രഞ്ജി പണിക്കർ വരുന്നു: മൂന്നു ബിഗ് ബജറ്റ് ചിത്രങ്ങളുമായി..

Advertisement

പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ രഞ്ജി പണിക്കർ ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളുമാണ്. ഒരു നടനെന്ന നിലയിൽ ഇതിനോടകം തന്നെ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞ അദ്ദേഹത്തെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്. ഇതിനിടയിൽ പഴയ പോലെ എഴുതാനും സംവിധാനം ചെയ്യാനുമുള്ള സമയം അദ്ദേഹത്തിന് കിട്ടുന്നില്ല എന്നതാണ് വാസ്തവം. അദ്ദേഹത്തിൽ നിന്ന് പണ്ടത്തെ പോലത്തെ തീപ്പൊരി രചനകളും സിനിമകളും മലയാള സിനിമാ പ്രേമികൾ ആഗ്രഹിക്കുന്നുണ്ട് എന്നതും സത്യമാണ്. ഇപ്പോൾ തന്റെ ആരാധകരുടെയും മലയാള സിനിമ പ്രേമികളുടെയും ആ പരാതി തീർക്കാൻ രഞ്ജി പണിക്കർ വീണ്ടും തൂലികയെടുത്തു കഴിഞ്ഞു. മൂന്നു ബിഗ് ബജറ്റ് മാസ്സ് ചിത്രങ്ങളുമായാണ് രഞ്ജി പണിക്കർ തന്റെ തിരിച്ചു വരവും ഗംഭീരമാക്കാൻ ഒരുങ്ങുന്നത്.

Advertisement

ഇതിൽ ആദ്യ ചിത്രം സുരേഷ് ഗോപി നായകനായി രഞ്ജി പണിക്കരുടെ മകൻ സംവിധാനം ചെയ്യുന്ന ലേലം 2 എന്ന ചിത്രമാണ്. കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ കഴിഞ്ഞ വർഷം അരങ്ങേറിയ നിതിൻ രഞ്ജി പണിക്കർക്കു വേണ്ടിയാണു രഞ്ജി പണിക്കരുടെ ഇനി വരുന്ന ആദ്യ തിരക്കഥ. വർഷങ്ങൾക്കു മുൻപ് രഞ്ജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. ഈ വർഷം അവസാനത്തോടെ ലേലം 2 ന്റെ ചിത്രീകരണം ആരംഭിക്കാനാണ് പരിപാടി.

അതിനു ശേഷം രഞ്ജി പണിക്കർ എഴുതുന്നത് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിന് വേണ്ടിയാണു. ആദ്യമായാണ് മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടിന് വേണ്ടി രഞ്ജി പണിക്കർ തിരക്കഥയൊരുക്കുന്നത്. ഷാജി കൈലാസുമൊത്തും മോഹൻലാലുമൊത്തും ഇതിനു മുൻപേ രഞ്ജി പണിക്കർ തിരക്കഥാകൃത്തായി ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇവർ രണ്ടുപേരും ഒരുമിച്ചു ചെയ്യുന്ന ഒരു ചിത്രത്തിന് വേണ്ടി ആദ്യമായാണ് രഞ്ജി പണിക്കർ എഴുതുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ആദ്യം ആരംഭിക്കാനാണ് പ്ലാൻ. ഒരു വമ്പൻ ചിത്രമാണ് അതിനു ശേഷം രഞ്ജി പണിക്കർ എഴുതുക.

പ്രിത്വി രാജ് നായകനായി എത്തുന്ന വിജി തമ്പി സംവിധാനം ചെയ്യുന്ന ഈ ചിത്രം, വേലു തമ്പി ദളവയുടെ ജീവിത കഥയെ ആസ്പദമാക്കി നിർമ്മിക്കുന്ന ഒരു ചരിത്ര സിനിമയാണ്. 2019 ഇൽ ആണ് ഈ ചിത്രം ആരംഭിക്കു. ഇതിനിടയിൽ സുരേഷ് ഗോപിയെ നായകനാക്കി ഭാരത് ചന്ദ്രൻ ഐ പി എസ് 2 സംവിധാനം ചെയ്യാനും രഞ്ജി പണിക്കർക്ക് പ്ലാൻ ഉണ്ടെന്നറിയുന്നു. ലിബർട്ടി ബഷീർ ആയിരിക്കും ഈ ചിത്രം നിർമ്മിക്കുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close