‘നാ ഒരു കഥ സോല്ലട്ടുമാ’; വിക്രം വേദയുടെ ഒന്നാം വാർഷികം…

Advertisement

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ തമിഴ് ചിത്രങ്ങളിൽ ഏറെ ശ്രദ്ധയമായ ചിത്രമായിരുന്നു ‘വിക്രം വേദ’. മാധവൻ, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുഷ്‌കർ- ഗായത്രി എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭാര്യയും ഭർത്താവും ചേർന്ന് സംവിധാനം ചെയ്യുന്ന ഏഷ്യയിലെ തന്നെ ഏക ദമ്പതികളാണ് ഇവർ. തമിഴിൽ ഇവരുടെ മൂന്നാമത്തെ ചിത്രമാണ് ‘വിക്രം വേദ’. ശ്രദ്ധ ശ്രീനാഥ്, വരലക്ഷമി ശരത്ത് കുമാർ എന്നിവരാണ് നായികമാരായി വേഷമിട്ടത്. ആക്ഷൻ ത്രില്ലർ ജേണറിൽ പുറത്തിറങ്ങിയ ചിത്രം കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. തമിഴ് സിനിമയിൽ മാധവന്റെ അതിശക്തമായ തിരിച്ചു വരവിന് വിക്രം വേദ വഴിയൊരുക്കി. വിജയ് സേതുപതിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്നായിരുന്നു പ്രേക്ഷകർ ഒന്നടങ്കം വിലയിരുത്തിയത്. തമിഴ് സിനിമകളിൽ ഇതുവരെ കാണാത്ത ഒരു അവതരണമായിരുന്നു ചിത്രത്തിന്റെ മാറ്റ് കൂട്ടിയത്.

വിക്രം വേദ എന്ന ചിത്രം പുറത്തിറങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം ഉടനെ തന്നെ ഹിന്ദിയിൽ അതേ ടൈറ്റിലിൽ ഡബ്ബ് ചെയ്ത് ഇറക്കിയിരുന്നു. വിക്രം എന്ന പൊലീസ് ഉദ്യോഗസ്ഥനായി മാധവനും വേദ എന്ന ഗ്യാങ്സ്റ്ററായുമാണ് വിജയ് സേതുപതി ചിത്രത്തിൽ വേഷമിടുന്നത്. വേദ പറയുന്ന 3 കഥകളാണ് ചിത്രത്തിന്റെ പ്രേമയം. ‘നാ ഒരു കഥ സൊല്ലട്ടുമാ സാർ’ എന്ന ഡയലോഗ് ഇന്നും ട്രെൻഡിങ് തന്നെയാണ്. വിക്രം വേദ നാല് ഫിലിംഫെയർ അവാർഡുകളും, നോർവേ തമിഴ് ഫിലിം ഫെസ്റ്റിവൽ അവാർഡും കരസ്ഥമാക്കിയിരുന്നു. പ്രേം, കതിർ, ഹരീഷ് പേരാടി, രാജ് കുമാർ, വിവേക് പ്രസന്ന തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു. സാം സി. എസാണ് വിക്രം വേദക്ക് വേണ്ടി സംഗീതം ഒരുക്കിയിരുന്നത്. പി.എസ് വിനോദാണ് ഛായാഗ്രഹണം നിർവഹിച്ചിരുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് റിച്ചാർഡ് കെവിനായിരുന്നു. വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറിൽ എസ്. ശശികാന്താണ് ചിത്രം നിർമ്മിച്ചത്. വിക്രം വേദയുടെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ റിലൈൻസ് എന്റർടൈന്മെന്റ്സ് സ്വന്തമാക്കിയെന്ന് സൂചനകളുണ്ട്. വിക്രമായി മാധവനും വേദയായി ഷാരുഖ് ഖാനും വേഷമിടും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close