Tuesday, May 30

ദളപതിയുടെ ബീസ്റ്റ് പ്രതീക്ഷക്കൊത്തുയർന്നോ; റിവ്യൂ വായിക്കാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കോലമാവ്‌ കോകില, ഡോക്ടർ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ വിശ്വാസം നേടിയെടുത്ത സൂപ്പർ ഹിറ്റ് സംവിധായകൻ ആണ് നെൽസൺ ദിലീപ്കുമാർ. അദ്ദേഹം ദളപതി വിജയ്‌ക്കൊപ്പം ഒന്നിക്കുന്നു എന്ന വാർത്ത തന്നെ വലിയ ഹൈപ്പ് ആണ് ഉണ്ടാക്കിയത്. ഏതായാലും ഈ ടീം വീണ്ടും ഒന്നിച്ച ബീസ്റ്റ് എന്ന ചിത്രമാണ് ഇന്ന് ലോകമെമ്പാടും റിലീസ് ചെയ്തിരിക്കുന്നത്. ഒരു സ്റ്റൈലിഷ് മാസ്സ് ചിത്രമായി ഒരുക്കിയിട്ടുള്ള ബീസ്റ്റ് നിർമ്മിച്ചിരിക്കുന്നത് സൺ പിക്ചേഴ്സ് ആണ്. സംവിധായകൻ നെൽസൺ തന്നെ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷത്തിൽ എത്തിയിരിക്കുന്നത് പൂജ ഹെഗ്‌ഡെ ആണ്. ദളപതി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നായാണ് ബീസ്റ്റ് ഒരുങ്ങിയിരിക്കുന്നത്. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ്.

വളരെ രസകരമായ ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള നെൽസണിൽ നിന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചതു നല്കാൻ ബീസ്റ്റ് എന്ന ചിത്രത്തിന് സാധിച്ചോ ഇല്ലയോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. വീരരാഘവൻ എന്ന മിലിറ്ററി സ്പൈ ആയാണ് വിജയ് ഈ ചിത്രത്തിൽ എത്തുന്നത്. ഒരു മാള് ഹൈജാക്ക് ചെയ്യുന്ന തീവ്രവാദികളെ, ബന്ദികൾക്കൊപ്പം ആ മാളിൽ അകപ്പെടുന്ന വീരരാഘവൻ, എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും, അവിടെ കുടുങ്ങിയവരെ അയാൾ എങ്ങനെ രക്ഷിക്കുന്നു എന്നതുമാണ് ഈചിത്രത്തിന്റെ ഇതിവൃത്തം. ആക്ഷനും ആവേശവും നിറച്ചു അത് പറയുന്നതിനൊപ്പം അവിടെ കുടുങ്ങിയവർ അടക്കം ഉൾപ്പെടുന്ന രസകരമായ നിമിഷങ്ങളും ചിത്രത്തിന്റെ കഥ പറച്ചിലിൽ നല്ല രീതിയിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്.

ദളപതി ആരാധകരെ ത്രസിപ്പിക്കുന്ന ഒരു മാസ്സ് ആക്ഷൻ കോമഡി എന്റെർറ്റൈനെർ ചിത്രമാണ് നെൽസൺ ഒരുക്കാൻ ശ്രമിച്ചത്. എന്നാൽ അതിൽ പൂർണ്ണമായും വിജയിക്കാൻ നെല്സണ് സാധിച്ചിട്ടുമില്ല. ചിത്രത്തിന്റെ ആദ്യ പകുതി രസകരമായിരുന്നു എങ്കിലും, രണ്ടാം പകുതിയും ക്ലൈമാക്‌സും പ്രേക്ഷകരെ വളരെയധികം നിരാശരാക്കുന്ന ഒന്നായി മാറി. ആക്ഷനും കോമെഡിയും കോർത്തിണക്കാൻ ശ്രമിച്ച തിരക്കഥ അമ്പേ പരാജയമായി മാറിയതാണ് കാണാൻ സാധിച്ചത്. കോമെഡികൾ ഒന്നും തന്നെ വർക്ക് ഔട്ട് ആയില്ല എന്നതാണ് ചിത്രത്തെ ബാധിച്ചത്. ആക്ഷൻ സീനുകൾ നന്നായിട്ടുണ്ട് എങ്കിലും കഥാപരമായോ കഥ പറഞ്ഞ രീതിയിലോ ഒന്നും പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ രചയിതാവ് എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും നെല്സണ് സാധിച്ചില്ല. ദളപതി വിജയ്‌യുടെ സ്ക്രീൻ പ്രസൻസ് മാത്രമാണ് ചിത്രത്തിന്റെ പോസിറ്റീവ് ആയി എടുത്തു പറയാവുന്നത്. ഒരു ലക്ഷ്യബോധവും ഇല്ലാത്ത തിരക്കഥയാണ് ഈ ചിത്രത്തെ വീഴ്ത്തിക്കളഞ്ഞത് എന്ന് പറഞ്ഞേ പറ്റൂ.

ദളപതി വിജയ്‌യുടെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ജീവൻ. വീരരാഘവൻ എന്ന കഥാപാത്രമായി ശ്രദ്ധ നേടുന്ന പ്രകടനമാണ് വിജയ് ഈ ചിത്രത്തിൽ നൽകിയത്. കോമഡി സീനുകളും മാസ്സ് ആക്ഷൻ രംഗങ്ങളും വിജയ് ചെയ്തു ഫലിപ്പിച്ചത് നല്ല രീതിയിൽ തന്നെയാണ്. ആക്ഷൻ രംഗങ്ങളിൽ വിജയ് കാഴ്ച വെച്ച പൂർണ്ണത എടുത്തു പറയണം. നായികയായ പൂജ ഹെഗ്‌ഡെ തന്റെ വേഷം തരക്കേടില്ലാതെ ചെയ്തപ്പോൾ, മറ്റു കഥാപാത്രങ്ങൾക്കു ജീവൻ പകർന്ന സെൽവ രാഘവൻ, അപർണ്ണ ദാസ്, യോഗി ബാബു, ഷൈൻ ടോം ചാക്കോ, പുകഴ്, അങ്കുർ വികൽ എന്നിവരും തങ്ങളുടെ വേഷങ്ങൾ മോശമാക്കിയില്ല. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോ, അപർണ്ണ ദാസ് എന്നിവർ കിട്ടിയ വേഷം നന്നായി ചെയ്തു ശ്രദ്ധ നേടുന്നുണ്ട്. പക്ഷെ തിരക്കഥയുടെ പോരായ്മ കാരണം വിജയ് ഒഴിച്ച് ആർക്കും കൃത്യമായി ഒന്നും ചെയ്യാനുള്ള സ്പേസ് ലഭിച്ചിട്ടില്ല എന്നതും എടുത്തു പറയേണ്ട ഒരു നെഗറ്റീവ് ആണ്. മനോജ് പരമഹംസയാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്. വളരെ കളർഫുൾ ആയതും ഒപ്പം സ്റ്റൈലിഷ് ആയതുമായ ദൃശ്യങ്ങൾ ആണ് അദ്ദേഹം സമ്മാനിച്ചത്. ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ ആണ്. അനിരുദ്ധിന്റെ പശ്‌ചാത്തല സംഗീതവും മനോജ് പരമഹംസ ഒരുക്കിയ മികച്ച ദൃശ്യങ്ങളും ഇതിന്റെ ചുരുക്കം ചില പോസിറ്റീവുകളിൽ രണ്ടെണ്ണമാണ്. ആർ നിർമ്മൽ ആണ് ചിത്രത്തിന്റെ എഡിറ്റർ. തിരക്കഥയുടെ പോരായ്മ ചിത്രത്തിന്റെ ഒഴുക്കിനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഒരു എഡിറ്റർ വിചാരിച്ചാൽ അതിനെ മറികടന്നു ചിത്രത്തിന് ഒഴുക്ക് നൽകാനും സാധിക്കില്ല.

ചുരുക്കി പറഞ്ഞാൽ, ദളപതി വിജയ്‌യുടെ കടുത്ത ആരാധകർക്ക് അദ്ദേഹത്തെ കാണാൻ മാത്രം ഒന്ന് കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ബീസ്റ്റ്. അല്ലാതെ എന്തെങ്കിലും പ്രതീക്ഷയുമായി ചിത്രത്തെ സമീപിക്കുന്നവർക്കു നിരാശയവും ഈ ചിത്രം നൽകുക. നെൽസൺ എന്ന സംവിധായകനും രചയിതാവുമാണ് ബീസ്റ്റിലൂടെ ഏറ്റവും നിരാശപ്പെടിത്തിയത് എന്നതാണ് സത്യം.

Did you find apk for android? You can find new Free Android Games and apps.
Share.

About Author