ക്രിക്കറ്റും അഭിനയവും കൂടാതെ പുത്തൻ റോളിൽ ശ്രീശാന്ത്; അരങ്ങേറ്റം ബോളിവുഡിൽ..!

Advertisement

ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ് ടീമിൽ വളരെ കുറച്ചു മലയാളികൾ മാത്രമേ ഇത്രയും വർഷത്തെ ക്രിക്കറ്റ് ചരിത്രത്തിൽ കളിച്ചിട്ടുള്ളു. അതിൽ ഏറ്റവും പ്രശസ്‌തനായ വ്യക്തിയാണ് എസ് ശ്രീശാന്ത്. ഇന്ത്യക്കു വേണ്ടി ലോകകപ്പ് നേടിയ ട്വന്റി ട്വന്റി ടീമിലും ഏകദിന ടീമിലും അംഗമായ ശ്രീശാന്ത് ആ രണ്ടു ലോക കപ്പിന്റെയും ഫൈനലിലും ഇന്ത്യൻ ജേഴ്സിയണിഞ്ഞ താരമെന്ന ബഹുമതിയും നേടിയ കളിക്കാരനാണ്. ഇന്ത്യക്കു വേണ്ടി, ഏകദിനം, ടെസ്റ്റ്, ട്വന്റി ട്വന്റി മത്സരങ്ങളിലും അതിനു ശേഷം ഐപിഎല്ലിലും തിളങ്ങിയ ശ്രീശാന്ത്, ക്രിക്കറ്റ് കളി നിർത്തിയതിനു ശേഷം സിനിമയിലാണ് സജീവമായത്. നായകനായും നെഗറ്റീവ് വേഷത്തിലുമെല്ലാം പല ഭാഷകളിലെ ചിത്രങ്ങളിൽ തിളങ്ങിയ ശ്രീശാന്ത് റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധ നേടി. ഇപ്പോഴിതാ ഒരു പുതിയ റോളിൽ കൂടിയെത്തുകയാണ് ഈ താരം.

അഭിനയവും ഡാന്‍സ് നമ്പറുകളുമായി ബിഗ്സ്‌ക്രീനിലും മിനി സ്‌ക്രീനിലും കയ്യടി നേടിയ അദ്ദേഹമിനിയെത്തുന്നത് ഗായകനായാണ്. എന്‍എന്‍ജി ഫിലിംസിനു വേണ്ടി നിരുപ് ഗുപ്ത നിര്‍മിച്ച്, പാലൂരാന്‍ സംവിധാനം ചെയ്യുന്ന ഐറ്റം നമ്പര്‍ വണ്‍ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ശ്രീശാന്ത് ഗായകനായുള്ള തന്റെ അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തിലെ ഒരു നിർണ്ണായകമായ വേഷവും ശ്രീശാന്ത് ചെയ്യുന്നുണ്ട്. ഡാൻസിന് പ്രാധാന്യമുള്ള ഒരു എന്റർടൈനറായാണ് ഈ ചിത്രമൊരുക്കുന്നതെന്നും, തന്റെ കഥാപാത്രമൊരു കോമഡി ടച്ചുള്ള കഥാപാത്രമാണെന്നും ശ്രീശാന്ത് പറയുന്നു. ആളുകള്‍ ഇഷ്ടപ്പെടുന്ന, വൈറലാകാന്‍ സാധ്യതയുള്ള പാട്ടാണ് താനിതിൽ പാടിയതെന്നും ശ്രീശാന്ത് പറഞ്ഞു. സജീവ് മംഗലത്താണ് ഈ ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. ഐറ്റം നമ്പര്‍ വണ്ണിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശത്തുമായി ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close