നീൽ തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും.

കെ ജി എഫ് ആദ്യ ഭാഗത്തെ കഥയുടെ തുടർച്ചയാണ് ഈ രണ്ടാം ഭാഗത്തിൽ നമ്മുക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. കാളി പൂജയുടെ അന്ന് ഗരുഡയുടെ തലയറുത്ത റോക്കി, അന്ന് മുതൽ കെ ജി എഫിലെ, അടിമകളെ പോലെ കഴിഞ്ഞിരുന്നവരുടെ രക്ഷകനായി മാറി. അവർക്കു വേണ്ടി പോരാടിയും അവരെ സഹായിച്ചും ആയിരുന്നു റോസിക്കിയുടെ വളർച്ച. റോക്കിയെ പിന്തുണച്ചവരും അയാളെ ഒരു രക്ഷകനായാണ് നോക്കി കണ്ടത്. എന്നാൽ മുന്നോട്ടുള്ള യാത്ര അയാൾക്കു എളുപ്പമായിരുന്നു. കാരണം, അയാളെ കാത്തിരിക്കുന്നത് താൻ ജീവിതത്തിൽ നേരിട്ട ഏറ്റവും വലിയ ശത്രുക്കളായ അധീരയും പ്രധാന മന്ത്രിയുമായ രാമിക സെന്നുമാണ്. അവർക്കൊപ്പം കമാൽ, രാജേന്ദ്ര ദേശായി, ഗുരു പാണ്ഡ്യൻ, ആൻഡ്രൂസ് എന്നിവരും റോക്കിയെ തകർക്കാൻ കാത്തിരിക്കുകയാണ്. കെ ജി എഫിന്റെ ഭരണം തിരിച്ചു പിടിക്കുക, തങ്ങളെ ചതിച്ച റോക്കിയെ ഇല്ലാതാക്കുക എന്നതാണ് അവരുടെ ലക്‌ഷ്യം. ആ യുദ്ധത്തിൽ റോക്കിക്കു ജയിക്കാൻ സാധിക്കുമോ എന്നതും, അതുപോലെ നമ്മൾ അറിയാത്ത പലതും ഇനിയും റോക്കിയുടെ ഭൂതകാലത്തിൽ ഉണ്ടോ എന്നതുമാണ് ഈ ചിത്രം പറയുന്നത്.

ഗംഭീരമായ ആദ്യ ഭാഗത്തിന് ശേഷം ഒരിക്കൽ കൂടി ഇന്ത്യൻ സിനിമയെ ഞെട്ടിക്കുന്ന ഒരു ദൃശ്യ വിസ്മയം തന്നെയാണ് പ്രശാന്ത് നീൽ ഒരുക്കിയിരിക്കുന്നത് എന്ന് നിസംശയം പറയാൻ സാധിക്കും. അത്ര ഗംഭീരമായ രീതിയിലാണ് കെ ജി എഫ് 2 എന്ന ഈ ചിത്രം അദ്ദേഹം പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചിരിക്കുന്നതു. സത്യം പറഞ്ഞാൽ ആദ്യ ഭാഗത്തിനേക്കാൾ മികച്ച രീതിയിൽ, അത്യന്തം ആവേശകരമായ രീതിയിൽ വൈകാരികവും തീവ്രവുമായ കഥ സന്ദര്ഭങ്ങളിലൂടെ മുന്നോട്ടു നീങ്ങിയ ചിത്രമാണ് കെ ജി എഫ് 2. ആദ്യ ഭാഗത്തിൽ ഉള്ളതിനേക്കാൾ മികച്ചതും വലിയതുമായ മാസ്സ് രംഗങ്ങളും സംഘട്ടന രംഗങ്ങളും ഉണ്ട് എന്നതും ഈ ചിത്രത്തിന്റെ ക്യാൻവാസിനെ കൂടുതൽ വലുതാക്കി. ഗംഭീരമായ രീതിയിൽ ഒരുക്കിയ ഗ്രാഫിക്സ് രംഗങ്ങളും അത് പോലെ ഞെട്ടിക്കുന്ന ശബ്ദ മിശ്രണവും കൂടി ചേർന്നപ്പോൾ കെ ജി എഫ് 2 സാങ്കേതിക തികവിന്റെ കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ തന്നെ പുതിയൊരു അളവുകോൽ സൃഷ്ടിച്ചു എന്ന് പറയാം. ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടതിൽ വെച്ചേറ്റവും വലിയ ദൃശ്യ വിസ്മയങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിലെത്തിച്ചിരിക്കുന്നതു. വൈകാരിക നിമിഷങ്ങളും ആവേശവും ആക്ഷനും പഞ്ച് ഡയലോഗുകളുമെല്ലാം അതിവിദഗ്ദ്ധമായും വളരെ മനോഹരമായുമാണ് തിരക്കഥയിൽ കോർത്തിണക്കിയിരിക്കുന്നതു. ആ തിരക്കഥക്കു പ്രശാന്ത് നീൽ ചമച്ച ദൃശ്യ ഭാഷ അത്ഭുതം വിടർത്തുന്നതായിരുന്നു. ചിത്രത്തിൽ ഏറ്റവും കൂടുതൽ രോമാഞ്ചം സമ്മാനിക്കുന്നത് റോക്കി ഭായിയുടെ എലിവേഷൻ സീനുകളും തിരിച്ചടികളുമാണ്. ഇന്റെർവൽ ഭാഗവും അവസാനത്തെ മുപ്പതു മിനിറ്റും പ്രേക്ഷകരെ രോമാഞ്ചത്തിന്റെ പരകോടിയിൽ ആണ് എത്തിക്കുന്നത്.

യാഷ്, സഞ്ജയ് ദത് എന്നീ നടൻമാർ തങ്ങളുടെ ശരീരവും മനസ്സും ഒരുപോലെ അർപ്പിച്ചപ്പോൾ റോക്കി, അധീരാ എന്നീ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി എടുത്തു. നോക്കിലും വാക്കിലും ഓരോ ചലനങ്ങളിലും പോലും കഥാപാത്രമായി മാറാൻ കഴിഞ്ഞ ഇവരുടെ, നടന്മാരെന്ന രീതിയിലുള്ള ഒരു വളർച്ച കൂടിയാണ് ഈ ചിത്രത്തിലൂടെ കാണാൻ സാധിക്കുന്നത്. മാസ്സ് രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലും ഡയലോഗ് ഡെലിവെറിയിലും ഇവർ രണ്ടു പേരും ഒരുപോലെ മികച്ചു നിന്നിട്ടുണ്ട്. നായകനെ വെല്ലുന്ന സ്ക്രീൻ പ്രസൻസ് ആയിരുന്നു ഈ ചിത്രത്തിൽ സഞ്ജയ് അവതരിപ്പിച്ച അധീരക്കു എന്ന് പറഞ്ഞാൽ അതൊട്ടും അതിശയോക്തി ആവില്ല. അത് പോലെ തന്നെ എടുത്തു പറയേണ്ട പ്രകടനം കാഴ്ച വെച്ചവരാണ് രവീണ ടണ്ഠൻ, അച്യുത് കുമാർ എന്നിവർ. മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ്, അർച്ചന ജോയ്‌സ്, മാളവിക അവിനാശ്, ബി എസ് അവിനാശ്, വസിഷ്ട എൻ സിംഹ, ഈശ്വരി റാവു, റാവു രമേശ് എന്നിവരും തങ്ങളുടെ മികച്ചത് തന്നെ ഈ ചിത്രത്തിനായി നൽകി എന്ന് പറയാം. രവി ബസ്‌റൂർ ഒരുക്കിയ കണ്ണാണ് ഒരിക്കൽ മികച്ചു നിന്നു. പക്ഷെ പ്രേക്ഷകരെ ത്രസിപ്പിച്ചത് അദ്ദേഹം നൽകിയ പശ്ചാത്തല സംഗീതം ആണ്. അത് പോലെ തന്നെ പ്രേക്ഷകന്റെ മനസ്സിൽ വിസ്മയം വിരിയിക്കുന്ന ദൃശ്യങ്ങളൊരുക്കിയ ഭുവൻ ഗൗഡയും രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ചിത്രം ഒട്ടും ഇഴയാതെ മുന്നോട്ടു കൊണ്ട് പോകാൻ സഹായിച്ച എഡിറ്റർ ഉജ്ജ്വൽ കുൽക്കർണിയും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ട്. തുടക്കം മുതൽ അവസാനം വരെ ഒരേ വേഗത നിലനിർത്താൻ ഈ ചിത്രത്തിന് സാധിച്ചു.

കെ ജി എഫ് 2 എന്ന ഈ ചിത്രം, ഇന്നേ വരെ ഇന്ത്യൻ സിനിമയിൽ വന്നിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മാസ്സ് ആക്ഷൻ ദൃശ്യ വിസ്മയങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിൽ നിൽക്കുന്ന ചിത്രമാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല. സാങ്കേതിക മേന്മയുടെ കാര്യത്തിലും അവതരണത്തിന്റെ കാര്യത്തിലും ബ്രഹ്മാണ്ഡം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ചിത്രം പൂർണ്ണമായും ഒരു പ്രശാന്ത് നീൽ മാസ്റ്റർപീസ് ആണ്. നഷ്ടപ്പെടുത്താതെ ഇരിക്കുക ഈ ദൃശ്യ വിസ്മയം..ഇതൊരു ഞെട്ടിക്കുന്ന തീയേറ്റർ അനുഭവമാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author