Tuesday, May 30

പതിയെ വീശി കൊടുങ്കാറ്റായി പടരുന്ന ‘ദസറ’!! റിവ്യൂ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പുഷ്പയുടെ പകർപ്പ് എന്ന വിശേഷണത്തിലൂടെയാണ് ദസറ ഹൈപ്പുകളിൽ നിറഞ്ഞത്. പക്ഷേ ‘ പുഷ്പ’യോ ‘കെജിഎഫോ ‘ പ്രതീക്ഷിച്ച് ദസറയ്ക്ക് വേണ്ടി ആരും ടിക്കറ്റ് എടുക്കണ്ട. തെലുങ്കാനയിലെ കൽക്കരിഖനന ഗ്രാമത്തിൽ വേരുന്നിയ ജാതി രാഷ്ട്രീയ ചർച്ചകൾക്കുള്ളിൽ നിന്നാണ് ദസറ കഥ പറയുന്നത്. വെട്രിമാരൻ, മാരി സൽവരാജ് തുടങ്ങിയവരുടെ തമിഴ് സിനിമകൾ പറയുന്ന രാഷ്ട്രീയത്തിന്റെ പിന്തുടർച്ചയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. അതേസമയം പേരുപോലെ ഒരാഘോഷവുമാണ് ‘ ദസറ ‘. നവാഗതനായ ശ്രീകാന്ത് ഒഡല സംവിധാനം ചെയ്ത ചിത്രം നാച്ചുറൽ സ്റ്റാർ നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ബിഗ് ബഡ്ജറ്റ് ചിത്രമാണ്.

വെള്ളിത്തിരയുടെ പ്രിയപ്പെട്ട വിഷയങ്ങളായ സുഹൃദ്ബന്ധത്തിന്റെയും പ്രണയത്തിന്റെയും പ്രതികാരത്തിന്റെയും വൈകാരികമായ മുഹൂർത്തമാണ് ചിത്രത്തിൽ സംവിധായകൻ വരച്ചിടുന്നത്. പല തവണ കണ്ട പ്രമേയങ്ങൾ ചിത്രത്തിൽ വന്നു പോകുന്നുണ്ടെങ്കിലും കഥാഗതിയിലേക്കുള്ള ഒഴുക്ക് ദസറയെ വ്യത്യസ്തമാക്കുന്നുണ്ട്. ചെറിയ തീ ആളിപ്പടർന്ന് കാട്ടുതീ ആകുന്നത് പോലെയാണ് ചിത്രത്തിൻറെ അവതരണ രീതി.

ധരണി, സൂരി, വെണ്ണല എന്നെ സുഹൃത്തുക്കളിലൂടെയാണ് കഥ പറയുന്നത്. കെജി എഫിനെ അനുസ്മരിപ്പിക്കുന്ന വിധം കൽക്കരി ഖനിയാണ് ചിത്രത്തിൻറെ പശ്ചാത്തലമാക്കിയതെങ്കിലും മറ്റൊരു കെജിഎഫ് സൃഷ്ടിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടില്ല. സിൽക്ക് എന്ന പേരുള്ള മദ്യശാലയും മദ്യവും ചിത്രത്തിൻറെ കഥയിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. മദ്യത്തെ ചൊല്ലിയാണ് സൂരിയുടെയും ധരണിയുടെയും വെണ്ണലയുടെയും ജീവിതത്തിൽ അവിചാരിതമായ പല സംഭവങ്ങളും ഉണ്ടാകുന്നത്. സൂരിയും വെണ്ണലയുമായെത്തുന്നത് ദീക്ഷിത് ഷെട്ടിയും കീർത്തി സുരേഷുമാണ്. നാടൻ ശൗര്യത്തോടെ പരുക്കൻ സ്വഭാവത്തോട് കൂടി നഷ്ട പ്രണയനായകനായി നിൽക്കുന്ന ധരണി എന്ന കഥാപാത്രത്തെയാണ് നാനി അവതരിപ്പിച്ചിട്ടുള്ളത്.

നിസ്സഹായതയുടെയും പ്രതികാരത്തിന്റെയും വ്യത്യസ്തഭാവങ്ങൾ തിരശ്ശീലയിൽ എത്തിച്ച കീർത്തി സുരേഷിന്റെയും ഷംന കാസിമിന്റെയും പ്രകടനങ്ങൾ കയ്യടികൾ അർഹിക്കുന്നുണ്ട്.
തികച്ചും വൈകാരികമായി പ്രേക്ഷകനെ കയ്യിലെടുക്കുന്ന നാനിയുടെ സ്വാഭാവിക അഭിനയം ദസറയിലും പ്രകടമാണ്. ആക്ഷൻ രംഗങ്ങൾ ഇഴ ചേർത്ത ചിത്രത്തിൽ മിന്നും പ്രകടനമാണ് നാനി കാഴ്ചവച്ചത്. എടുത്തു പറയേണ്ട മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയുടേത്. മലയാളത്തിൽ നിരവധി വില്ലൻ വേഷങ്ങൾ ചെയ്ത ഷൈൻ ടോം ചാക്കോ വില്ലൻ മാനറിസത്തിൽ ‘ ചിന്നത്തമ്പി’യായി ചിത്രത്തിൽ ജീവിക്കുകയായിരുന്നു. സമുദ്ര കനിയും സായികുമാറും ഉൾപ്പെടുന്ന ദസറയിലെ ഓരോ കഥാപാത്രങ്ങളും എടുത്തു പറയേണ്ടതാണ്.

വികാരഭേദങ്ങളും പ്രണയവും ഇടകലർത്തിയ നിമിഷങ്ങൾ പകർത്തിയ സത്യൻ സൂര്യന്റെ ഛായാഗ്രഹണം ഓരോ ഫ്രെയിമുകളിലും ജീവൻവെപ്പിച്ചു. ധരണി എന്ന കഥാപാത്രത്തിന്റെ ഊർജ്ജം പ്രേക്ഷകരിലേക്ക് എത്തിച്ച സന്തോഷ് നാരായണന്റെ പർശ്ചാത്തല സംഗീതവും ദസറയെ മികവുറ്റതാക്കി. മികച്ച ആക്ഷൻ രംഗങ്ങൾ ദസ്റ ക്കുവേണ്ടി ഒരുക്കിയത് അൻപറിവും സംഘവുമാണ്. ചിത്രം കണ്ട് ഇറങ്ങുന്ന ഓരോ പ്രേക്ഷകനും ‘ദസറ ‘ എരിയുന്ന കനലിൽ നിന്ന് ആളിക്കത്തുന്ന തീയായി മാറുമെന്നതിൽ സംശയമില്ല. ചിത്രം കാണാൻ ധൈര്യമായി ടിക്കറ്റ് എടുക്കാം

Did you find apk for android? You can find new Free Android Games and apps.
Share.

About Author