ചാലക്കുടി മുങ്ങിയപ്പോൾ ഓർമ്മയിൽ വന്നത് ചാലക്കുടിയുടെ സ്വന്തം കലാഭവൻ മണിയെ എന്ന് വിനയൻ..!

Advertisement

നമ്മുടെ കേരളം പ്രളയക്കെടുതിയിൽ അകപെട്ടപ്പോൾ ഏറ്റവും കൂടുതൽ ദുരിതം വന്നുപെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു ചാലക്കുടി. ചാലക്കുടി പുഴ കര കവിഞ്ഞൊഴുകുകയും ചാലക്കുടി പൂർണ്ണമായും വെള്ളത്തിനടിയിൽ ആവുകയും ചെയ്തു. രക്ഷാപ്രവർത്തനവുമായി ഒരുപാട് ആളുകൾ രംഗത്ത് വരുകയും ചെയ്തു. ആ സമയത്തു മനസ്സിലേക്ക് ഓടി വന്നത് ചാലക്കുടിയുടെ സ്വന്തം, ചാലക്കുടിക്കാരൻ ചങ്ങാതി ആയ കലാഭവൻ മണി ആണെന്നാണ് സംവിധായകൻ വിനയൻ പറയുന്നത്. കലാഭവൻ മണിയുടെ ജീവിതത്തെ ആസ്പദമാക്കി ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രമൊരുക്കിയ വിനയൻ ഈ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ മണിയെ ഓർത്തെടുക്കുകയാണ്. അടുത്ത മാസം ആണ് ചാലക്കുടിക്കാരൻ ചങ്ങാതി റിലീസ് ചെയ്യുന്നത്.

മണി ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കിൽ ചാലക്കുടിയിൽ നടന്ന രക്ഷാപ്രവർത്തനങ്ങളുടെ മുൻപന്തിയിൽ തന്നെ മുണ്ടും മടക്കി കുത്തി മണിയും ഉണ്ടായേനെ എന്ന് വിനയൻ ഓർത്തെടുക്കുന്നു. ആരെയും അതിശയിപ്പിക്കുന്ന രക്ഷാപ്രവർത്തനങ്ങളുമായി ചാലക്കുടിയുടെ സ്വന്തം മണി നിറഞ്ഞു നിന്നേനെ എന്നും വിനയൻ പറയുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മുഴുവൻ തന്നെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നിന്ന് പോയിരുന്നു. ഇപ്പോൾ ആ ജോലികൾ പൂർത്തിയാക്കി സെപ്റ്റംബർ അവസാനത്തോടെ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ആണ് ശ്രമിക്കുന്നത്. ടിവി- മിമിക്രി താരം രാജാമണി ആണ് കലാഭവൻ മണി ആയി വേഷമിട്ടിരിക്കുന്നത്. വിനയൻ ആണ് കലാഭവൻ മണിയെ തന്റെ ചിത്രങ്ങളിലൂടെ നായക നിരയിലേക്ക് ഉയർത്തിയത്. കലാഭവൻ മണിയോടൊപ്പം ഒട്ടേറെ ചിത്രങ്ങൾ ചെയ്ത വിനയൻ, കലാഭവൻ മണി സ്മാരക പ്രവർത്തനങ്ങളിലും സജീവമാണ്. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രം കലാഭവൻ മണി സിനിമാ നടൻ ആവുന്നതിനു മുൻപുള്ള കാലമാണ് ഫോക്കസ് ചെയ്തിരിക്കുന്നത് എന്നാണ് സൂചന.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close