കൊച്ചിയിലെ കളക്ഷൻ സെന്ററിൽ സാധനങ്ങളുമായി നേരിട്ടെത്തി മോഹൻലാൽ; പ്രളയ ബാധിതർക്കായുള്ള സഹായങ്ങൾ തുടരുന്നു..!

Advertisement

കേരളത്തിൽ ഉണ്ടായ പ്രളയ ദുരിതാശ്വാസങ്ങളുടെ ഭാഗമായി ഏറ്റവും സജീവമായി പ്രവർത്തിക്കുന്ന മലയാള സിനിമാ താരമാണ് മോഹൻലാൽ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയതിന് പുറമെ തന്റെ വിശ്വ ശാന്തി ഫൗണ്ടേഷൻ വഴി വയനാട്ടിലെ 2000 കുടുംബങ്ങൾക്ക് മോഹൻലാൽ ഒരാഴ്ചത്തേക്കുള്ള അവശ്യ സാധനങ്ങളും എത്തിച്ചിരുന്നു. ഇത് കൂടാതെ കേരളത്തിലെ തന്റെ ഫാൻസ്‌ അസോസിയേഷനുകൾ വഴി ഏകദേശം 25 ലക്ഷം രൂപയുടെ സാധനങ്ങളും ഗൾഫിലെ തന്റെ ഫാൻസ്‌ കൂട്ടായ്മയായ ലാൽ കെയെർസ് വഴി 2 കോടി രൂപയിൽ പരം വില വരുന്ന സാധന സാമഗ്രികളും മോഹൻലാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിച്ചു. ഇപ്പോഴിതാ വിശ്വ ശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടമായി കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ ഉള്ള കളക്ഷൻ സെന്ററിൽ നേരിട്ടെത്തിയാണ് മോഹൻലാൽ സാധനങ്ങൾ കൈമാറിയത്.

കൊച്ചിയോടൊപ്പം, പ്രളയം ഏറെ നാശം വിതച്ച പത്തനംതിട്ട, ആറന്മുള, അയിരൂർ , നെടുമുടി എന്നിവിടങ്ങളിലും മോഹൻലാൽ സാധനങ്ങൾ എത്തിച്ചു കൊടുത്തിട്ടുണ്ട്. മൂന്നാം ഘട്ടമായി ആണ് വിശ്വ ശാന്തി പ്രവർത്തകർ ഗൾഫിൽ നിന്ന് ശേഖരിച്ച വസ്തുക്കൾ വിതരണം ചെയ്യുന്നത്.ഗൾഫിൽ നിന്ന് അവർ അയക്കുന്ന സാധനങ്ങൾ ട്രിവാൻഡ്രം വിമാന താവളത്തിൽ ആണ് എത്തുക. ഇത് കൂടാതെ കുട്ടനാട്ടിലേക്കു നേരത്തെ ആറു ലക്ഷം രൂപയും അതുപോലെ എം സി ആറുമായി ചേർന്ന് 30 ലക്ഷം രൂപയുടെ വസ്ത്രങ്ങളും മോഹൻലാൽ എത്തിച്ചിരുന്നു. മോഹൻലാൽ ആരാധകരായ ഡോക്ടർമാരുടെ കൂട്ടായ്മയായ നിർണ്ണയം മെഡിക്കോസ് വഴി പ്രളയ ബാധിതർക്ക് സൗജന്യ ചികിത്സയും അദ്ദേഹം ലഭ്യമാക്കിയിരുന്നു. ഏതായാലും പ്രളയ ബാധിതർക്കായുള്ള സഹായങ്ങൾ ഇനിയും തുടരുമെന്നും മോഹൻലാൽ വ്യക്തമാക്കി.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close