മരക്കാരും ആറാട്ടും തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും; വ്യക്തമാക്കി തീയേറ്റർ സംഘടന..!

Advertisement

സംസ്ഥാനത്തെ തീയേറ്ററുകൾ എല്ലാം തന്നെ ഈ മാസം 25 നു തന്നെ തുറക്കുമെന്നും അതിനു മുൻപ് 22 നു തീയേറ്റർ ഉടമകൾ സർക്കാരുമായി ചർച്ച നടത്തുമെന്നും കേരളത്തിലെ തീയേറ്റർ സംഘടനകളുടെ സംയുക്ത യോഗം കൂടി അവർ അറിയിച്ചു. മോഹൻലാൽ ചിത്രങ്ങളായ മരക്കാർ അറബിക്കടലിന്റെ സിംഹം, ആറാട്ട് എന്നിവ തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്നും അവർ വ്യക്തമാക്കി. കൊച്ചിയിൽ വെച്ചാണ് തീയേറ്റർ ഉടമകളുടെ സംയുക്ത സംഘടനകളുടെ യോഗം നടന്നത്. 22 നു നടക്കുന്ന ചർച്ചയിൽ സർക്കാരിന്റെ മുന്നിൽ വെച്ചിരിക്കുന്ന ആവശ്യങ്ങളുടെ കാര്യത്തിൽ അനുകൂല നിലപട് ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അവർ അറിയിച്ചു. മൾട്ടിപ്ലക്സുകൾ ഉൾപ്പെടയുള്ള എല്ലാ സ്‌ക്രീനുകളും ഇരുപത്തിയഞ്ചിന് തന്നെ തുറക്കുമെന്നും, തീയേറ്ററുകളുടെ കയ്യിൽ നിന്ന് മുൻകൂറായി പണം വാങ്ങിയിട്ടുള്ള എല്ലാ ചിത്രങ്ങളും തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും അവർ അറിയിച്ചു.

മരക്കാർ, ആറാട്ട് തുടങ്ങിയ മോഹൻലാൽ ചിത്രങ്ങൾക്കായി ജനങ്ങൾ കാത്തിരിക്കുകയാണ് എന്നും അവ തീയേറ്ററിൽ കാണേണ്ട ചിത്രങ്ങളാണെന്നും തീയേറ്റർ സംഘടനയുടെ ഭാരവാഹികൾ പറയുന്നു. ആ ചിത്രങ്ങളുടെ നിർമ്മാതാക്കളുമായും മോഹൻലാലുമായും തങ്ങൾ സംസാരിച്ചിട്ടുണ്ടെന്നും ആ ചിത്രങ്ങൾ തീയേറ്റർ റിലീസ് ആയിത്തന്നെ വരുമെന്നും സംഘടന ഭാരവാഹികൾ പറഞ്ഞു. വിതരണക്കാർക്ക് നൽകാനുള്ള പണം നൽകാതെ മൾട്ടിപ്ലക്സുകളിൽ റിലീസ് ഉണ്ടാവില്ല എന്ന് വിതരണക്കാർ പറഞ്ഞിരുന്നെങ്കിലും, ആ തീരുമാനത്തിന് മുകളിൽ പോയാണ് ഇപ്പോൾ തീയേറ്റർ ഉടമകൾ തീരുമാനം എടുത്തിരിക്കുന്നത്. സിനിമ റിലീസ് ചെയ്തു തീയേറ്ററുകൾ സജീവമായാൽ മാത്രമേ ആ കാര്യങ്ങൾ വിതരണക്കാരുമായി ചർച്ച ചെയ്യാൻ സാധിക്കു എന്നും അവർ പറഞ്ഞു. നൂറോളം സിനിമകൾ ആണ് റിലീസ് ചെയ്യാൻ റെഡി ആയി ഇരിക്കുന്നത് എന്നും മുൻഗണന അടിസ്ഥാനത്തിൽ മാത്രമാവും റിലീസ് എന്നും അവർ അറിയിച്ചു.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close