മനസ്സിൽ തൊട്ട് ഒരു ത്രില്ലർ കൂടി; കാക്കിപ്പട റിവ്യൂ വായിക്കാം

Advertisement

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത കാക്കിപ്പട എന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണെന്ന് ഒറ്റ വാചകത്തിൽ പറയാം. സാധാരണ നമ്മൾ കണ്ട് മടുത്ത ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന ഈ ചിത്രം ഒരു ഇമോഷണൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. സമകാലികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു അനീതിയെ തീയാക്കി മാറ്റിക്കൊണ്ടാണ് ഈ ചിത്രം പ്രേക്ഷകരുടെ മനസ്സിലേക്കെത്തിച്ചിരിക്കണത്. അത്രക്കും വൈകാരികമായി പ്രേക്ഷകരെ സ്വാധീനിക്കുന്ന തരത്തിൽ ഈ ചിത്രമൊരുക്കുന്നതിൽ സംവിധായകൻ വിജയം കണ്ടിട്ടുണ്ട്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. സ്ഥിരം പോലീസ് അന്വേഷണ കഥകളിൽ നിന്നും വ്യത്യസ്തമായി പോലീസ്സുകാരുടെയും പ്രതിയുടെയും മാനസികാവസ്ഥയും കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്‍റെ സഞ്ചാരവുമാണ് ഇതിലെ കഥ പറച്ചിലിന്റെ പ്രത്യേകത.

സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ഒരു പ്രമേയം ചർച്ച ചെയ്യുമ്പോൾ തന്നെ, യഥാർത്ഥത്തിൽ സംഭവിച്ചതിനെക്കാള്‍ മുകളിൽ നിൽക്കുന്ന കാര്യങ്ങളാണ്‌ ഈ സിനിമയില്‍ ഒരുക്കിയിരിക്കുന്നതെന്ന് പറയാം. അത്രക്കും വലുതാണ് ഈ ചിത്രത്തിന്റെ കാലിക പ്രസക്തിയെന്നതാണ് ഇതിന്റെ വിജയം. കെട്ടുറപ്പുള്ള തിരക്കഥയും അതിനൊത്തുള്ള സംവിധാനമികവുമാണ് ഇതിന്റെ ഏറ്റവും വലിയ മികവുകൾ. ആദ്യാവസാനം പ്രേക്ഷക മനസ്സുകളെ കഥയോടും കഥാപാത്രങ്ങളോടയും വൈകാരികമായി ചേർത്ത്‌ നിർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് ആകാംഷയും ത്രില്ലും സമ്മാനിക്കാനും ഈ ചിത്രത്തിന് കഴിയുന്നുണ്ട്.

Advertisement

അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് ഇതിലെ അഭിനേതാക്കളുടെ പ്രകടന മികവ്. അപ്പാനി ശരത്, ശൈലജ അമ്പു, നിരഞ്ജ് മണിയൻപിള്ള രാജു, സുജിത്ത് ശങ്കർ എന്നിവർ തങ്ങളുടെ കരിയറിലെ തന്നെ മികച്ച പ്രകടനങ്ങളിലൊന്നാണ് നൽകിയത്. ഇവരെ കൂടാതെ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ,ചന്തുനാഥ്‌, ആരാധ്യാ ആൻ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും മികച്ചു നിന്നു. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള സിനിമ ഒരിടത്തു പോലും പ്രേക്ഷകരെ ബോറടിപ്പിക്കാത്തത് ഇതിന്റെ സാങ്കേതിക മികവ് കൊണ്ട് കൂടിയാണ്. ജാസി ഗിഫ്റ്റ്, റോണി റാഫേൽ എന്നിവരുടെ സംഗീതം മികച്ച നിലവാരം പുലർത്തിയപ്പോൾ, പ്രശാന്ത് കൃഷ്ണ നൽകിയ ദൃശ്യങ്ങളും ബാബു രത്‌നത്തിന്റെ എഡിറ്റിംഗും ചിത്രത്തെ മനോഹരമാക്കി.

പ്രേക്ഷകർക്ക് പുതുമയേറിയ ഒരു ത്രില്ലർ അനുഭവമാണ് കാക്കിപ്പട സമ്മാനിക്കുന്നത്. ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഈ ചിത്രം മികച്ച തീയേറ്റർ അനുഭവവും നൽകുന്ന, കാലിക പ്രസക്തിയുള്ള ഒരു ചിത്രമാണ്. ത്രില്ലും, വൈകാരികതയും, പ്രസക്തിയുമുള്ള ഒരു പ്രമേയം കൊണ്ട് ഓരോ പ്രേക്ഷകരുടെയും മനസ്സ് നിറക്കുന്ന ചിത്രമാണ് കാക്കിപ്പട എന്ന് പറയാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close