അമൽ നീരദിന്റെ പുതിയ ചിത്രം ആരംഭിച്ചു; ഒപ്പം കുഞ്ചാക്കോ ബോബനും സുഷിൻ ശ്യാമും.

Advertisement

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് സൂപ്പർ ഹിറ്റ് സംവിധായകൻ അമൽ നീരദ് തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ സ്മാർട്ട് സിറ്റിയിലാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്റ്റംബർ പതിനൊന്ന് മുതൽ ആരംഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം ഒഫീഷ്യലായി പ്രഖ്യാപിക്കാതെയാണ് ആരംഭിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മികച്ച സാങ്കേതിക പ്രവർത്തകർ അണിനിരക്കുന്ന ഈ ചിത്രം ഏത് സ്വഭാവത്തിലുള്ളതാണെന്ന വിവരങ്ങൾ ലഭിച്ചിട്ടില്ല. കുഞ്ചാക്കോ ബോബനൊപ്പം ഈ ചിത്രത്തിൽ ഷറഫുദീൻ, അമൽ നീരദിന്റെ ഭാര്യയും നടിയുമായ ജ്യോതിർമയി എന്നിവരും വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ഒരു ചിത്രവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Advertisement

സൂപ്പർ ഹിറ്റ് സംഗീത സംവിധായകൻ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് അൽഫോൺസ് പുത്രന്റെ പ്രേമത്തിലൂടെ വലിയ ശ്രദ്ധ നേടിയ ആനന്ദ് സി ചന്ദ്രനാണ്. മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മ പർവത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഇതിന് ശേഷം, ദുൽഖർ സൽമാൻ, മമ്മൂട്ടി എന്നിവർ നായകന്മാരായ രണ്ട് ചിത്രങ്ങളും അമൽ നീരദ് പ്ലാൻ ചെയ്യുന്നുണ്ടെന്നാണ് സൂചന. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ആണ് കുഞ്ചാക്കോ ബോബന്റെ അടുത്ത റിലീസ്. അമൽ നീരദ് ചിത്രം പൂർത്തിയാക്കിയതിന് ശേഷം, മാർട്ടിൻ പ്രക്കാട്ട് ഒരുക്കുന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ അഭിനയിക്കുക എന്നുള്ള റിപ്പോർട്ടുകളാണ് ഏറ്റവും പുതിയതായി ലഭിക്കുന്നത്. ഏതായാലും ഇപ്പോൾ പുരോഗമിക്കുന്ന അമൽ നീരദ്-കുഞ്ചാക്കോ ബോബൻ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close