സംഗീതത്തിന്റെ രാജകുമാരൻ ബാലഭാസ്കറിന് വിട; വിങ്ങുന്ന മനസ്സുമായി സംഗീത ലോകം..!

Advertisement

പ്രശസ്ത സംഗീത സംവിധായകനും ലോക പ്രശസ്ത വയലിനിസ്റ്റുമായിരുന്ന ബാലഭാസ്കർ അന്തരിച്ചു. കുറച്ചു ദിവസങ്ങൾക്കു മുൻപ് തിരുവനന്തപുരത്തു വെച്ച് ഉണ്ടായ കാർ ആക്‌സിഡന്റിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അപകടത്തിൽ ബാലഭാസ്കറിന്റെ കുഞ്ഞു മകൾ തേജസ്വിനി ബാല മരിച്ചു പോയിരുന്നു. ഭാര്യ ലക്ഷ്മിയാവട്ടെ ഇപ്പോഴും സാരമായ പരിക്കുകളോടെ ചികിത്സയിൽ ആണ്. ഇന്ന് പുലർച്ചെ ഏകദേശം ഒരുമണിയോടെയാണ് ബാലഭാസ്കറിന് ഹൃദയാഘാതം ഉണ്ടാകുന്നതും അന്തരിക്കുന്നതും. പോസ്റ്റ്മോർട്ടം ചെയ്തതിനു ശേഷം നാളെ പൂജപ്പുരയിൽ ഉള്ള സ്വന്തം വീട്ടിൽ ശവ സംസ്കാരം നടത്തും.

സംഗീത സംവിധായകനായി വളരെ ചെറിയ പ്രായത്തിലേ മലയാള സിനിമയിൽ അരങ്ങേറിയ ബാലഭാസ്കർ പിന്നീട് ആൽബങ്ങളിലൂടെയും സംഗീത കച്ചേരികളിലൂടെയും ഫ്യുഷൻ സംഗീതത്തിന്റെ പുത്തൻ ലോകമാണ് തന്റെ വയലിനിലൂടെ സൃഷ്ടിച്ചത്. ഏവർക്കും ഇഷ്ടമായിരുന്ന വ്യക്തിത്വം ബാലഭാസ്കറിനെ എല്ലാവരുടേയും പ്രീയപെട്ടവനാക്കി മാറ്റി. വിരലുകൾ കൊണ്ട് വയലിനിൽ വിസ്മയം വിരിയിച്ച ഈ മഹാപ്രതിഭ ഇപ്പോൾ നമ്മളെ വിട്ടു പിരിയുമ്പോൾ വിങ്ങുന്ന മനസ്സോടെ തങ്ങളുടെ സഹോദരന് യാത്ര പറയുകയാണ് സംഗീത ലോകവും സിനിമാ ലോകവുമെല്ലാം. മോഹൻലാൽ ഉൾപ്പെടെയുള്ള പ്രമുഖർ ബാലഭാസ്കറിന് ആദരാഞ്ജലി അർപ്പിച്ചു എത്തി കഴിഞ്ഞു.

Advertisement

മംഗല്യ പല്ലക്ക് എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചു കൊണ്ടാണ് ബാലഭാസ്കർ മലയാള സിനിമയിൽ അരങ്ങേറിയത്. പിന്നീട് ഈസ്റ്റ് കോസ്റ്റിന്റെ നിനക്കായ്, ഓർമ്മക്കായി എന്ന പ്രണയ ആൽബങ്ങളിലൂടെ ഈ പ്രതിഭ ജനമനസ്സുകളിൽ എത്തി. സൂര്യ ടിവിയിലൂടെ മലയാളത്തിലെ ആദ്യ മ്യൂസിക് വീഡിയോ അവതരിപ്പിച്ചതും ബാലഭാസ്കർ ആയിരുന്നു. തിരുവനന്തപുരത്തു ജനിച്ചു പഠിച്ചു വളർന്ന ബാലഭാസ്കറിന്റെ സംഗീതത്തിലെ ഗുരു, സ്വന്തം അമ്മയുടെ സഹോദരൻ കൂടിയായ ബി ശശികുമാർ ആയിരുന്നു. ബാലഭാസ്കറിന്റെ മരണത്തോടെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു വയലിൻ സംഗീതജ്ഞൻ ആണ് ഇല്ലാതെയായിരിക്കുന്നതു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close