ലിയോ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു; കേരളത്തിൽ ആദ്യ ഷോ രാവിലെ 4 മുതൽ.

Advertisement

ദളപതി വിജയ് നായകനായ ലിയോ ഒക്ടോബർ പത്തൊന്പതിനു ആഗോള റിലീസായി എത്തുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് കേരളത്തിൽ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിൽ ഏറ്റവുമാദ്യം ബുക്കിംഗ് ആരംഭിച്ചത് തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്റർ കോംപ്ലെക്സിലാണ്. ഇവിടുത്തെ ഒന്നിലേറെ സ്‌ക്രീനുകളിലായി 27 ഷോകളാണ് ഈ ചിത്രം ആദ്യ ദിനം കളിക്കുന്നത്. അതിൽ തന്നെ ഏകദേശം എല്ലാ ഷോയും ബുക്കിംഗ് തുടങ്ങി വളരെ പെട്ടെന്ന് തന്നെ സോൾഡ് ഔട്ട് ആവുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് കേരളത്തിൽ മുഴുവനുമുള്ള സ്‌ക്രീനുകളിൽ പ്രതീക്ഷിക്കപ്പെടുന്നത്. തിരുവനന്തപുരം ലുലു മാൾ, കൊച്ചി ലുലു മാൾ, തൃശൂർ രാഗം തീയേറ്റർ, ഇടപ്പള്ളി വനിതാ- വിനീത, കോഴിക്കോട്, കോട്ടയം തുടങ്ങി പ്രധാന സ്ഥലങ്ങളിലുള്ള മെയിൻ സ്‌ക്രീനുകളൊക്കെ ബുക്കിംഗ് ആരംഭിച്ച് നിമിഷ നേരങ്ങൾ കൊണ്ടാകും സോൾഡ് ഔട്ട് ആവുക. അത്രക്കും ആവേശത്തോടെയാണ് വിജയ് ആരാധകരും സിനിമാ പ്രേമികളും ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം കാത്തിരിക്കുന്നത്.

കേരളത്തിൽ വെളുപ്പിന് നാല് മണിക്കാണ് ഈ ചിത്രത്തിന്റെ ആദ്യ ഷോ. തമിഴ്‌നാട്ടിൽ നടക്കുന്നതിനും മുൻപ് ലിയോയുടെ ഷോ കേരളത്തിൽ നടക്കുമെന്ന പ്രത്യേകതയുമുണ്ട്. വിദേശത്ത് ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിക്കുകയും അവിടെ റെക്കോർഡുകൾ കടപുഴക്കുകയും ചെയ്തിരുന്നു. കേരളത്തിൽ ലിയോ വിതരണം ചെയ്യുന്നത് ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ നിർമാതാവും വിതരണക്കാരനുമായ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസാണ്. വിജയ്‌ക്കൊപ്പം സഞ്ജയ് ദത്ത്, തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close