ബ്രോ ഡാഡിയിൽ മോഹൻലാൽ- പൃഥ്വിരാജ് ടീം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഇവ; രഹസ്യം പുറത്തു

Advertisement

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിനൊപ്പം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ അതിന്റെ അവസാന ഘട്ടത്തിലാണ്. ഹൈദരാബാദിലാണ് ഈ ചിത്രം ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നതു.മോഹൻലാൽ, പൃഥ്വിരാജ് എന്നിവരെ കൂടാതെ കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, സൗബിൻ ഷാഹിർ, ജഗദീഷ്, കനിഹ, ഉണ്ണി മുകുന്ദൻ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ രഹസ്യം പുറത്തായി എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകൻ ആയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് വാർത്തകൾ വരുന്നത്. പിങ്ക് വില്ല എന്ന ഓൺലൈൻ മാധ്യമത്തിന് നടൻ ജഗദീഷ് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം പുറത്തു പറഞ്ഞത് എന്നും വാർത്തകൾ വരുന്നുണ്ട്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നതെന്നും മൂന്നു സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നതെന്നും ജഗദീഷ് പറയുന്നു. ഒരു കംപ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നത്.  നവാഗതരായ  ശ്രീജിത്ത്, ബിബിൻ എന്നിവർ ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ദീപക് ദേവും കാമറ ചലിപ്പിക്കുന്നത് അഭിനന്ദം രാമാനുജനും ആണ്. ബ്രോ ഡാഡി കൂടാതെ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ, ലൂസിഫർ പാർട്ട് 3 എന്നിവയും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിൽ അണിയറയിൽ ഒരുങ്ങുന്ന, ഇനി വരാനുള്ള ചിത്രങ്ങളാണ്. 

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close