തമിഴിൽ പുതിയ കളക്ഷൻ ചരിത്രമെഴുതി പൊന്നിയിൻ സെൽവൻ

Advertisement

മാസ്റ്റർ ഡയറക്ടർ മണി രത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം ഇന്നലെയാണ് ആഗോള റിലീസായി എത്തിയത്. തമിഴിന് പുറമെ മലയാളം, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ഈ ചരിത്ര സിനിമയ്ക്കു ഗംഭീര പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ബോക്സ് ഓഫീസിലും മിന്നുന്ന തുടക്കവുമായി കുതിക്കുകയാണ് പൊന്നിയിൻ സെൽവൻ. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ഏറ്റവും വലിയ ആദ്യ ദിന ആഗോള കളക്ഷൻ നേടിയ ചിത്രമായി പൊന്നിയിൻ സെൽവൻ മാറി എന്ന റിപ്പോർട്ടുകളാണ് വരുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ ആദ്യത്തെ റിപ്പോർട്ടുകൾ പ്രകാരം ഈ ചിത്രം ആദ്യ ദിനം ആഗോള ഗ്രോസ് ആയി എഴുപത് കോടിയോളം നേടാനുള്ള സാധ്യതകളുണ്ട്. തമിഴ്‌നാട്ടിൽ നിന്നും മാത്രം ഇരുപത്തിയഞ്ച് കോടിക്ക് മുകളിലാണ് പൊന്നിയിൻ സെൽവൻ ആദ്യ ദിനം നേടിയത്. വാലിമയ്, ബീസ്റ്റ് എന്നീ അജിത്, വിജയ് ചിത്രങ്ങൾ കഴിഞ്ഞാൽ തമിഴ്‌നാട്ടിൽ നിന്ന് ഈ വർഷം ഏറ്റവും വലിയ ആദ്യ ദിന ഗ്രോസ് നേടിയ ചിത്രമാണ് പൊന്നിയിൻ സെൽവൻ.

കൽക്കി കൃഷ്ണമൂർത്തി എഴുതിയ, പൊന്നിയിൻ സെൽവനെന്ന അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. 1000 വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാടിന് വേണ്ടി ചോളന്മാർ നൽകിയ സംഭാവനകളും മണ്ണിന് വേണ്ടി അവർ നടത്തിയ പോരാട്ടങ്ങളുമാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നത്. വിക്രം, കാർത്തി, ഐശ്വര്യ റായ്, ജയം രവി, തൃഷ, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാൽ, ബാബു ആന്റണി, റിയാസ് ഖാന്‍, റഹ്മാന്‍, ശരത് കുമാർ, പാർത്ഥിപൻ, പ്രഭു, കിഷോർ, വിക്രം പ്രഭു, ശോഭിത, നിഴൽകൾ രവി, അർജുൻ ചിദംബരം, റഹ്മാൻ, മോഹൻ റാം എന്നിവർ അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ലൈക്ക പ്രൊഡക്ഷൻസ്, മണി രത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവർ ചേർന്നാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close