കമ്മട്ടിപ്പാടത്തിലെ ബാലൻ ചേട്ടന് ശേഷം മണികണ്ഠൻ രസിപ്പിക്കുന്നു; ബഷീറിന്റെ പ്രേമ ലേഖനത്തിലെ ഉസ്മാനായി..!

Advertisement

മണികണ്ഠൻ ആചാരി എന്ന നടൻ മലയാള സിനിമാ പ്രേക്ഷകരെ തന്റെ അരങ്ങേറ്റ ചിത്രത്തിലെ പ്രകടനം കൊണ്ട് തന്നെ ഞെട്ടിച്ച നടനാണ്. രാജീവ് രവിയൊരുക്കിയ കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷമാണ് മണികണ്ഠൻ സിനിമയിൽ അരങ്ങേറിയത്. അതിലെ ബാലൻ ചേട്ടൻ എന്ന കഥാപാത്രമായുള്ള മണികണ്ഠന്റെ ഗംഭീര പ്രകടനം ഈ നടനെ പ്രേക്ഷകരുടെ പ്രീയപെട്ടവനാക്കി. അതിനു ശേഷം നമ്മൾ മണികണ്ഠനെ അലമാര എന്ന ചിത്രത്തിലെ തമാശക്കാരനായ അമ്മാവന്റെ വേഷത്തിൽ കണ്ടു കയ്യടിച്ചു.ഇപ്പോഴിതാ പ്രേക്ഷകരെ രസിപ്പിക്കുന്ന മറ്റൊരു മികച്ച കഥാപാത്രവുമായി എത്തിയിരിക്കുകയാണ് മണികണ്ഠൻ. കഴിഞ്ഞ ദിവസം കേരളത്തിൽ പ്രദർശനമാരംഭിച്ച ബഷീറിന്റെ പ്രേമലേഖനമെന്ന ചിത്രത്തിലെ ഉസ്മാൻ എന്ന കഥാപാത്രമായി ആണ് മണികണ്ഠൻ ഇപ്പോൾ പ്രേക്ഷകരുടെ കയ്യടി നേടുന്നത്.

ചിത്രത്തിന്റെ രണ്ടാം പകുതിയിലാണ് ഉസ്മാൻ എന്ന കഥാപാത്രം തിരശീലയിലെത്തുന്നത് എങ്കിലും, മണികണ്ഠനെ സ്‌ക്രീനിൽ കാണിക്കുമ്പോൾ ഉള്ള പ്രേക്ഷക പ്രതികരണം മാത്രം മതി ഈ നടനെ മലയാളികൾ ഇന്നെത്ര മാത്രം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കാൻ.

Advertisement

വളരെ രസകരവും അതെ സമയം വൈകാരികാംശങ്ങളും നിറഞ്ഞ ഒരു കഥാപാത്രമാണ് ഉസ്മാൻ. ചിരിപ്പിക്കാനും അതെ സമയം ചില നിമിഷങ്ങളിൽ നമ്മുടെ കണ്ണ് നനയിക്കാനും ഉസ്‍മാൻ എന്ന കഥാപാത്രത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിൽ അത് മണികണ്ഠൻ എന്നയീ നടന്റെ അപാരമായ പ്രതിഭയുടെ ദൃഷ്ടാന്തമാണ്. ആദ്യം മുതലേ ഉസ്മാൻ എന്ന കഥാപാത്രത്തെ പറ്റിയുള്ള കാര്യങ്ങൾ ചിത്രത്തിൽ പറയുന്നുണ്ട് എങ്കിലും രണ്ടാം പകുതിയിലാണ് പ്രേക്ഷകർ കാത്തിരുന്ന ആ എൻട്രി ഉണ്ടാവുന്നത്.

വളരെ വ്യത്യസ്തമായ ഒരു ഗെറ്റപ്പിലാണ് മണികണ്ഠൻ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് . 1980 കളിലെ കഥയാണ് ചിത്രം പറയുന്നത്. ആ കാലഘട്ടത്തിൽ പേർഷ്യയിൽ പോയി മടങ്ങി വരുന്ന ഒരു പുത്തൻപണക്കാരന്റെ കഥാപാത്രമാണ് ഉസ്മാൻ.

പ്രശസ്ത സംവിധായകൻ അനീഷ് അൻവർ സംവിധാനം ചെയ്ത ഈ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഷിനോദ്, ഷംസീർ, ബിപിൻ എന്നിവർ ചേർന്നാണ്. വളരെ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രം ഒരു വലിയ വിജയത്തിലേക്ക് നീങ്ങുമെന്നാണ് ബോക്സ് ഓഫീസിൽ നിന്നുള്ള സൂചനകൾ.

ഫർഹാൻ ഫാസിലും സന അൽത്താഫും പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്ന ഈ ചിത്രം ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യ രംഗങ്ങൾ കൊണ്ട് സമൃദ്ധമാണ്. മികച്ച പ്രണയ രംഗങ്ങളും ഗാനങ്ങും ചിത്രത്തെ കൂടുതൽ മികവുറ്റതാക്കുന്നു.

ഒരു ചെറിയ കഥയെ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം പ്രേക്ഷകനെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു വിനോദ ചിത്രമാണെന്നാണ് പൊതുവെ ഉള്ള അഭിപ്രായം. നമ്മുക്ക് എന്നും നല്ല ചിത്രങ്ങൾ മാത്രം സമ്മാനിച്ചിട്ടുള്ള അനീഷ് അൻവറിന്റെ മറ്റൊരു വിജയമായി മാറുകയാണ് ബഷീറിന്റെ പ്രേമ ലേഖനം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close