അന്ന് അച്ഛൻ ഇന്ന് മകൻ,… ബോക്സോഫീസ് ചരിത്രം ആവർത്തിക്കുമോ?

Advertisement

മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച് ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമായിരുന്നു ‘ദൃശ്യം’. വ്യത്യസ്ത‌ത നിറഞ്ഞ പ്രമേയവുമായി പുറത്തിറങ്ങിയ ഈ ചിത്രം ആകാംഷാഭരിതമായ രംഗങ്ങളും മോഹൻലാലിൻറെ മികച്ച അഭിനയവും മൂലം സിനിമാപ്രേമികൾക്ക് ഒരു വേറിട്ട അനുഭവമായിരുന്നു. ഒരു കുടുംബചിത്രത്തിന് ഒരിക്കലും ഒരു ത്രില്ലർ ആകാൻ കഴിയില്ലെന്ന സങ്കൽപ്പത്തെയാണ് സംവിധായകൻ ഈ ചിത്രത്തിലൂടെ തിരുത്തിക്കുറിച്ചത്.

കേബില്‍ ടി വി ബിസിനസ്സും നിരന്തരം സിനിമാകാണലുമായി ജീവിക്കുന്ന ജോര്‍ജുകുട്ടിയും അയാളുടെ ഭാര്യയും രണ്ട്‌ പെണ്‍ മക്കളുമടങ്ങുന്ന കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തുന്ന ഒരു അതിഥിയും തുടർന്നുണ്ടാകുന്ന പ്രശ്‌നവും സസ്പെൻസുമായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. പ്രേക്ഷകരെ അമ്പരിപ്പിക്കുന്ന രീതിയിലുള്ള നീക്കങ്ങളും പ്രതിരോധങ്ങളും സംഭവങ്ങളുമായി പുരോഗമിക്കുന്ന കഥ കേരളത്തില്‍ എന്നപോലെ അന്യഭാഷകളിലും വന്‍ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ‘ദൃശ്യം’ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ ചിത്രത്തിന്റെ പോസ്റ്ററുകളും ചർച്ചയായിരുന്നു. പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്ന തരത്തിലായിരുന്നു ഓരോ പോസ്റ്ററുകളും.

Advertisement

ഇപ്പോൾ വർഷങ്ങൾക്ക് ശേഷം മോഹൻലാലിൻറെ മകൻ പ്രണവ് മോഹൻലാൽ ‘ആദി’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തിലേക്ക് ചുവടുവെക്കുമ്പോൾ ദൃശ്യത്തിന്റെ പോസ്റ്ററുകൾ വീണ്ടും ചർച്ചയാകുകയാണ്. ‘ആദി’ യുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ ചിരിച്ചു കൊണ്ട് വായുവിൽ ചാടി ഉയർന്നു നിൽക്കുന്ന പ്രണവിന്റെ ചിത്രം മുൻപ് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന തന്റെ ആദ്യ ചിത്രത്തിൽ ഇതുപോലെ തന്നെ ചിരിച്ചു കൊണ്ട് ഒരു വശം ചെരിഞ്ഞു വായുവിൽ ചാടി ഉയർന്നു നിൽക്കുന്ന മോഹൻലാലിൻറെ ചിത്രവുമായി ആദിയുടെ പോസ്റ്ററിന് ഏറെ സാമ്യമുണ്ടായിരുന്നു. ഇപ്പോൾ മോഹൻലാലിൻറെ ദൃശ്യത്തിലെ ഒരു പോസ്റ്ററുമായി ഏറെ സാമ്യമുള്ള പ്രണവിന്റെ മറ്റൊരു ചിത്രം കൂടി പുറത്തുവന്നിരിക്കുകയാണ്. ആരാധകർക്ക് ആകാംക്ഷ ഉയർത്തുന്ന തരത്തിൽ ഇലകൾക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന ഒരു പോസ്റ്ററായിരുന്നു ദൃശ്യത്തിന്റേതായി പുറത്തുവന്നത്. എന്നാൽ അതുപോലെ തന്നെ ദുരൂഹത ഉണർത്തുന്ന തരത്തിലുള്ള ‘ആദി’യിലെ പ്രണവിന്റെ ഒരു രംഗമാണ് ഇപ്പോൾ ചർച്ചയാകുന്നത് അച്ഛൻ എഴുതിയ ചരിത്രം മകൻ തിരുത്തിക്കുറിക്കുമോ എന്ന സംശയത്തിലാണിപ്പോൾ ആരാധകർ.

ജീത്തു ജോസഫ് തന്നെയാണ് ആദിയും സംവിധാനം ചെയ്‌തിരിക്കുന്നത്‌. ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു റിയലിസ്റ്റിക് സിനിമയാണ് ആദി എന്നാണ് സൂചന. ആക്ഷൻ ത്രില്ലർ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി പ്രണവ് പാർക്കർ പരിശീലനം നേടിയിരുന്നു. ‘ചില കള്ളങ്ങൾ മാരകമായിരിക്കാം’ എന്ന ടാഗ്ലൈനോട് കൂടിയാണ് ആദി എത്തുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ്, ജഗപതി ബാബു, സിജു വിൽ‌സൺ, ഷറഫുദീൻ, അനുശ്രീ, അദിതി രവി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിദേശത്തു നിന്നുള്ള സ്റ്റണ്ട് മാസ്റ്റേഴ്സ് ആണ് പ്രണവിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close