മെഗാ സ്റ്റാറിന്റെ പുഴു; റിവ്യൂ വായിക്കാം..!

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായെത്തിയ പുഴു ഇന്നലെ രാത്രിയാണ് സോണി ലൈവിലൂടെ നേരിട്ടുള്ള ഒറ്റിറ്റി റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തിയത്. നവാഗതയായ രഥീന സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് ഹർഷദ്, സുഹാസ്, ഷറഫു എന്നിവർ ചേർന്നാണ്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്, അപ്പുണ്ണി, വാസുദേവ് മാരാർ, നെടുമുടി വേണു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം ഒരു ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. വലിയ പ്രേക്ഷക പ്രതീക്ഷകൾക്കിടയിൽ റിലീസ് ചെയ്ത ഒരു ചിത്രം കൂടിയാണ് പുഴു. മമ്മൂട്ടിയവതരിപ്പിക്കുന്ന കുട്ടൻ എന്ന് വിളിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. ഭാര്യ മരിച്ചതിനു ശേഷം അയാളും മകൻ കിച്ചുവും ഒറ്റക്കാണ് താമസം. പാർവതി അവതരിപ്പിക്കുന്ന അയാളുടെ സഹോദരി മറ്റൊരു ജാതിയിൽ പെട്ടയാളെ കല്യാണം കഴിച്ചതിന്റെ നീരസം പേറി ജീവിക്കുന്ന കുട്ടൻ, അവരോടും ഒരുതരം വെറുപ്പാണ് കാണിക്കുന്നത്.

എന്നാൽ അയാളുടെ പ്രധാന പ്രശ്നം തന്നെ ആരോ അപായപ്പെടുത്താൻ ശ്രമിക്കുന്നുണ്ട് എന്ന തോന്നലാണ്, പലപ്പോഴായി തന്റെ ജീവന് നേരെ നടന്ന ശ്രമങ്ങൾ അയാളുടെ ആ തോന്നലിനെ ഊട്ടി ഉറപ്പിക്കുക കൂടി ചെയ്യുകയാണ്. അതോടൊപ്പം തന്നെ വളരെ കടുത്ത പെരുമാറ്റമാണ് അയാൾ തന്റെ മകനോടും കാണിക്കുന്നത്. അത് ആ കുട്ടിയേയും മനസ്സ് കൊണ്ട് അയാളിൽ നിന്നകറ്റുന്നു. ഈ സാഹചര്യത്തിൽ അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നതു. ആദ്യാവസാനം ഒരു നിഗൂഢത നിലനിർത്തി കഥ പറയാൻ സംവിധായിക രഥീനക്കു സാധിച്ചിട്ടുണ്ട്. കുട്ടനും മകനും തമ്മിലുള്ള ബന്ധവും കുട്ടനും അയാളുടെ സഹോദരിയും തമ്മിലുള്ള ബന്ധവും അതുപോലെ സഹോദരിയും ഭർത്താവും തമ്മിലുള്ള ബന്ധവുമൊക്കെ വൈകാരിക നിമിഷങ്ങൾ കോർത്തിണക്കി തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ അതിനു സമാന്തരമായി, തന്നെ കൊല്ലാൻ നടക്കുന്ന ആളെ കണ്ടെത്താനുള്ള കുട്ടന്റെ ശ്രമങ്ങൾ ഒരു ത്രില്ലറിന്റെ മൂഡും ഈ ചിത്രത്തിൽ സൃഷ്ടിക്കുന്നുണ്ട്.

Advertisement

ജാതി രാഷ്ട്രീയമാണ് ഈ ചിത്രത്തിൽ തൊട്ടും തലോടിയും മുന്നോട്ടു വെക്കുന്ന മറ്റൊരു വിഷയം. അത് ചർച്ച ചെയ്യാൻ ആദ്യ ചിത്രത്തിലൂടെ തന്നെ ധൈര്യം കാണിച്ച സംവിധായിക അഭിനന്ദനം അർഹിക്കുന്നുണ്ട്. എന്നാൽ പലപ്പോഴും ആ പ്രമേയവും, അതുപോലെ ചിത്രത്തിലെ സമാന്തര കഥകൾ ഓരോന്നും വളരെ അപൂർണ്ണമായും അവ്യക്തമായും പോകുന്നുണ്ട് എന്നത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. കുട്ടന്റെ ഭാര്യക്ക് എന്ത് സംഭവിച്ചു, കുട്ടന്റെ പോലീസ് ജീവിതത്തിൽ എന്തുണ്ടായത് കൊണ്ടാണ് അയാളിങ്ങനെ പേടിച്ചു ജീവിക്കുന്നത്, ഇടയ്ക്കു കടന്നു വരുന്ന കുഞ്ചന്റെ കഥാപാത്രത്തിന്റെ പ്രസക്തിയും കഥയുമെന്താണ്, അങ്ങനെ ഒട്ടേറെ അവ്യക്തതകൾ ചിത്രത്തിലുണ്ട്. അവയെല്ലാം വളരെ ചെറിയ രീതിയിൽ മാത്രമേ ചിത്രത്തിൽ കാണിക്കുന്നുള്ളു. അത്കൊണ്ട് തന്നെ പൂർണ്ണമായും ഒരു വലിയ പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് മുന്നോട്ടു വെക്കുന്ന, അല്ലെങ്കിൽ ചർച്ച ചെയ്യുന്ന ചിത്രമായി പുഴു മാറിയിട്ടില്ല. അതുപോലെ ചിത്രത്തിന്റെ ആദ്യവസാനമുള്ള മെല്ലെ പോക്ക് ഒരു മികച്ച ത്രില്ലർ അനുഭവം നൽകുന്നതിൽ നിന്നും പുഴുവിനെ പിന്നോട്ട് വലിക്കുന്നു.

മമ്മൂട്ടിയും പാർവതിയുമുൾപ്പെടയുള്ള അഭിനേതാക്കൾ മികച്ച പ്രകടനമാണ് നൽകിയത്. തങ്ങൾക്കു ലഭിച്ച കഥാപാത്രങ്ങളെ അവർ വൃത്തിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഈ അടുത്തകാലത്തു മമ്മൂട്ടിയിൽ നിന്ന് ലഭിച്ച ഏറ്റവും നല്ല പ്രകടനമാണ് ഈ ചിത്രത്തിലെ കുട്ടൻ. എന്നാൽ ആദ്യാവസാനം അയാളുടെ പെരുമാറ്റവും അവസ്ഥയും പ്രവചിക്കാൻ പറ്റുന്ന തരത്തിൽ തന്നെയായതിനാൽ അവസാനഭാഗത്തെ പ്രകടനത്തിന് ഒരു വലിയ ഞെട്ടൽ ഉളവാക്കാൻ സാധിക്കാതെ പോയിട്ടുണ്ട്. പക്ഷെ പ്രേക്ഷകരെ ചിത്രത്തിലേക്ക് ചേർത്തിരുത്തുന്നത്‌ അദ്ദേഹത്തിന്റെ പ്രകടനമാണെന്നതും സത്യമാണ്. പാർവതി തനിക്കു കിട്ടിയ റോൾ നന്നായി ചെയ്തിട്ടുണ്ടെങ്കിലും, ഈ കഥാപാത്രം ചെയ്തു ഫലിപ്പിക്കാൻ പാർവതി പോലൊരാൾ തന്നെ വേണമായിരുന്നോ എന്ന് പ്രേക്ഷകന് തോന്നിയാൽ അത്ഭുതപ്പെടാനില്ല. മമ്മൂട്ടിയുടെ കഥാപാത്രമായിരുന്നാലും പാർവതിയുടെ ആയിരുന്നാലും, അവരുടെ അഭിനയ മികവിനെ വെല്ലുവിളിക്കാനുള്ള ശ്കതി രണ്ടു കഥാപാത്രങ്ങൾക്കും അത്രകണ്ട് ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. അങ്ങനെ രണ്ട് അതിഗംഭീര കഥാപാത്രങ്ങളാക്കി അവരെ വളർത്താനുള്ള സാധ്യത കഥയിൽ ഉണ്ടായിരുന്നെങ്കിലും അതിനെ പൂർണ്ണമായി ഉപയോഗിച്ചിട്ടില്ല എന്ന് പറയേണ്ടി വരും. കിച്ചുവായി അഭിനയിച്ച വാസുദേവ് എന്ന ബാലതാരത്തിന്റെ പ്രകടനവും അതുപോലെ കുട്ടപ്പനായി അഭിനയിച്ച അപ്പുണ്ണിയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതം ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പോസിറ്റീവാണ്. ചിത്രത്തിന്റെ മൂഡ്, കഥാപാത്രത്തിന്റെ മാനസികാവസ്ഥ, അയാളെ വേട്ടയാടുന്ന ഭയം, ആശങ്ക, ആശയകുഴപ്പം എന്നിവയെല്ലാം പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്നതിൽ ആ പശ്‌ചാത്തല സംഗീതം വഹിച്ച പങ്കു വളരെ വലുതാണ്. തേനി ഈശ്വർ ഒരുക്കിയ ദൃശ്യങ്ങൾ, ദീപു ജോസഫിന്റെ എഡിറ്റിംഗ് എന്നിവയും നിലവാരം പുലർത്തി. അല്പം കൂടി വേഗമുണ്ടായിരുന്നെങ്കിൽ കൂടുതൽ സാധാരണ പ്രേക്ഷകരിലേക്ക് ചിത്രമെത്തിയേനെ എന്നതും എടുത്തു പറയണം. ഏതായാലും മമ്മൂട്ടി എന്ന നടന്റെ ഈയടുത്തകാലത്തെ മികച്ച പ്രകടനം കാണിച്ചു തരുന്ന, കുറച്ചെങ്കിലും ജാതി രാഷ്ട്രീയത്തെ കുറിച്ച് സംസാരിക്കാൻ ശ്രമിക്കുന്ന ഒരു സിനിമാനുഭവം പുഴു സമ്മാനിക്കുന്നുണ്ട്. ഒന്നിലധികം തലങ്ങൾ ഇതിന്റെ കഥക്കും കഥാപാത്രത്തിനുമുണ്ട് എന്നൊരു തോന്നൽ സമ്മാനിക്കാൻ സംവിധായികക്കും രചയിതാക്കൾക്കും സാധിച്ചിട്ടുണ്ട് എന്നതിനാൽ തന്നെ, ഇനി ആ തലങ്ങൾ പ്രേക്ഷകർ കണ്ടെത്തി, അതൊരു ആരോഗ്യപരമായ ചർച്ചയിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കാം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close