Friday, August 19

മലയാള സിനിമയിലെ പുതിയ ചരിത്രമായി കായംകുളം കൊച്ചുണ്ണി ; പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ദൃശ്യ വിസ്മയമീ ചിത്രം.

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ആരാധകരുടെ ആകാംഷ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ഇന്ന് കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ പ്രദർശനം ആരംഭിച്ചു. നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കി ഗോകുലം ഗോപാലൻ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസ് ആണ്. യുവ താരം നിവിൻ പോളി ടൈറ്റിൽ വേഷം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന അതിഥി വേഷത്തിൽ കമ്പ്ലീറ്റ് ആക്ടർ മോഹൻലാലും എത്തിയത് ഈ ചിത്രത്തെ കൂടുതൽ ജനങ്ങളുടെ ഇടയിലേക്ക് എത്തിച്ചു. വർഷങ്ങൾ നീണ്ട റിസർച് നടത്തി ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ബോബി- സഞ്ജയ് ടീം ആണ്. നിവിൻ പോളി, മോഹൻലാൽ എന്നിവരെ കൂടാതെ സണ്ണി വെയ്ൻ, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, പ്രിയ ആനന്ദ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരന്നിട്ടും ഉണ്ട്.

ഐതിഹ്യ മാലയിലൂടെ കേരളത്തിലെ ജനങ്ങൾക്ക് സുപരിചതനായ, ഇതിഹാസ തുല്യനായ കായംകുളം കൊച്ചുണ്ണി എന്ന കള്ളന്റെ കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. എന്നാൽ കൊച്ചുണ്ണി വെറും ഒരു കള്ളൻ ആയിരുന്നില്ല നമ്മുടെ ജനതയ്ക്ക്. കൊച്ചുണ്ണി എങ്ങനെയാണു കള്ളൻ ആയതു എന്നും കൊച്ചുണ്ണിയുടെ ജീവിതത്തിൽ പിന്നീട് എന്താണ് സംഭവിച്ചത് എന്നുമാണ് ചരിതവും ഫിക്ഷനും ഇടകലർത്തി റോഷൻ ആൻഡ്രൂസ്- ബോബി- സഞ്ജയ് ടീം ഈ ചിത്രത്തിലൂടെ നമ്മളോട് പറഞ്ഞിരിക്കുന്നത്.

ആദ്യമേ പറയേണ്ടത് ഈ ചിത്രത്തിന്റെ മേക്കിങ്ങിനെ കുറിച്ചാണ്. മലയാള സിനിമയിലെ ഒരുപക്ഷെ ഇത്രയും സാങ്കേതിക പൂർണ്ണതയിൽ ഒരു ചിത്രം ചിലപ്പോൾ വേറെ വന്നിട്ടുണ്ടാവില്ല. അത്ര മാത്രം ഗംഭീരമായാണ് റോഷൻ ആൻഡ്രൂസ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകനെ തന്റെ സീറ്റിൽ പിടിച്ചിരുത്തുന്ന തരത്തിലുള്ള ആവേശകരമായ ഒരു തിരക്കഥ ബോബി- സഞ്ജയ് ടീം ഒരുക്കിയപ്പോൾ അതിനു റോഷൻ ആൻഡ്രൂസ് എന്ന സംവിധായക പ്രതിഭ ചമച്ച ദൃശ്യ ഭാഷ വിസ്മയിപ്പിക്കുന്നത് ആയിരുന്നു. കൊച്ചുണ്ണിയുടെ ജീവിതത്തോടു പൂർണ്ണമായും സത്യസന്ധത പുലർത്തിയ ഈ ചിത്രം ഒരു ദൃശ്യ വിസ്മയമായാണ് അദ്ദേഹം നമ്മുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്‌മരിപ്പിക്കുന്ന സാങ്കേതിക മികവ് കായംകുളം കൊച്ചുണ്ണിക് അവകാശപ്പെടാം. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന വിധത്തിൽ വളരെ മനോഹരമായാണ് റോഷൻ ആൻഡ്രൂസ് കഥ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെ മികവുറ്റതാണ് ബോബി- സഞ്ജയ് ടീം ഒരുക്കിയ കഥാ സന്ദർഭങ്ങളും കഥാപാത്ര രൂപീകരണവും സംഭാഷണങ്ങളും. ഇവർ ഈ ചിത്രം പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിച്ച രീതി തന്നെയാണ് ഇതിനെ ഏറ്റവും മികച്ചതാക്കുന്നതു എന്നതിൽ യാതൊരു സംശയവുമില്ല.

നിവിൻ പോളി എന്ന നടന്റെയും താരത്തിന്റെയും കരിയർ ബെസ്റ്റ് പ്രകടനത്തിനാണ് കൊച്ചുണ്ണിയിലൂടെ പ്രേക്ഷകർ സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയിലെ സാധാരണക്കാരനായ കൊച്ചുണ്ണി ആയും രണ്ടാം പകുതിയിലെ കായംകുളം കൊച്ചുണ്ണി ആയും നിവിൻ നടത്തിയത് അത്ര മികച്ച പ്രകടനമാണ്. ലുക്ക് കൊണ്ട് മാത്രമല്ല ശരീര ഭാഷ കൊണ്ടും നിവിൻ എന്ന നടൻ ഞെട്ടിച്ചിട്ടുണ്ട്. കഥാപാത്രത്തിനായി ഈ നടൻ നടത്തിയ മുഴുവൻ പരിശ്രമത്തിന്റെയും ഫലം സ്‌ക്രീനിൽ നമ്മുക്ക് കാണാൻ കഴിയും.

ഇത്തിക്കര പക്കി ആയി മോഹൻലാൽ നടത്തിയ പ്രകടനത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല. ഇരുപതു മിനിറ്റുകൾ കൊണ്ട് പക്കി കേരളം കീഴടക്കി എന്ന് പറയാം നമ്മുക്ക്. ഇതുവരെ നമ്മൾ കാണാത്ത തരത്തിലുള്ള ഒരു പ്രത്യേക തരം സ്റ്റൈലിൽ ആണ് മോഹൻലാൽ പക്കിയെ അവതരിപ്പിച്ചത്. പക്കിയുടെ ചലനങ്ങളും ഡയലോഗുമെല്ലാം പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി. ആക്ഷൻ രംഗത്തിലും മോഹൻലാൽ തന്റെ മാജിക് ആവർത്തിച്ചതും പ്രേക്ഷകരെ ത്രസിപ്പിച്ചിട്ടുണ്ട്.

കേശവൻ ആയെത്തിയ സണ്ണി വെയ്ൻ തന്റെ വേഷം ഗംഭീരമാക്കിയപ്പോൾ കയ്യടി നേടിയ മറ്റൊരു കഥാപാത്രം ബാബു ആന്റണിയുടെ തങ്ങൾ ആയിരുന്നു. ഷൈൻ ടോം ചാക്കോ, പ്രിയ ആനന്ദ്, സുധീർ കരമന, സുനിൽ സുഗത, ഇടവേള ബാബു, പ്രിയങ്ക തിമേഷ്, സുദേവ് നായർ, മണികണ്ഠൻ ആചാരി, അമിത്, അനീഷ് ജി മേനോൻ , മുകുന്ദൻ, ജൂഡ് തുടങ്ങി എല്ലാവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും മികച്ചതാക്കിയിട്ടുണ്ട്.

ബിനോദ് പ്രധാൻ, നിരവ് ഷാ, സുധീർ പൾസനെ തുടങ്ങിയവർ നൽകിയ ദൃശ്യങ്ങൾ ഗംഭീരമായപ്പോൾ ചിത്രത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ചത് ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതമാണ്. അദ്ദേഹം ഈണം നൽകിയ ഗാനങ്ങളും മനോഹരമായിരുന്നു. ശ്രീകർ പ്രസാദിന്റെ മികച്ച എഡിറ്റിംഗ് ചിത്രത്തിന് ഒരു താളവും അതുപോലെ തന്നെ മികച്ച വേഗതയും പ്രദാനം ചെയ്തു.

ചുരുക്കി പറഞ്ഞാൽ, മലയാള സിനിമയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി മാറാൻ കെൽപ്പുള്ള ഒരു ഗംഭീര ചിത്രമാണ് കായംകുളം കൊച്ചുണ്ണി. എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന ഈ ചിത്രം മലയാള സിനിമയിലെ ഒരു ക്ലാസിക് ആയി മാറുമെന്ന് യാതൊരു സംശയവും ഇല്ല. അത്ര മികച്ച ഒരു ചലച്ചിത്രാനുഭവം ആണ് റോഷൻ ആൻഡ്രൂസും നിവിനും മോഹൻലാലും എല്ലാം ചേർന്ന് നമ്മുക്ക് സമ്മാനിച്ചിരിക്കുന്നതു.

Did you find apk for android? You can find new Free Android Games and apps.
7.5 Awesome
  • Direction 7
  • Artist Performance 8
  • Script 7.5
  • Technical Side 7.5
  • User Ratings (16 Votes) 7.2
Share.

About Author