വെള്ളിത്തിരയിലെ സലാർ വിപ്ലവം ; റിലീസ് തീയതി എത്തി

Advertisement

റോക്കിങ് സ്റ്റാർ യാഷ് നായകനായ കെ ജി എഫ്, കെ ജി എഫ് 2 എന്നീ ചിത്രങ്ങളുടെ മഹാ വിജയത്തിന് ശേഷം സൂപ്പർ ഹിറ്റ് കന്നഡ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സലാർ. കെ ജി എഫ് സീരിസ് നിർമ്മിച്ച ഹോംബാലെ ഫിലിംസ് തന്നെയാണ് ഈ ബ്രഹ്മാണ്ഡ ആക്ഷൻ ചിത്രവും നിർമ്മിക്കുന്നത്. തെലുങ്ക് താരവും പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറുമായ പ്രഭാസ് നായകനായെത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ ഒഫീഷ്യലായി തന്നെ പുറത്തു വിട്ടിരിക്കുകയാണ്. അടുത്ത വർഷം സെപ്റ്റംബർ 28നാണ് സലാർ പ്രേക്ഷകരുടെ മുന്നിലെത്തുക. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് പ്രഭാസിന്റെ ഒരു മാസ്സ് പോസ്റ്റർ കൂടി അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്.

മലയാളത്തിന്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ഈ ചിത്രത്തിൽ ഒരു നിർണ്ണായക വേഷം ചെയ്യുമെന്നുള്ള വിവരം ഈ അടുത്തിടെയാണ് സ്ഥിതീകരിച്ചത്. പ്രശസ്ത തെന്നിന്ത്യൻ നായികയായ ശ്രുതി ഹാസൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം കന്നഡ, തെലുങ്ക് ഭാഷകളിൽ ഒരേ സമയമാണ് ഷൂട്ട് ചെയ്യുന്നത്. അത് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും സലാർ റിലീസ് ചെയ്യും. ടൈറ്റിൽ വേഷത്തിൽ പ്രഭാസ് എത്തുമ്പോൾ, ആദ്യ എന്നാണ് ഈ ചിത്രത്തിലെ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു, ശ്രേയ റെഡ്‌ഡി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലറായാണ് ഒരുക്കുന്നത്. കെ ജി എഫിന് ക്യാമറ ചലിപ്പിച്ച ഭുവൻ ഗൗഡ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് കെ ജി എഫ് സംഗീത സംവിധായകൻ ആയ രവി ബസ്‌റൂർ തന്നെയാണ്.

Advertisement

Advertisement

Press ESC to close