Wednesday, August 10

വിസ്മയിപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം മനോഹര സംഗീതവുമായി കായംകുളം കൊച്ചുണ്ണി..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായി ഒരുങ്ങുന്ന സിനിമയാണ് റോഷൻ ആൻഡ്രൂസിന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനും മോഹൻലാൽ അതിഥി വേഷത്തിലുമെത്തുന്ന കായംകുളം കൊച്ചുണ്ണി. ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രത്തിന്റെ മുതൽ മുടക്കു ഏകദേശം നാൽപ്പത്തിയഞ്ച് കോടി രൂപയാണ്. അടുത്ത മാസം പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളെ കുറിച്ചും ഇതിന്റെ വസ്ത്രാലങ്കാരം നിർവഹിച്ചതിനു പിന്നിലുള്ള കാര്യങ്ങളെ കുറിച്ചും നമ്മൾ കേട്ട് കഴിഞ്ഞു. ഇപ്പോഴിതാ കായംകുളം കൊച്ചുണ്ണി ടീം എത്തിയിരിക്കുന്നത് ഈ ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നതിനു പിന്നിലുള്ള ശ്രമങ്ങളെ കുറിച്ച് പ്രേക്ഷകരോട് പറഞ്ഞു കൊണ്ടാണ്. വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം മനോഹരമായ സംഗീതവും ഈ ചിത്രത്തിന്റെ മികവുകളിൽ ഒന്നാണെന്നാണ് സംഗീത സംവിധായകൻ ഗോപി സുന്ദർ പറയുന്നത്.

കായംകുളം കൊച്ചുണ്ണി എന്ന ചിത്രം ഏതൊരു അഭിനേതാവിനെയും ടെക്‌നീഷ്യനെയും സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ ഒരു ചിത്രമാണ് എന്നും മലയാളത്തിന്റെ ബാഹുബലി ആണ് കായംകുളം കൊച്ചുണ്ണി എന്നുമാണ് ഗോപി സുന്ദർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ ഒരു പ്രണയഗാനവും ഒരു ഐറ്റം സോങുമാണ് ഗോപി സുന്ദർ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നത്. വിജയ് യേശുദാസും ശ്രേയാ ഘോഷാലും ചേർന്നാണ് പ്രണയഗാനം ആലപിച്ചിരിക്കുന്നത്. ഐറ്റം സോങ് ആലപിച്ചിരിക്കുന്നത് പുഷ്പവതിയാണ്. ഈ രണ്ടു ഗാനവും സൂപ്പർ ഹിറ്റായി മാറുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം. പഴയ നാഗപ്പാട്ടിനെ ഓർമപ്പെടുത്തുന്നതിനോടൊപ്പം പഴയ വെസ്റ്റേൺ ക്ലാസ്സിക്കൽ സ്പാനിഷ് സ്വാഭാവവുമെല്ലാം ഉൾപ്പെടുത്തിയ ഒരു പുതിയ മിക്‌സായി ആണ് ഐറ്റം സോങ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരുപാട് വെസ്റ്റേൺ ക്ലാസിക്കൽ എലമെന്റ്സിനൊപ്പം തന്നെ നാടൻ സ്വഭാവമുള്ള, കാലഹരണപ്പെട്ട് പോയ ഒരുപാട് പഴയ സംഗീതോപകരണങ്ങൾ ഉപയോഗിച്ചാണ് ഈ ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എന്നും ഗോപി സുന്ദർ പറയുന്നു.

ഈ ഒരു ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യാൻ തന്നെ തിരഞ്ഞെടുത്തതിന് താൻ റോഷൻ ആൻഡ്രൂസ് സാറിനോടുള്ള നന്ദി അറിയിക്കുകയാണ് എന്ന് പറഞ്ഞ ഗോപി സുന്ദർ, നോട്ട്ബുക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിലൂടെ ആദ്യമായി സിനിമ ലോകത്തേക്ക് കടന്നുവരുവാൻ തനിക്കു അവസരം തന്നത് അദ്ദേഹമാണ് എന്ന കാര്യവും ഓർത്തെടുക്കുന്നു. ഉദയനാണ് താരം മുതൽ റോഷൻ ആൻഡ്രൂസിന്റെ എല്ലാ ചിത്രങ്ങളിലും ഗോപി സുന്ദർ തന്നെയാണ് പശ്ചാത്തല സംഗീതം കൈകാര്യം ചെയ്‌തിരിക്കുന്നത്‌. ഷോബിൻ കണ്ണങ്ങാട്ട് രചിച്ച ‘കളരിയടവും ചുവടിനഴകും കണ്ടൂ ഞാൻ…’ എന്ന ഗാനം വരികളുടെ മനോഹാരിത കൊണ്ട് ഞെട്ടിക്കും എന്നും ഗോപി സുന്ദർ പറയുന്നു. തയ്യാറാക്കിയ ഗാനങ്ങൾ ആവർത്തിച്ച് കേട്ട് ഓരോ വരിയിലും ഓരോ ഷോട്ടിലും എന്തൊക്കെ ചിത്രീകരിക്കാമെന്നുള്ള ഒരു വ്യക്തമായ ധാരണ സംവിധായകൻ റോഷൻ ആൻഡ്രൂസ് തയ്യാറാക്കിയിരുന്നു എന്നും ഓരോ പാട്ടും എങ്ങനെ ചിത്രീകരിക്കണമെന്ന് കൃത്യമായ ഒരു പ്ലാൻ തയ്യാറാക്കിയതിന് ശേഷം മാത്രമാണ് ഷൂട്ടിങ്ങ് നടത്തിയത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ബ്രിട്ടീഷുകാരെയും ഉൾപ്പെടുത്തി ബാഹുബലി ഫെയിം നോറ ഫത്തേഹിയെ വെച്ചാണ് ഐറ്റം സോങ് ചിത്രീകരിച്ചത്. ഈ രണ്ടു പാട്ടുകൾ കൂടാതെ റഫീഖ് അഹമ്മദ് എഴുതിയ മറ്റൊരു ഗാനം കൂടി ചിത്രത്തിലുണ്ട്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author