വിശാലിന്റെ മാസ് ആക്‌ഷൻ ത്രില്ലർ ചിത്രം എനിമി; റിവ്യൂ വായിക്കാം

Advertisement

വ്യത്യസ്തമായ ആക്ഷൻ ചിത്രങ്ങൾ ഒരുക്കിയാണ് ആനന്ദ് ശങ്കർ എന്ന സംവിധായകൻ തമിഴ് സിനിമയിൽ ശ്രദ്ധ നേടിയെടുത്തത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ ചിത്രം പ്രഖ്യാപിക്കുമ്പോഴും ഏറെ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറുള്ളത്. ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ആനന്ദ് ശങ്കർ ഒരുക്കിയ എനിമി എന്ന ചിത്രം ദീപാവലി റിലീസ് ആയി ഇന്ന് പുറത്തു വന്നിരിക്കുകയാണ്. തമിഴിലെ വലിയ താരങ്ങളായ വിശാൽ, ആര്യ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്ന ഈ ചിത്രം, അതിന്റെ ഗംഭീര ടീസർ, ട്രൈലെർ എന്നിവ കൊണ്ട് തന്നെ റിലീസിന് മുൻപ് വലിയ ഹൈപ്പ് സൃഷ്ടിച്ചിരുന്നു. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം രചിച്ചതും സംവിധായകൻ തന്നെയാണ്.

സിംഗപ്പൂരിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. വിശാൽ, ആര്യ എന്നിവർ അവതരിപ്പിക്കുന്ന ചോഴൻ, രാജീവ് എന്നീ സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ചെറുപ്പം മുതൽ വലിയ മത്സര ബുദ്ധി വെച്ചു പുലർത്തിയിരുന്നവർ ആണിവർ. അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിൽ ഇവർക്ക് നേർക്ക് നേർ പോരാടേണ്ടി വരികയാണ്. എന്താണ് ആ സംഭവം എന്നും എങ്ങനെയാണ് ഇവർ നേർക്ക് നേരെ വരുന്നതു എന്നുമാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. നന്മയുടെയും തിന്മയുടെയും പക്ഷത്ത്, പരസ്പരം അറിയാവുന്ന രണ്ടു സുഹൃത്തുക്കൾ നിലയുറപ്പിക്കുമ്പോൾ സംഭവിക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളാണ് ഈ ചിത്രം കാണിച്ചു തരുന്നത്.

Advertisement

ആദ്യമേ തന്നെ കയ്യടി കൊടുക്കേണ്ടത് ആനന്ദ് ശങ്കർ എന്ന സംവിധായകന് തന്നെയാണ്. ഒരിക്കൽ കൂടി തന്നിൽ വിശ്വസിച്ച പ്രേക്ഷകരോടും അതുപോലെ ആരാധകരോടും നീതി പുലർത്താൻ ഒരു എഴുത്തുകാരൻ എന്ന നിലയിലും സംവിധായകനെന്ന നിലയിലും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ആക്ഷൻ ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന പ്രേക്ഷകരെ തൃപ്തിപ്പെടുത്താനുതകുന്ന വിധം ചിത്രം ഒരുക്കാൻ ആനന്ദ് ശങ്കർ ശ്രമിച്ചിട്ടുണ്ട് എന്ന് മാത്രമല്ല അതിൽ ഒരു പരിധി വരെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന രീതിയിൽ കഥ പറഞ്ഞതിനൊപ്പം തന്നെ ഒരു ആക്ഷൻ ത്രില്ലർ എന്ന നിലയിൽ അതിന്റെ വേഗത നിലനിർത്താനും സംവിധായകന് കഴിഞ്ഞു. ഏറെ പുതുമയുള്ള കഥാ സന്ദർഭങ്ങൾ അല്ലെങ്കിൽ കൂടി, അത് വളരെ വിശ്വസനീയമായി അവതരിപ്പിച്ചതിനൊപ്പം തന്നെ വിശാൽ, ആര്യ ആരാധകരെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും ഒരുക്കാനും ആനന്ദ് ശങ്കർ കാണിച്ച മിടുക്കാണ് ഈ ചിത്രത്തെ പിടിച്ചു നിർത്തുന്നത്. ഗാന രംഗങ്ങളുടെ മനോഹരമായ ആവിഷ്കാരവും എടുത്തു പറയേണ്ടത് ആണ്. കിടിലൻ ആക്ഷനും ഗാനങ്ങളും ട്വിസ്റ്റുകളും എല്ലാം നിറഞ്ഞ ഒരു ചിത്രമായി എനിമി അദ്ദേഹം നമ്മുക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്. കഥാ സന്ദര്ഭങ്ങളില് പുതുമ ഇല്ലായ്മയും, അതുപോലെ പ്രവചിക്കാൻ സാധിക്കുന്ന കഥാഗതിയുമെല്ലാം നെഗറ്റീവ് ആണെങ്കിലും ബോറടിപ്പിക്കാതെ പ്രേക്ഷകരെ രസിപ്പിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. കുറച്ചു ക്ലിഷേകൾ ഒഴിവാക്കി, തിരക്കഥ ഒന്നുകൂടി ബലപ്പെടുത്തിയിരുന്നു എങ്കിൽ, അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറിയേനെ എനിമി.

കേന്ദ്ര കഥാപാത്രങ്ങളായി വിശാൽ, ആര്യ എന്നിവർ നടത്തിയ അത്യുഗ്രൻ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റുകളിലൊന്ന്. ഇരുവരും വളരെ തീവ്രമായി തന്നെ തങ്ങളുടെ വേഷം വെള്ളിത്തിരയിൽ എത്തിച്ചു. അതിൽ തന്നെ ആര്യയുടെ പ്രകടനം പ്രത്യേക പ്രശംസ അർഹിക്കുന്നു. കുറച്ചു കൂടി ആഴം നൽകിയിരുന്നു എങ്കിൽ തമിഴ് സിനിമയിലെ ഏറ്റവും ഗംഭീരമായ നെഗറ്റീവ് റോളുകളിൽ ഒന്നായി മാറിയേനെ ആര്യയുടെ കഥാപാത്രം. തമ്പി രാമയ്യ ആണ് ശ്രദ്ധ നേടുന്ന മറ്റൊരു താരം. അത് പോലെ തന്നെ നായികാ വേഷങ്ങൾ ചെയ്ത മൃണാളിനി, മലയാളി താരം മമത മോഹൻദാസ് എന്നിവർ തങ്ങളുടെ വേഷങ്ങൾ ഭദ്രമാക്കിയപ്പോൾ, പ്രകാശ് രാജ്, കരുണാകരൻ എന്നിവരും ശ്രദ്ധ നേടുന്നു. ആർ ഡി രാജശേഖരൻ ഒരുക്കിയ ഓരോ ദൃശ്യ ഖണ്ഡങ്ങളും ചിത്രത്തിന്റെ സാങ്കേതിക മികവ് കൂട്ടിയപ്പോൾ, എസ് തമൻ ഒരുക്കിയ ഗാനങ്ങളും മികച്ചു നിന്നു. സാം സി എസ് ഒരുക്കിയ ഇതിന്റെ പശ്ചാത്തല സംഗീതവും നിലവാരം പുലർത്തിയിട്ടുണ്ട്. എഡിറ്റിംഗ് നിർവഹിച്ച റെയ്മണ്ട് ഡെറിക്കും തന്റെ ജോലി തൃപ്തികരമായി തന്നെ ചെയ്തിട്ടുണ്ട്.

എനിമി എന്നത് ആനന്ദ് ശങ്കർ സ്റ്റൈലിൽ ഒരുക്കിയ ഒരു കമ്പ്ലീറ്റ് ആക്ഷൻ എന്റെർറ്റൈനെർ ആണ്. ആക്ഷൻ ചിത്രങ്ങൾ ഇഷ്ട്ടപെടുന്നവർക്കും, അതുപോലെ വിശാൽ- ആര്യ ആരാധകർക്കും മികച്ച ഒരു തീയേറ്റർ അനുഭവം നല്കാൻ ഈ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ നിരാശ നൽകുന്ന ഒരു സിനിമാനുഭവമല്ല എനിമി എന്ന് ഉറപ്പിച്ചു പറയാൻ സാധിക്കും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close