കുറുപ്പ് ലൂസിഫറിനെ പിന്നിലാക്കി എന്ന് ദുൽഖറിന്റെ വേഫെറര്‍ പ്രൊഡക്ഷന്‍സ്..!

Advertisement

കഴിഞ്ഞ ദിവസം കേരളത്തിലും പുറത്തും റിലീസ് ചെയ്ത കുറുപ്പ് എന്ന ദുൽഖർ സൽമാൻ ചിത്രം ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിങ് നേടിക്കൊണ്ട് മുന്നേറുകയാണ്. ട്രേഡ് പണ്ഡിറ്റുകൾ പുറത്തു വിടുന്ന കണക്കു പ്രകാരം ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ 2300 നു മുകളിൽ ഷോകൾ കളിക്കുകയും നാലര കോടിക്ക് മുകളിൽ കളക്ഷൻ നേടുകയും ചെയ്തു. ആഗോള കളക്ഷൻ ആയി ഈ ചിത്രം 13 -14 കോടിയാണ് നേടിയത് എന്ന് ട്രാക്കേഴ്സ് അപ്‌ഡേറ്റ് ചെയ്യുന്നു. എന്നാൽ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിൽ ഉള്ള വേഫെറര്‍ പ്രൊഡക്ഷന്‍സ് അവകാശപ്പെടുന്നത് ഈ ചിത്രം ആദ്യ കളക്ഷനിൽ മോഹൻലാലിന്റെ ബ്രഹ്മാണ്ഡ ഹിറ്റായ ലൂസിഫറിന്റെ ആദ്യ ദിന കളക്ഷൻ ഭേദിച്ചു എന്നാണ്. കേരളത്തിൽ നിന്ന് മാത്രം കുറുപ്പ് ആറു കോടിയിൽ കൂടുതൽ ആദ്യ ദിനം നേടി എന്നാണ് ദി ക്യൂ ചാനലിനോട് വേഫയര്‍ പ്രൊഡക്ഷന്‍സിന്റെ ചീഫ് ഓപ്പറേഷന്‍ ഓഫീസര്‍ ജയശങ്കര്‍ പറഞ്ഞത്. നിലവിൽ മലയാളത്തിലെ ആദ്യ ദിന റെക്കോർഡ് മോഹൻലാലിൻറെ തന്നെ ഒടിയൻ ആണ് കൈവശം വെച്ചിരിക്കുന്നത്.

ആദ്യ ദിനം ഏഴു കോടി ഇരുപതു ലക്ഷം രൂപ കേരളാ ഗ്രോസ് നേടിയ ഒടിയൻ ആഗോള ഗ്രോസ് ആയി നേടിയത് 18 കോടിക്ക് മുകളിൽ ആണ്. ലൂസിഫർ എന്ന ചിത്രം ആദ്യ ദിനം കേരളത്തിൽ നിന്ന് ആറര കോടിക്ക് മുകളിൽ നേടിയപ്പോൾ ആഗോള കളക്ഷൻ ആയി നേടിയത് പതിനാലു കോടിക്ക് മുകളിൽ ആണ്. കുറുപ്പ് ഈ കളക്ഷൻ മറികടന്നിട്ടുണ്ടെകിലും ഇല്ലെങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണ് ഈ ചിത്രം നേടിയിരിക്കുന്നത്. മലയാളത്തിൽ ഇന്ന് മോഹൻലാൽ കഴിഞ്ഞാൽ ഉള്ള ഏറ്റവും വലിയ ക്രൗഡ് പുള്ളർ താൻ ആണെന്നും ദുൽഖർ കാണിച്ചു തന്നു. നിലവിൽ മലയാളത്തിലെ ഒട്ടുമിക്ക ബോക്സ് ഓഫീസ് റെക്കോർഡുകളും മോഹൻലാലിന്റെ പേരിലാണ്. മലയാളത്തിൽ ആകെയുള്ള രണ്ടു നൂറു കോടി ഗ്രോസ് ചിത്രങ്ങൾ, ഏറ്റവും കൂടുതൽ അമ്പതു കോടി ഗ്രോസ് ചിത്രങ്ങൾ, ഏറ്റവും കൂടുതൽ ഇൻഡസ്ട്രി ഹിറ്റ്, ആദ്യ ദിന കളക്ഷൻ, ഏറ്റവും കൂടുതൽ ഇയർ ടോപ്പറുകൾ തുടങ്ങി എല്ലാം മോഹൻലാൽ ചിത്രങ്ങൾ കയ്യാളുന്ന റെക്കോർഡുകൾ ആണ്. ഇപ്പോൾ ദുൽഖർ അതിലെ ആദ്യ ദിന റെക്കോർഡിന് ഭീഷണി ഉയർത്തുന്ന ആദ്യ മലയാള താരമാവാനുള്ള തയ്യാറെടുപ്പിലാണ്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close