Thursday, May 26

കുറ്റാന്വേഷണത്തിന്റെ ആവേശവുമായി ഒരു മലയാള ചിത്രം കൂടി; 21 ഗ്രാംസ് റിവ്യൂ വായിക്കാം….

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്ന് കേരളത്തിൽ പ്രദർശനത്തിനെത്തിയ മലയാളം സിനിമകളിൽ ഒന്നാണ് നവാഗതനായ ബിബിൻ കൃഷ്ണ ഒരുക്കിയ 21 ഗ്രാംസ്‌. പ്രശസ്ത നടൻ അനൂപ് മേനോൻ നായക വേഷത്തിൽ എത്തിയ ഈ ചിത്രം നിർമിച്ചിരിക്കുന്നത് ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ റിനീഷ് കെ എൻ ആണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് പറയാം. ചിത്രത്തിന്റെ ട്രൈലെർ, ടീസർ എന്നിവ വളരെയധികം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സംവിധായകൻ ബിബിൻ കൃഷ്ണ തന്നെയാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. രണ്ടു സഹോദരങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ കൊല്ലപ്പെടുന്നു. ആ കേസ് അന്വേഷിക്കാൻ ആണ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി നന്ദകിഷോര്‍ എന്ന അനൂപ് മേനോൻ കഥാപാത്രം എത്തുന്നത്. ഒട്ടേറെ സങ്കീർണ്ണതകൾ നിറഞ്ഞ ഒരു കേസും സംഭവ പരമ്പരകളുമാണ് അദ്ദേഹത്തിന് മുന്നിൽ കിട്ടുന്നത്. കൊലയാളി ആര് എന്നും അയാളെ വലയിലാക്കാൻ പോലീസ് എങ്ങനെ ശ്രമിക്കുന്നുവെന്നുമാണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ എത്തിക്കുന്നത്. കേസ് അന്വേഷിക്കാൻ നന്ദകിഷോർ എത്തുന്നത്, അയാളുടെ സ്വന്തം കുടുംബത്തിൽ ഒരു മരണം നടന്നു കഴിഞ്ഞ സാഹചര്യത്തിൽ ആണ്. ഈ സന്ദർഭത്തിൽ അയാൾ എങ്ങനെയാണു ഈ കേസ് കൈകാര്യം ചെയ്യുന്നത് എന്നതും കഥ പറച്ചിലിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ട്. താൻ അന്വേഷിക്കുന്ന കേസ് തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുന്നത് അയാൾ തിരിച്ചറിയുന്നതും ചിത്രത്തെ ഉദ്വേഗഭരിതമായ്ക്കുന്നു.

ബിബിൻ കൃഷ്ണ എന്ന നവാഗതന് തന്റെ സംവിധായകൻ ആയി ഉള്ള അരങ്ങേറ്റം വളരെ മികച്ചതാക്കാൻ കഴിഞ്ഞു എന്ന് നിസംശയം പറയാൻ സാധിക്കും. ഒരു തുടക്കക്കാരന്റെ പതർച്ചകൾ ഇല്ലാതെ തന്നെ, ഒരു ത്രില്ലർ ചിത്രത്തെ അതിന്റെ എല്ലാ വിധ രസക്കൂട്ടുകളും ചേർത്ത് ഭംഗിയായി അവതരിപ്പിക്കാൻ ബിബിന് സാധിച്ചിട്ടുണ്ട്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഒരുപാട് കണ്ടിട്ടുള്ള പ്രേക്ഷകരെ ബോറടിപ്പിക്കാതെ ചിത്രത്തോടൊപ്പം സഞ്ചരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്ന് പറയാം. അദ്ദേഹം തന്നെ എഴുതിയ തിരക്കഥയും മികവ് പുലർത്തി. ഒരു വിനോദ ചിത്രത്തിന് ആവശ്യമായ ഘടകങ്ങൾ എല്ലാം ചേരുംപടി ചേർക്കാൻ രചയിതാവ് എന്ന നിലയിൽ ബിബിന് കഴിഞ്ഞു എന്നതിനൊപ്പം തന്നെ, ഈ ചിത്രത്തെ ആവേശം നിറക്കുന്ന ഒരു മികച്ച ത്രില്ലർ ആക്കാനും അദ്ദേഹത്തിന് സാധിച്ചു എന്നിടത്താണ് ഇതിന്റെ വിജയം. വൈകാരിക രംഗങ്ങളും അതുപോലെ തന്നെ ആകാംഷ നിറഞ്ഞ രംഗങ്ങളും ഒരു പോലെ മികച്ച രീതിയിൽ ആവിഷ്കരിക്കാൻ ബിബിന് കഴിഞ്ഞു എന്ന് പറയാം. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിൽ കഥ പറയാൻ കഴിഞ്ഞതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. അതുപോലെ തന്നെ വ്യക്തമായ ഐഡന്റിറ്റി ഉള്ള കഥാപാത്രങ്ങളും പ്രേക്ഷകർക്ക് വിശ്വസനീയമായി തോന്നുന്ന കഥാ സന്ദര്ഭങ്ങളും ഒരുക്കാനും ബിബിൻ കൃഷ്ണക്ക് കഴിഞ്ഞിട്ടുണ്ട്.

നന്ദ കിഷോർ എന്ന കേന്ദ്ര കഥാപാത്രമായി ഗംഭീര പെർഫോമൻസ് നൽകിയ അനൂപ് മേനോൻ തന്നെയാണ് പ്രകടനങ്ങളിൽ മുന്നിൽ നിൽക്കുന്നത്. തന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ ഒന്ന് തന്നെയാണ് അദ്ദേഹം നൽകിയതെന്ന് പറയാം. പ്രകടനത്തിൽ കൊണ്ട് വരുന്ന സ്വാഭാവികതയാണ് അദ്ദേഹത്തിന്റെ വിജയം. സംവിധായകൻ രഞ്ജിത്, നടി ലെന തുടങ്ങിയവർ പതിവ് പോലെ മികച്ച പ്രകടനം കാഴ്ച വെച്ചു. അത്ര അനായാസമായിട്ടാണ് ഇവർ തങ്ങളുടെ കഥാപാത്രത്തിന് ജീവൻ നൽകിയത്. ഇവർക്കൊപ്പം രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെ ചിത്രത്തിനായി നൽകി. ജിത്തു ദാമോദർ ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ സാങ്കേതിക വശത്തിനു വലിയ മുതൽക്കൂട്ടായപ്പോൾ അപ്പു എൻ ഭട്ടതിരിയുടെ എഡിറ്റിംഗ് ത്രില്ലെർ എന്ന രീതിയിൽ ചിത്രത്തിന്റെ വേഗതയിൽ ഉള്ള മുന്നോട്ടു പോക്കിനെ സഹായിച്ചു. ദീപക് ദേവ് ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ കഥ പറച്ചിലിനെ വളരെയധികം സഹായിച്ചിട്ടുണ്ട്. പ്രേക്ഷകരിൽ ഉദ്വേഗവും ആവേശവും നിറക്കുന്നത് ആയിരുന്നു അദ്ദേഹം ഒരുക്കിയ പശ്‌ചാത്തല സംഗീതം.

ചുരുക്കി പറഞ്ഞാൽ 21 ഗ്രാംസ്‌ മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആണ്. എല്ലാ രീതിയിലും പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരു സിനിമാനുഭവം ഈ ചിത്രം സമ്മാനിക്കുമെന്നുറപ്പാണ്. വളരെ മികച്ച ഒരു തിരക്കഥയും അതിന്റെ ഗംഭീരമായ അവതരണ ശൈലിയും കൊണ്ട് ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ ആവേശം പകരുന്ന, ത്രില്ലിംഗ് ആയ ഒരു സിനിമാ കാഴ്ചയാണ് നൽകുക.

Did you find apk for android? You can find new Free Android Games and apps.
Share.

About Author