ഇത് മലയാള സിനിമയിൽ ആദ്യം; ആ നേട്ടം സ്വന്തമാക്കാൻ കുറുപ്പ്…!

Advertisement

കോവിഡ് രണ്ടാം തരംഗം കഴിഞ്ഞു കേരളത്തിലെ തീയേറ്ററുകൾ തുറന്നതിനു ശേഷം റിലീസ് ചെയ്യാൻ പോകുന്ന ആദ്യ വലിയ മലയാള ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ കുറുപ്പ്. നവംബർ പന്ത്രണ്ടിന് നാലു ഭാഷകളിൽ ആയാണ് കുറുപ്പ് റിലീസ് ചെയ്യാൻ പോകുന്നത്. ദുൽഖർ അരങ്ങേറ്റം കുറിച്ച സെക്കന്റ് ഷോ എന്ന ചിത്രം ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും ദുൽഖർ സൽമാൻ തന്നെയാണ്. ആരാധകരെ ആവേശം കൊള്ളിക്കുന്ന ഇതിന്റെ ട്രൈലെർ, ടീസർ എന്നിവയും ഇതിലെ ഒരു വീഡിയോ ഗാനവും സോഷ്യൽ മീഡിയയിൽ ഇപ്പോഴേ ഹിറ്റാണ്. കേരളത്തിലെ നാനൂറിൽ അധികം സ്‌ക്രീനുകളിൽ ആണ് കുറുപ്പ് റിലീസ് ചെയ്യുക. ഇപ്പോഴിതാ മറ്റൊരു വലിയ നേട്ടവും കൂടി ഈ ചിത്രത്തെ തേടിയെത്തുകയാണ് എന്ന വിവരമാണ് ദുൽഖർ സൽമാൻ അറിയിച്ചിരിക്കുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി, ഒരു ചിത്രത്തിന്റെ ട്രൈലെർ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ, ദുബായിലെ ബുർജ് ഖലീഫയിൽ പ്രദർശിപ്പിക്കാൻ പോവുകയാണ്. ആ നേട്ടം കുറുപ്പ് നേടിയെടുത്തിരിക്കുകയാണ് എന്ന വിവരമാണ് ദുൽഖർ സൽമാൻ പങ്കു വെച്ചത്. നവംബർ പത്തിന് രാത്രി എട്ടിനും എട്ടരക്കും ഇടയിൽ ആവും ബുർജ് ഖലീഫയിൽ ഈ ട്രൈലെർ പ്രദർശിപ്പിക്കുക. കെ എസ് അരവിന്ദ്, ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി ആയ സുകുമാര കുറുപ്പിന്റെ ജീവതകഥയാണ് നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ടോവിനോ തോമസ്, സണ്ണി വെയ്ൻ, ഇന്ദ്രജിത് സുകുമാരൻ, ഷൈൻ ടോം ചാക്കോ, ശോഭിത ധുലിപാല, ഭരത്, സുരഭി ലക്ഷ്മി, ആനന്ദ് ബാൽ, എം ആർ ഗോപകുമാർ, ശിവജിത് പദ്മനാഭൻ, ബിബിൻ പെരുമ്പിള്ളിക്കുന്നേൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

Advertisement

Advertisement

Press ESC to close