കലിപ്പക്കരയിലെ കലിപ്പനച്ചൻ; വരയൻ റിവ്യൂ വായിക്കാം..

Advertisement

ഇന്ന് കേരളത്തിലെ തിയറ്ററുകളിൽ പ്രദർശനമാരംഭിച്ച മലയാള ചിത്രങ്ങളിലൊന്നാണ് നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്ത വരയൻ. യുവ താരം സിജു വിൽസൺ നായകനായെത്തിയ ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് ഡാനി കപ്പുച്ചിനാണ്‌. സത്യം സിനിമാസിന്റെ ബാനറിൽ പ്രേമചന്ദ്രൻ എ.ജി നിർമ്മിച്ച ഈ ചിത്രം പ്രേക്ഷകരിൽ പ്രതീക്ഷ സൃഷ്ടിച്ചത് ഇതിന്റെ ഗംഭീര ട്രൈലെർ പുറത്ത് വന്നതോടെയാണ്. അതുപോലെ നായകൻ സിജു വിത്സന്റെ വേറിട്ട ഗെറ്റപ്പും ഇതിലെ സൂപ്പർ ഹിറ്റായ ഗാനങ്ങളും ഈ ചിത്രത്തിന് ഒരു ഹൈപ്പുണ്ടാക്കുന്നതിൽ നിർണ്ണായകമായിട്ടുണ്ടെന്നതും എടുത്തു പറയണം. ഒരു നായയും ഇതിൽ വളരെ നിർണ്ണായകമായ വേഷം ചെയ്യുന്നുണ്ടെന്നതാണ് മറ്റൊരു കൗതുകരമായ കാര്യം.

സിജു വിൽസൺ അവതരിപ്പിക്കുന്ന ഫാദർ എബി കപ്പൂച്ചിൻ എന്ന വൈദിക കഥാപാത്രത്തിന് ചുറ്റുമാണ് ഈ ചിത്രം വികസിക്കുന്നത്. വളരെ സരസനായ, എല്ലാവർക്കുമൊപ്പം കൂട്ട് കൂടുന്ന, യാതൊരു വിധ മറയുമില്ലാതെ പെരുമാറുന്നയാളാണ് എബി കപ്പൂച്ചിൻ. എന്നാൽ അയാൾക്ക്‌ മറ്റൊരു മുഖം കൂടിയുണ്ട്. അതിനു കഥാഗതിയിൽ വലിയ പ്രാധാന്യവുമുണ്ട്. പോലീസ് പോലും യൂണിഫോമിട്ട് കടന്നുചെല്ലാൻ ഭയപ്പെടുന്ന, കൊടുംകുറ്റവാളികൾ നിറഞ്ഞ പ്രദേശമാണ് കലിപ്പക്കര. ആ ദ്വീപ് പ്രദേശത്തെ പള്ളിയിലേക്ക് പുരോഹിതനായി വരുന്ന ഫാദർ എബി കപ്പൂച്ചിൻ അവിടുത്തെ ജനങ്ങളുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലുകളാണ് വരയനിലൂടെ നമ്മുടെ മുന്നിലെത്തുന്നത്.

Advertisement

വളരെ വ്യത്യസ്തമായ ചിത്രങ്ങൾ സമ്മാനിച്ച് കൊണ്ടാണ് ഇപ്പോൾ ഓരോ നവാഗത സംവിധായകരും നമ്മുടെ മുന്നിലെത്തുന്നത് . ജിജോ ജോസഫെന്ന നവാഗതനും അതുപോലെ ഒരുപാട് പുതുമകൾ നിറഞ്ഞ ഒരു വിനോദ ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കാൻ സാധിച്ചിട്ടുണ്ടെന്നു വരയനെന്ന ചിത്രം കാണിച്ചു തരുന്നു. ഒരു സംവിധായകനെന്ന നിലയിൽ അദ്ദേഹം പുലർത്തിയ കയ്യടക്കമാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവെന്നു നമ്മുക്ക് പറയാൻ കഴിയും. അതുപോലെ തന്നെ രചയിതാവായ ഡാനി കപ്പൂച്ചിൻ ഏറ്റവും മികച്ച രീതിയിൽ തന്നെ ചിത്രത്തിന്റെ കഥ നമ്മുടെ മുന്നിൽ അവതരിപ്പിച്ചിട്ടുമുണ്ട്. മികച്ച തിരക്കഥയും അതിനു ചേരുന്ന മികവോടെയൊരുക്കിയ ദൃശ്യ ഭാഷയുമാണ് ഈ ചിത്രത്തെ ഗംഭീരമാക്കുന്നതു. വ്യത്യസ്തമായ കഥാ പശ്ചാത്തലമൊരുക്കിയതിനൊപ്പം പുതുമയാർന്ന രീതിയിൽ കഥാപാത്ര നിർമ്മിതിക്കും രചയിതാവും സംവിധായകനും ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികമായി ഏറെ മികവ് പുലർത്തിയ ഈ ചിത്രം പ്രേക്ഷകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്ന വിധം എല്ലാവിധ കൊമേർഷ്യൽ ചേരുവകളും കൃത്യമായ അളവിൽ ചേർത്താണ് നിർമ്മിച്ചിരിക്കുന്നത്. എടുത്തു പറയേണ്ടത് ചിത്രത്തിലെ ആവേശം നിറക്കുന്ന മുഹൂർത്തങ്ങളും ആക്ഷൻ രംഗങ്ങളുമാണ്. ചിത്രത്തിലെ കോമഡി രംഗങ്ങളും പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു. വൈകാരിക മുഹൂർത്തങ്ങൾ കൈകാര്യം ചെയ്തതും പ്രേക്ഷകരുടെ മനസ്സറിഞ്ഞു തന്നെയാണ്. ഒരു പക്കാ എന്റർടൈൻമെന്റ് പാക്കേജായാണ് അവരീ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. അത്കൊണ്ട് തന്നെ ആദ്യവസാനം ചിത്രത്തിൽ മുഴുകിയിരിക്കാൻ കഴിഞ്ഞുവെന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.

സിജു വിത്സന്റെ കിടിലൻ പ്രകടനമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത എന്ന് സംശയമേതുമില്ലാതെ തന്നെ പറയാൻ സാധിക്കും. അത്ര ഗംഭീരമായി തന്റെ കഥാപാത്രത്തെ ശാരീരീകമായും മാനസികമായും ഉൾക്കൊള്ളാനും അവതരിപ്പിക്കുവാനും ഈ യുവ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഫാദർ എബി കപ്പുച്ചിനായി സിജു നൽകിയ പ്രകടനം ഒരു നടനെന്ന നിലയിൽ എത്രമാത്രം മുന്നോട്ടു പോയിട്ടുണ്ട് അദ്ദേഹമെന്നും പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങളിൽ മിന്നുന്ന പ്രകടനമാണ് അദ്ദേഹം നൽകിയത്. ഓരോ ചിത്രം കഴിയുമ്പോഴും അഭിനേതാവ് എന്ന നിലയിൽ കാണിക്കുന്ന വളർച്ച ഈ നടനെ ഇന്ന് പ്രേക്ഷകരുടെ പ്രീയപെട്ടവനാക്കുന്നു എന്നതിൽ സംശയമില്ല. നായികാ വേഷം ചെയ്ത ലിയോണ ലിഷോയിയും മികച്ച പ്രകടനം തന്നെയാണ് നൽകിയത്. ഇവർക്ക് പുറമെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച മണിയൻപിള്ള രാജു, അരിസ്റ്റോ സുരേഷ്, വിജയരാഘവൻ, ജൂഡ് ആന്തണി ജോസഫ്, ജോയ് മാത്യു എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ച രീതിയിൽ തന്നെ തിരശീലയിൽ അവതരിപ്പിച്ചു. രജീഷ് രാമനൊരുക്കിയ അതിമനോഹരമായ ദൃശ്യങ്ങൾ ചിത്രത്തിന്റെ നട്ടെല്ലായി മാറിയപ്പോൾ, സംഗീത സംവിധായകനായ പ്രകാശ് അലക്സ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ കഥയോടും അവതരണ രീതിയോടും വളരെയധികം ചേർന്ന് നിന്നു. ജോൺ കുട്ടി എന്ന പരിചയ സമ്പന്നന്റെ മികച്ച എഡിറ്റിംഗ് ചിത്രത്തിന് നൽകിയ ഒഴുക്ക് വരയന്റെ സാങ്കേതിക പൂർണ്ണതയിൽ നിർണ്ണായകമായി മാറി.

ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ എന്ന നിലയിൽ മികച്ച ഒരു സിനിമാനുഭവമാണ് വരയൻ നൽകുന്നത്. ഒരു പക്കാ വിനോദ ചിത്രമെന്ന നിലയിൽ പ്രേക്ഷകരെ ആദ്യാവസാനം ആവേശം കൊള്ളിക്കുന്ന ചിത്രമാണ് വരയൻ എന്ന് നിസംശയം പറയാം. എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമായ ഈ ചിത്രം പുതുമയാർന്ന കഥാപശ്ചാത്തലം കൊണ്ടും അവതരണം കൊണ്ട് അഭിനേതാക്കളുടെ പ്രകടനം കൊണ്ടുമെല്ലാം തന്നെ നമ്മളെ ചിത്രത്തിന്റെ ഭാഗമാക്കി മാറ്റും എന്നുറപ്പാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close