ഇനിയെന്നും ഹൃദയത്തിൽ സൂക്ഷിക്കാനൊരു ചിത്രം; ഹൃദയം റിവ്യൂ വായിക്കാം…!

Advertisement

വിനീത് ശ്രീനിവാസൻ എന്ന സംവിധായകനിലും രചയിതാവിലും മലയാള സിനിമാ പ്രേമികൾക്ക് ഒരു വിശ്വാസം ഉണ്ട്. ആ വിശ്വാസം ഈ കലാകാരൻ തെറ്റിച്ചിട്ടുമില്ല. ഇതുവരെ അദ്ദേഹം രചിച്ചും സംവിധാനം ചെയ്‌തും പ്രേക്ഷകർക്ക് മുന്നിലെത്തിച്ച ചിത്രങ്ങൾ അവരെ നിരാശപ്പെടുത്തിയിട്ടില്ല എന്ന് മാത്രമല്ല, അവരെ ഏറെ സന്തോഷിപ്പിച്ചിട്ടുള്ള, രസിപ്പിച്ചിട്ടുള്ള ചിത്രങ്ങളുമാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങൾക്ക് വേണ്ടിയും കാത്തിരിക്കുന്ന ഒരു വലിയ പ്രേക്ഷക സമൂഹം ഇവിടെയുണ്ട്. എന്നാൽ ഹൃദയം എന്ന ചിത്രം പ്രഖ്യാപിക്കപ്പെട്ടപ്പോൾ വിനീത് ശ്രീനിവാസൻ എന്ന പേരിനൊപ്പം പ്രണവ് മോഹൻലാൽ എന്ന പേര് കൂടി ചേർന്നത് ആ ചിത്രത്തിന് സമ്മാനിച്ചത്, ഒരുപക്ഷെ വിനീതിന്റെ കരിയറിൽ ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഹൈപ്പും കാത്തിരിപ്പുമാണ്. മലയാള സിനിമയിലെ ഒരു രണ്ടാം തലമുറയുടെ ഒത്തുചേരൽ ആയിരുന്നു ഹൃദയം. മോഹൻലാലിന്റെ മകൻ പ്രണവ് നായകൻ, ശ്രീനിവാസന്റെ മകൻ വിനീത് സംവിധാനം, പ്രിയദർശന്റെ മകൾ കല്യാണി നായികാ, ഒപ്പം പുതു തലമുറയിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാളായ ദർശന രാജേന്ദ്രനും. മലയാള സിനിമയിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിൽ ഒന്നായിരുന്ന മെരിലാൻഡ് സിനിമാസ് ഒരുപാട് വർഷങ്ങൾക്കു ശേഷം തിരിച്ചു വരുന്ന ചിത്രം കൂടിയാണ് ഹൃദയം. വിശാഖ് സുബ്രമണ്യൻ നിർമ്മിച്ച ഹൃദയം ആ നിലക്കും ഒരു തലമുറ മാറ്റത്തിന്റെ ഭാഗമാണ്.

ഇതിലെ അതിഗംഭീരമായ ഗാനങ്ങൾ സൂപ്പർ ഹിറ്റായപ്പോ മുതൽ ഹൃദയം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമായിരുന്നു. അത്കൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷകൾ വാനോളമായിരുന്നു. ആ പ്രതീക്ഷകളെ പൂർണ്ണമായും തൃപ്തിപ്പെടുത്തിയിട്ടുണ്ട് ഹൃദയം എന്നത് ആദ്യമേ പറഞ്ഞു കൊണ്ട് വേണം ഈ ചിത്രത്തെ കുറിച്ച് കൂടുതൽ സംസാരിക്കാൻ. അരുൺ നീലകണ്ഠൻ എന്ന പ്രണവ് മോഹൻലാൽ കഥാപാത്രത്തിന്റെ ജീവിതത്തിലെ ഒരു വളർച്ചയാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. അരുണിന്റെ കോളേജ് കാലഘട്ടത്തിൽ നിന്ന് തുടങ്ങുന്ന ആ യാത്രയിൽ അവന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രണയങ്ങൾ, സൗഹൃദം, മറ്റു വൈകാരിക ബന്ധങ്ങൾ, അവന്റെ ജീവിതത്തിലെ ഇരുണ്ടതും തിളങ്ങുന്നതുമായ നിരവധി സംഭവങ്ങൾ എന്നിവ കോർത്തിണക്കിയാണ് ഈ ചിത്രം കഥ പറയുന്നത്. ദർശന എന്ന കഥാപാത്രമായി ദർശന രാജേന്ദ്രനും നിത്യ എന്ന കഥാപാത്രമായി കല്യാണി പ്രിയദർശനും അവന്റെ ജീവിതത്തിന്റെ നിർണ്ണായക സ്വാധീനമാകുന്ന രണ്ടു സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ കൗമാര- യൗവന കാലഘട്ടത്തിൽ അയാൾ കടന്നു പോകാൻ സാധ്യത ഉള്ള എല്ലാ വികാരങ്ങളേയും സാഹചര്യങ്ങളേയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് ഈ ചിത്രം കഥ പറയുന്നത്.

Advertisement

അതിമനോഹരമായാണ് വിനീത് ശ്രീനിവാസൻ ഈ ചിത്രത്തിൽ കഥ പറഞ്ഞിരിക്കുന്നത്. വിനീത് ശ്രീനിവാസൻ എന്ന രചയിതാവിന്റേയും സംവിധായകന്റേയും ഏറ്റവും മികച്ച ചിത്രം എന്ന് ഹൃദയത്തെ നമ്മുക്ക് വിശേഷിപ്പിക്കാം. ഒരു സംവിധായൻ എന്ന നിലയിലും രചയിതാവ് എന്ന നിലയിലും വിനീത് കൈവരിച്ച വളർച്ചയും കയ്യടക്കവുമെല്ലാം ഹൃദയത്തെ മനോഹരമാക്കി മാറ്റി. പ്രേക്ഷകരെ കഥയുടെ ലോകത്തേക്ക് കൈപിടിച്ച് കൊണ്ട് പോയി, അവരെ ആ കഥയുടെ ഭാഗമാക്കി, കഥാപാത്രങ്ങളുടെ വൈകാരികമായ യാത്രക്കൊപ്പം ചേർത്ത് നിർത്തുന്ന ഒരു മാജിക് ആണ് ഈ ചിത്രത്തിൽ സംഭവിച്ചിരിക്കുന്നത്. അതിനു വിനീതിന്റെ രചനയിൽ ഉണ്ടായിരുന്ന സത്യസന്ധതയും അതുപോലെ അദ്ദേഹം ഒരുക്കിയ ദൃശ്യ ഭാഷക്ക് ഉണ്ടായിരുന്ന ഒഴുക്കും ലാളിത്യവും കാരണമായി. ആദ്യാവസാനം പ്രേക്ഷകരെ രസിപ്പിക്കുന്ന ഈ ചിത്രം അവരുടെ മനസ്സിൽ തൊടുന്നു എന്ന് മാത്രമല്ല, ചിത്രം കണ്ടിറങ്ങുമ്പോൾ ഹൃദയം എന്ന ഈ ചിത്രം അവരുടെ ഹൃദയത്തിൽ സൂക്ഷിക്കാൻ കഴിയുന്ന എന്തെങ്കിലുമൊന്ന് ഓരോരുത്തർക്കും നൽകുന്നുമുണ്ട്. അത് തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം. അഭിനേതാക്കളുടെഗംഭീര പ്രകടനം മുതൽ സാങ്കേതിക പ്രവർത്തകരുടെ മനോഹരമായ സംഭാവനകൾ വരെ അതിനു ഈ ചിത്രത്തെ സഹായിച്ചിട്ടുണ്ട്.

അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായി പ്രണവ് മോഹൻലാൽ നടത്തിയത് ഈ നടന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ്. തന്റെ റേഞ്ച് എന്താണെന്നും തന്റെ പ്രതിഭ ഏതു തലത്തിൽ ആണ് നിൽക്കുന്നത് എന്നും പ്രണവ് നമ്മുക്ക് കാണിച്ചു തരുന്നു. വെറും മൂന്നു ചിത്രത്തിന്റെ അഭിനയ പരിചയവുമായി എത്തിയ ഈ നടൻ, ഈ ചിത്രത്തിൽ ഒരു കഥാപാത്രത്തിന്റെ വ്യത്യസ്തമായ വൈകാരിക തലങ്ങളിലൂടെ നടത്തിയ യാത്ര അതിമനോഹരമായിരുന്നു. മികച്ച സംവിധായകരുടെ കൈകളിലൂടെ കയറിപോയാൽ ഈ നടൻ നാളെ മലയാള സിനിമയ്ക്കു അഭിമാനമായി മാറുമെന്നുറപ്പ് . കണ്ണുകളിലൂടെ ഭാവങ്ങളും വികാരങ്ങളും പ്രേക്ഷകരുടെ മനസ്സിലെത്തിക്കാനുള്ള സിദ്ധി വളരെ അപൂര്വ്വം നടന്മാർക്ക് മാത്രം ലഭിക്കുന്ന ഒന്നാണ്. അത് ലഭിച്ചിട്ടുള്ള നടനാണ് പ്രണവ് മോഹൻലാൽ എന്ന് പറയാം നമ്മുക്ക്. അതുപോലെ ഗംഭീര പ്രകടനമാണ് ദർശന ആയി ദർശന രാജേന്ദ്രനും നടത്തിയത്. ഈ ചിത്രത്തിന്റെ നട്ടെല്ലുകളിൽ ഒന്നാണ് ദര്ശനയുടെ പ്രകടനം. കഥാപാത്രമായി സ്‌ക്രീനിൽ ജീവിച്ചു കാണിച്ചു തരികയായിരുന്നു ഈ നടി. കല്യാണി പ്രിയദർശൻ ഒരിക്കൽ തന്റെ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടി. നിത്യ എന്ന കല്യാണി കഥാപാത്രത്തിന് ഏറെ ആരാധകരെ സൃഷ്ടിക്കാൻ കഴിയുമെന്നുറപ്പ്. അത്രമാത്രം രസമായിരുന്നു കല്യാണിയെ സ്‌ക്രീനിൽ കണ്ടിരിക്കാൻ. അതോടൊപ്പം അജു വർഗീസ്, വിജയ രാഘവൻ, അശ്വത് ലാൽ , ജോണി ആന്റണി, ഒട്ടേറെ പുതുമുഖങ്ങൾ എന്നിവർ ഗംഭീര പ്രകടനവുമായി ശ്രദ്ധ നേടി. അശ്വത് ലാൽ നടത്തിയ പ്രകടനം ഈ യുവനടന് ഇനി ഒട്ടേറെ അവസരങ്ങൾ നേടിക്കൊടുക്കുമെന്നുറപ്പ്.

ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിലെ ഗാനങ്ങൾ ആണ്. പതിനഞ്ചു പാട്ടുകൾ ഒരു സിനിമയിൽ വരിക എന്നത് അപൂർവവും അസ്വാഭാവികവുമാണ്. ഒരു തരത്തിൽ പറഞ്ഞാൽ പാട്ടുകൾ ഒന്നിന് പുറകെ ഒന്നായി കയറി വന്നാൽ അത് സിനിമയുടെ ഒഴുക്കിനെ മുതൽ പ്രേക്ഷകരുടെ ആസ്വാദനത്തിന്റെ താളത്തെ വരെ ബാധിക്കാം. എന്നാൽ ഹിഷാം അബ്ദുൽ വഹാബ് ഒരുക്കിയ പതിനഞ്ചു ഗംഭീരമായ ഗാനങ്ങൾ ഈ ചത്രത്തിന്റെ ആത്മാവായി മാറി. അത്രമാത്രം ഈ ചിത്രത്തിന്റെ കഥ പറച്ചിലിനെ സഹായിച്ചിട്ടുണ്ട് ആ ഗാനങ്ങൾ. മനോഹരമായി ആ ഗാനങ്ങൾ ചിത്രത്തിൽ ചിത്രീകരിച്ച വിനീത് ശ്രീനിവാസനും അഭിനന്ദനം അർഹിക്കുന്നു. അതിമനോഹരമായ ദൃശ്യങ്ങൾ, ചിത്രത്തിന്റെ വ്യത്യസ്ത വൈകാരിക തലങ്ങൾക്കും മൂഡിനോടും ചേർന്നുനിന്നു കൊണ്ട് സമ്മാനിച്ച വിശ്വജിത് എന്ന ക്യാമറാമാനും, ആ ദൃശ്യങ്ങളുടേയും ഹിഷാമിന്റെ സംഗീതത്തിന്റെയും ഫിഞ്ചും താളവും ഒഴുക്കും നഷ്ടപ്പെടാതെ ഈ ചിത്രം എഡിറ്റ് ചെയ്ത രഞ്ജൻ എബ്രഹാം എന്ന എഡിറ്ററും നൽകിയ സംഭാവന വളരെ വലുതും നിർണ്ണായകവുമാണ്.

ഹൃദയം എന്ന ഈ ചിത്രം ഇത് കാണുന്ന ഓരോ പ്രേക്ഷകൻറെയും ഹൃദയം കീഴടക്കും എന്നുറപ്പു. പ്രേക്ഷകന് എന്നും തന്റെ മനസ്സിൽ സൂക്ഷിക്കാൻ ഉള്ള നിമിഷങ്ങൾ നൽകുന്ന ഈ ചിത്രം പ്രണയവും തമാശയും ആകാംഷ നിറക്കുന്ന മുഹൂർത്തങ്ങളും മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങൾ കൊണ്ടും സമ്പന്നമാണ്. നിറഞ്ഞ മനസ്സോടെ കണ്ടിറങ്ങാവുന്ന, വീണ്ടും വീണ്ടും കാണാൻ തോന്നുന്ന, ഹൃദയത്തിൽ ഒരുപാട് നിമിഷങ്ങൾ അവശേഷിപ്പിക്കുന്ന ഒരു മനോഹര ചലച്ചിത്ര കാവ്യമാണ് വിനീത് ശ്രീനിവാസൻ- പ്രണവ് മോഹൻലാൽ ടീമിന്റെ ഹൃദയം. നഷ്ടപ്പെടുത്തരുത് ഈ സിനിമാനുഭവം.

Advertisement

Copyright © 2017 onlookersmedia.

Press ESC to close