ബാഹുബലി സീരിസിനും ആർ ആർ ആർ നും ശേഷം വീണ്ടും ബ്രഹ്മാണ്ഡ ചിത്രവുമായി വി വിജയേന്ദ്ര പ്രസാദ്

Advertisement

ബാഹുബലി സീരിസിനും ആർ ആർ ആർ എന്ന ചിത്രത്തിനും ശേഷം വീണ്ടും ഒരു ബ്രഹ്മാണ്ഡ ചിത്രം തെലുങ്ക് നാട്ടിൽ നിന്നൊരുങ്ങുകയാണ്. ഇത്തവണ ആ വമ്പൻ ചിത്രവുമായി എത്തുന്നത് എസ് എസ് രാജമൗലിയുടെ ശിഷ്യനായ അശ്വിൻ ഗംഗരാജുവാണ്. ബങ്കിം ചന്ദ്ര ചതോപാധ്യായ്‍യുടെ വിഖ്യാത നോവൽ ആനന്ദമഠ്, 1770 എന്ന പേരിൽ ഒരു മെഗാ ബഡ്ജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുകയാണ് അശ്വിൻ ഗംഗരാജു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ബംഗാളി ഭാഷകളിലാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ടൈറ്റിൽ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്യുകയും വലിയ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. രാജമൗലിയുടെ അച്ഛനും തെലുങ്കിലെ പ്രശസ്ത തിരക്കഥാകൃത്തുമായ വി വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ ക്രിയേറ്റിവ് ഡിറക്ടറായി ജോലി ചെയ്യുന്നത് റാം കമൽ മുഖർജിയാണ്.

ബാഹുബലി സീരിസ്, ആർ ആർ ആർ എന്നിവയും രചിച്ചത് വി വിജയേന്ദ്ര പ്രസാദായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം നടന്ന സന്യാസി കലാപത്തിൻറെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട ആനന്ദമഠ്, ബംഗാളി സാഹിത്യത്തിലെയും ഇന്ത്യൻ സാഹിത്യത്തിലെ തന്നെയും ഒരു പ്രധാനകൃതിയാണ്. എസ് എസ് 1 എന്റർടെയ്ൻമെന്റ്, പി കെ എന്റർടൈൻമെന്റ് എന്നീ ബാനറുകളിൽ ശൈലേന്ദ്ര കെ കുമാർ, സുജയ് കുട്ടി, കൃഷ്ണ കുമാർ ബി, സൂരജ് ശർമ്മ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ പ്രധാന നായകനെ വരുന്ന ദസറക്കു മുൻപേ തീരുമാനിക്കുമെന്നും, ദീപാവലിക്ക് മുൻപ് മറ്റു താരങ്ങൾ ആരൊക്കെയാണെന്നുമറിയിക്കുമെന്നും അണിയറ പ്രവർത്തകർ വെളിപ്പെടുത്തി. ഈച്ച, ബാഹുബലി 1 എന്നീ ചിത്രങ്ങളിൽ രാജമൌലിയുടെ അസിസ്റ്റൻറും ബാഹുബലി 2ന്റെ അസോസിയേറ്റുമായിരുന്നു ഈ ചിത്രത്തിന്റെ സംവിധായകനായ അശ്വിൻ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close