ഫഹദ് ഫാസിലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ പുതിയ ചിത്രമായ ഞാൻ പ്രകാശന്റെ പുതിയ പോസ്റ്റർ എത്തി. ഒരിക്കൽ കൂടി മോഹൻലാലിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ഫഹദ് ഫാസിലിനെ സത്യൻ അന്തിക്കാട് അവതരിപ്പിക്കുന്ന ഒരു പോസ്റ്റർ ആണ് വന്നിരിക്കുന്നത്. വരവേൽപ്പ് എന്ന സൂപ്പർ ഹിറ്റ് മോഹൻലാൽ- ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ചിത്രത്തിലെ മോഹൻലാൽ കഥാപാത്രത്തിന്റെ ഇൻട്രൊഡക്ഷൻ സീനിനെ അനുസ്മരിപ്പിക്കുന്ന ഒരു പോസ്റ്റർ ആണ് ഇപ്പോൾ ഞാൻ പ്രകാശൻ ടീം പുറത്തു വിട്ടിരിക്കുന്നത്. വരവേൽപ്പിലെ മോഹൻലാലിനെ പോലെ ഒരു തെങ്ങിൽ അള്ളിപ്പിടിച്ചു ഇരിക്കുന്ന ഫഹദിനെ കാണാവുന്ന ഈ പോസ്റ്റർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി കഴിഞ്ഞു.

Njan Prakashan Malayalam Movie New Poster
വർഷങ്ങൾക്കു ശേഷം സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീം ഒന്നിച്ച ചിത്രമാണ് ഞാൻ പ്രകാശൻ. ഈ ചിത്രത്തിന്റെ ആദ്യ ടീസറും മികച്ച അഭിപ്രായം നേടിയെടുത്തിരുന്നു. മാത്രമല്ല, ആ ടീസറിലെ ഫഹദ് ഫാസിലിന്റെ നാച്ചുറൽ ആയ പ്രകടനവും പഴയ മോഹൻലാൽ കഥാപാത്രങ്ങളുടെ ഓർമയാണ് മലയാളികൾക്ക് സമ്മാനിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ അഭിപ്രായപ്പെട്ടത്. ശ്രീനിവാസൻ തിരക്കഥ രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഫുൾ മൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാട് ആണ്. നിഖില വിമൽ ആണ് ഈ ചിത്രത്തിലെ നായികാ വേഷം അവതരിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസനും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം വരുന്ന ഡിസംബർ 21 നു റിലീസ് ചെയ്യും. വരത്തൻ എന്ന സൂപ്പർ ഹിറ്റ് അമൽ നീരദ് ചിത്രത്തിന് ശേഷം തീയേറ്ററുകളിൽ എത്താൻ പോകുന്ന ഫഹദ് ചിത്രമാണ് ഞാൻ പ്രകാശൻ. എസ് കുമാർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഷാൻ റഹ്മാൻ ആണ്.