കണ്ട നാൾ മൊഴി കേട്ട നാൾ; മനോഹരമായ പ്രണയഗാനവുമായി തട്ടാശ്ശേരി കൂട്ടം; വീഡിയോ കാണാം

Advertisement

ജനപ്രിയ നായകൻ ദിലീപിന്റെ അനുജനായ അനൂപ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. ഈ കഴിഞ്ഞ വെള്ളിയാഴ്ച പ്രേക്ഷകരുടെ മുന്നിലെത്തിയ തട്ടാശ്ശേരി കൂട്ടത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു സൗഹൃദ സംഘത്തിന്റെ കഥയാണ് പറയുന്നത്. സഞ്ജയ് എന്ന കേന്ദ്ര കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രം, അവന്റെ കുടുംബം, സൗഹൃദം, പ്രണയം, അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ എന്നിവയാണ് നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ചിരിയും ആക്ഷനും ത്രില്ലും ഒക്കെ കൂട്ടിചേർത്തൊരുക്കിയ ഈ ചിത്രത്തിൽ ഒരു പ്രണയത്തിന്റെ ട്രാക്കും മനോഹരമായി ഇഴചേർത്തിട്ടുണ്ട്. ഇപ്പോഴിതാ ഇതിലെ “കണ്ട നാൾ മൊഴി കേട്ട നാൾ..” എന്ന പ്രണയ ഗാനത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

അർജുൻ അശോകൻ അവതരിപ്പിക്കുന്ന സഞ്ജയ്, പ്രിയംവദ അവതരിപ്പിക്കുന്ന ആതിര എന്നീ കഥാപാത്രങ്ങളുടെ പ്രണയമാണ് മനോഹരമായ ഈ മെലഡിയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. രാജീവ് ഗോവിന്ദൻ വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നത് റാം ശരത് ആണ്. കെ എസ് ഹരിശങ്കർ, സിതാര കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. അർജുൻ അശോകൻ, പ്രിയംവദ എന്നിവരെ കൂടാതെ ഗണപതി, അനീഷ് ഗോപാൽ, ഉണ്ണി രാജൻ പി ദേവ്, അപ്പു, വിജയ രാഘവൻ, സിദ്ദിഖ്, സുരേഷ് മേനോൻ, ഷൈനി സാറ, ശ്രീലക്ഷ്മി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് സന്തോഷ് എച്ചിക്കാനമാണ്. ജിതിൻ സ്റ്റാൻസിലസ് ഒരുക്കിയ മനോഹരമായ ദൃശ്യങ്ങൾ ഈ ഗാനത്തിന്റെ ഹൈലൈറ്റായി മാറിയിട്ടുണ്ട്. വി സാജനാണ് തട്ടാശ്ശേരി കൂട്ടത്തിന്റെ എഡിറ്റർ.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close