വാരിസിൽ റെക്കോർഡ് പ്രതിഫലവുമായി ദളപതി വിജയ്?

Advertisement

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വാരിസ് റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകരും സിനിമാ പ്രേമികളും. ഈ വരുന്ന ജനുവരിയിൽ പൊങ്കൽ റിലീസായി ആണ് വാരിസ് എത്തുക. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ, ഏതാനും ലൊക്കേഷൻ സെൽഫികൾ എന്നിവയും, ദീപാവലി സ്പെഷ്യൽ പോസ്റ്ററുകളുമൊക്കെ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തില്‍ ഒരു ആപ്പ് ഡെവലപ്പര്‍ ആയിട്ടാവും വിജയ് അഭിനയിക്കുന്നതെന്നും, ഇതിലെ ദളപതിയുടെ കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന്‍ എന്നായിരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഇതിലെ വിജയ്‌യുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഈ ചിത്രത്തിലെ വിജയ്‌യുടെ പ്രതിഫലം 125 കോടി രൂപയാണ് എന്നാണ് വാരിസ് എന്ന പേരിലുള്ള ഒരു വെരിഫൈഡ് ട്വിറ്റെർ അക്കൗണ്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്.

ഈ വാർത്ത സത്യമാണെങ്കിൽ തമിഴിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി വിജയ് മാറും. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും വലിയ പ്രതിഫലം നേടുന്ന നടന്മാരിൽ ഒരാളാണ് വിജയ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസിന്റെ ഓഡിയോ ലോഞ്ച് ഡിസംബർ അവസാനമാണ് നടക്കുക. ഇതിലെ ഒരു ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത് വരികയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വാരിസിൽ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും വേഷമിടുന്നുണ്ട്. രശ്‌മിക മന്ദാനയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. എസ് തമൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്യുന്നത് പ്രവീൺ കെ എല്ലുമാണ്.

Advertisement

Advertisement

Press ESC to close