നരസിംഹത്തിന്റെ പതിനെട്ടാം വാർഷികത്തിൽ പുതിയ ഷാജി കൈലാസ്- മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തുന്നു..!

Advertisement

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് രണ്ടായിരാമാണ്ടിൽ പുറത്തിറങ്ങിയ നരസിംഹം എന്ന ചിത്രം. അതുവരെയുള്ള മലയാള സിനിമയിലെ എല്ലാ കളക്ഷൻ റെക്കോർഡുകളും പഴങ്കഥയാക്കിയ ഈ ചിത്രം പിറന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ഷാജി കൈലാസ് – മോഹൻലാൽ കൂട്ടുകെട്ടിൽ നിന്നാണ്. ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോർട്ടുകൾ ആണ് ഇന്ന് മലയാള സിനിമാ പ്രേമികളെ ത്രസിപ്പിക്കുന്നത്. വരുന്ന ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങുമെന്ന് വിചാരിക്കപ്പെടുന്ന ഈ പ്രൊജക്റ്റ് അടുത്ത വർഷം ജനുവരി 26 നു പ്രദർശനത്തിനെത്തിക്കാൻ പാകത്തിനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നതെന്നാണ് വിവരം ലഭിക്കുന്നത്.

രണ്ടായിരാമാണ്ടു ജനുവരി 26 നു ആണ് നരസിംഹം പ്രദർശനം ആരംഭിച്ചത്. അതിന്റെ പതിനെട്ടാം വാർഷിക ദിനത്തിൽ തന്നെ ഈ പുതിയ ചിത്രവും പ്രദർശനമാരംഭിച്ചാൽ അത് കാലം കാത്തു വെച്ച മറ്റൊരു കൗതുകമാവും.

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാലും- ഷാജി കൈലാസും ആദ്യമായി ഒന്നിച്ച ആറാം തമ്പുരാൻ എന്ന ചിത്രം ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു. 1997 ഇൽ പുറത്തിറങ്ങിയ ആറാം തമ്പുരാന് ശേഷം അവർ ഒന്നിച്ചത് 2000 ഇൽ നരസിംഹത്തിലൂടെ ആയിരുന്നു. ആ ചിത്രവും ഇൻഡസ്ട്രി ഹിറ്റ് ആയതോടെ തുടർച്ചയായി 3 ഇൻഡസ്ട്രി ഹിറ്റുകൾ സമ്മാനിച്ച് കൊണ്ട് മോഹൻലാൽ തിളങ്ങിയപ്പോൾ , മോഹൻലാലുമായി ചേർന്ന് തുടർച്ചയായി 2 ഇൻഡസ്ട്രി ഹിറ്റുകൾ ഷാജി കൈലാസും സമ്മാനിച്ചു.

നരസിംഹത്തിലൂടെയാണ് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ മോഹൻലാലിനെ വെച്ച് ചിത്രം നിർമ്മിക്കാനാരംഭിച്ചതു. ആറാം തമ്പുരാൻ, നരസിംഹം എന്നീ മോഹൻലാൽ- ഷാജി കൈലാസ് ചിത്രങ്ങൾ രചിച്ചത് രഞ്ജിത് ആണെങ്കിൽ, പുതുതായി വരാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് രഞ്ജി പണിക്കർ ആണ്.

ഷാജി കൈലാസും -രഞ്ജി പണിക്കറും ചേർന്ന് ഒരുപിടി സൂപ്പർ ഹിറ്റുകൾ മലയാള സിനിമയിൽ സമ്മാനിച്ചിട്ടുണ്ടെങ്കിലും ഇവർ രണ്ടു പേരും ചേർന്ന് മോഹൻലാലിനായി ഒരു ചിത്രമൊരുക്കുന്നത് ആദ്യമായി ആണെന്ന പ്രത്യേകതയും എടുത്തു പറയേണ്ടതാണ്. മോഹൻലാലിന് വേണ്ടി ജോഷിയുടെ സംവിധാനത്തിൽ പ്രജ എന്ന ചിത്രമാണ് രഞ്ജി പണിക്കർ ഇതിനു മുൻപേ രചിച്ചിട്ടുള്ളത്.

ഷാജി കൈലാസിന് വേണ്ടി തലസ്ഥാനം, കമ്മിഷണർ, ഏകലവ്യൻ , ദി കിംഗ് തുടങ്ങിയ ചിത്രങ്ങളും രഞ്ജി പണിക്കർ എഴുതിയിട്ടുണ്ട്.

മോഹൻലാൽ ഇപ്പോൾ ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിൽ അഭിനയിക്കുകയാണ്. അതിനു ശേഷം ആശിർവാദ് തന്നെ നിർമ്മിക്കുന്ന ചിത്രമായ ഒടിയൻ ആയിരിക്കും മോഹൻലാൽ ചെയ്യുന്ന ചിത്രം.

വി എ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ഒടിയന്റെ ആദ്യ ഷെഡ്യൂൾ തീർത്തതിന് ശേഷമായിരിക്കും ഷാജി കൈലാസ്- രഞ്ജി പണിക്കർ ചിത്രം മോഹൻലാൽ തുടങ്ങുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് മൂന്നും കൂടാതെ പ്രണവ് മോഹൻലാൽ- നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ആദിയും ആശിർവാദ് സിനിമാസ് നിർമ്മിക്കുന്നുണ്ട്. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ആയിരിക്കും ഒരു പ്രൊഡക്ഷൻ ബാനർ ഇത്ര തുടർച്ചയായി വലിയ ചിത്രങ്ങൾ നിർമ്മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close