തല അജിത്തിന്റെ ‘വലിമൈ’ റിവ്യൂ വായിക്കാം..!

Advertisement

ആരാധകരുടെയും സിനിമ പ്രേമികളുടെയും ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് ലോകമെമ്പാടും പ്രദർശനത്തിന് എത്തിയ തമിഴ് ചിത്രമാണ് അജിത് നായകനായ വലിമൈ . സൂപ്പർ ഹിറ്റ് ആയ തീരൻ അധികാരം ഒൺഡ്രൂ, നേർക്കൊണ്ട പാർവൈ എന്നീ മാസ്സ് ചിത്രങ്ങൾക്ക് ശേഷം എച് വിനോദ് ഒരുക്കിയ ഈ ആക്ഷൻ ത്രില്ലർ നിർമ്മിച്ചിരിക്കുന്നത് ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ ആണ്. സംവിധായകൻ എച് വിനോദ് തന്നെ തിരക്കഥയും രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ നായികാ വേഷം ചെയ്തു കൊണ്ട് എത്തിയിരിക്കുന്നത്ബോളിവുഡ് താരമായ ഹുമ ഖുറേഷി ആണ്. ഇ ഫോർ എന്റെർറ്റൈന്മെന്റ്സ് കേരളത്തിൽ വിതരണം ചെയ്തിരിക്കുന്ന ഈ ചിത്രം വലിയ ഹൈപ്പിൽ ആണ് എത്തിയത്. ഇതിന്റെ ടീസർ, ട്രൈലെർ, പ്രോമോ വീഡിയോസ് എന്നിവ ഒരു മെഗാ മാസ്സ് ആക്ഷൻ ത്രില്ലർ ആണ് വരുന്നത് എന്ന പ്രതീക്ഷ സൃഷ്ടിച്ചിരുന്നു.

അസിസ്റ്റന്റ് കമ്മിഷണർ ഓഫ് പോലീസ് ആയ അർജുൻ എന്ന കഥാപാത്രത്തെ ആണ് തല അജിത് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.കൊളംബിയൻ മയക്കു മരുന്നു സംഘത്തിന്റെ കയ്യിൽ നിന്ന്, ഒരു തമിഴ് ബൈക്കർ സംഘം മയക്ക് മരുന്ന് കൊള്ളയടിക്കുന്ന രംഗത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. തുടർന്ന് അവർ ചെന്നൈയിൽ നടത്തുന്ന കൊള്ള, കൊല, മയക്ക് മരുന്ന് വ്യാപാരം എന്നിവരുടെ ഭീകരത നമ്മുക്ക് കാണിച്ചു തരുന്നു. ആ കേസ് അന്വേഷിക്കാൻ ആണ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ അർജുൻ എത്തുന്നത്. ഒപ്പം നർക്കോട്ടിക് ടീമിലെ സോഫിയയും ഉണ്ട്. അവർ സാത്താനിക് സ്ലെവ് എന്ന ബൈക്കർ ഗ്യാങിന്റെ നീക്കങ്ങൾ തിരിച്ചറിയുന്നു. അതോടെ ചിത്രത്തിന്റെ കഥാഗതി മാറുന്നു. അതിനൊപ്പം അർജുന്റെ കുടുംബവും കഥയുടെ ഭാഗം ആവുന്നുണ്ട്. മദ്യപനായ ചേട്ടനും, ജോലി ഇല്ലാത്ത എൻജിനീയറിങ് കഴിഞ്ഞ അനിയനും അർജുന്റെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

Advertisement

ഹോളിവുഡ് ചിത്രങ്ങളെ പോലെ ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ത്രില്ലർ ചിത്രമാണ് എച് വിനോദ് എന്ന സംവിധായകൻ തല അജിത്തിന്റെ ആരാധകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന രീതിയിലാണ് ഈ ചിത്രത്തിന്റെ ആദ്യ പകുതിയിൽ തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആരാധകർക്ക് ആഘോഷിക്കാൻ ഉള്ളതിനൊപ്പം തന്നെ അജിത് എന്ന നടനെ നല്ല രീതിയിൽ ഉപയോഗിക്കാനുള്ള ശ്രമവും ചിത്രത്തിൽ നടത്തിയിട്ടുണ്ട് എന്നത് ഇതിന്റെ അവതരണത്തിൽ തെളിഞ്ഞു കാണാൻ സാധിക്കും. അനാവശ്യമായി മാസ്സ് രംഗങ്ങൾ കുത്തിത്തിരുകാതെ കഥാ സന്ദർഭങ്ങളെയും കഥാപാത്രങ്ങളെയും മാസ്സ് ആയി അവതരിപ്പിക്കാൻ ആണ് വിനോദ് ശ്രമിച്ചത്. ഓരോ കഥാപാത്രത്തിനും വ്യക്തമായ ഒരു ഐഡന്റിറ്റി നൽകാനും അത് പോലെ തന്നെ കഥാ സന്ദര്ഭങ്ങൾക്കു വിശ്വസനീയത പകരാനും വിനോദിന് ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളും, ആരാധകർക്ക് ആഘോഷിക്കാനുള്ള കിടിലൻ ഡയലോഗുകളും ചിത്രത്തിന്റെ ലെവൽ ഉയർത്തിയിട്ടുണ്ട്. ഇതിലെ ബൈക്ക് കൊണ്ടുള്ള സംഘട്ടന രംഗങ്ങൾ അവിശ്വനീയമായ പൂർണ്ണതയോടെയാണ് ഒരുക്കിയിരിക്കുന്നത്. ഡ്യൂപ് ഉപയോഗിക്കാതെ അജിത് നടത്തിയ ആക്ഷൻ പ്രകടനവും ത്രസിപ്പിക്കുന്നത് ആണ്.

ഇന്റർവെൽനു മുന്നേ ഉള്ള ബൈക്ക് ചേസ്, സംഘട്ടന രംഗങ്ങൾ അതിഗംഭീരമായാണ് ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ നെഗറ്റീവ് ഇതിലെ വൈകാരിക രംഗങ്ങൾ ആണ്. ഒരു ഫീലും പ്രേക്ഷകന് നൽകാൻ അതിനു സാധിച്ചിട്ടില്ല എന്നു മാത്രമല്ല, പല സമയത്തും മേലോഡ്രാമ ആയതോടെ രണ്ടാം പകുതിയെ അത് പിന്നോട്ടു വലിച്ചു. എങ്കിലും ആക്ഷൻ സീനുകൾ ചിത്രത്തെ രക്ഷിക്കുന്നുണ്ട്. രണ്ടാം പകുതിയിൽ തിരക്കഥ ദുര്ബലമായതാണ് ചിത്രത്തെ ബാധിച്ചത്. ആക്ഷൻ രംഗങ്ങൾ ഒരുക്കിയതിലെ മികവ് രണ്ടാം പകുതിയിലെ കഥയുടെ ഘടനയിൽ കാണാൻ കഴിഞ്ഞില്ല.

ഗംഭീരമായ പ്രകടനമാണ് ഈ ചിത്രത്തിൽ അജിത് കാഴ്ച വെച്ചതെന്ന് പറഞ്ഞാൽ അത് കുറഞ്ഞു പോകും. തന്റെ അപാരമായ സ്ക്രീൻ പ്രസൻസ് കൊണ്ടും ആക്ഷൻ രംഗങ്ങളിൽ പുലർത്തിയ അസാമാന്യ മെയ് വഴക്കം കൊണ്ടും അജിത് കയ്യടി നേടി. അതിനൊപ്പം അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറി അസാധ്യമായിരുന്നു എന്നും എടുത്തു പറയണം. പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച ഹുമ ഖുറേഷി പക്വതയാർന്ന പ്രകടനമാണ് ഒരിക്കൽ കൂടി നമ്മുക്ക് മുന്നിൽ കാഴ്ച വെച്ചത്. അജിത് കഴിഞ്ഞാൽ ഈ ചിത്രത്തിന്റെ ജീവനായി നിന്നതു കാർത്തികേയ അവതരിപ്പിച്ച വില്ലൻ കഥാപാത്രമാണ്. ഓരോ നോട്ടത്തിലും അംഗ ചലനത്തിലും വരെ ഒരു മാസ്സ് വില്ലന്റെ സ്റ്റൈൽ കൊണ്ട് വന്ന കാർത്തികേയ എന്ന നടൻ പ്രേക്ഷകരുടെ മനസ്സ് കീഴടക്കി. ബാനി, സുമിത്ര, യോഗി ബാബു, പുകഴ്, ധ്രുവൻ, ദിനേശ് പ്രഭാകർ, പേർളി മാണി, സിൽവ, ജി എം സുന്ദർ, അച്യുത് കുമാർ, കാർത്തിക് രാജ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചു.

ഈ ചിത്രത്തിന് വേണ്ടി നീരവ് ഷാ എന്ന പരിചയ സമ്പന്നനായ ക്യാമറാമാൻ നൽകിയ സംഭാവന നിസ്തുലമായിരുന്നു. വിസ്മയിപ്പിക്കുന്ന ദൃശ്യങ്ങളാണ് അദ്ദേഹം ഈ ചിത്രത്തിന് വേണ്ടി ഒരുക്കിയത്. ഒരു ഹോളിവുഡ് ആക്ഷൻ ചിത്രം കാണുന്ന പ്രതീതി ഉണർത്താൻ അദ്ദേഹം നമ്മുക്ക് മുന്നിലെത്തിച്ച ആ ദൃശ്യങ്ങൾക്കായി. ആ ദൃശ്യങ്ങളോട് ജിബ്രാന്റെ മാസ്സ് മ്യൂസിക് ഇഴ ചേർന്നതോടെ ഈ ചിത്രത്തിലെ ഓരോ മാസ്സ് രംഗവും പ്രേക്ഷകനെ കോരിത്തരിപ്പിച്ചു എന്ന് പറയാം. യുവാൻ ശങ്കർ രാജ ഒരുക്കിയ ഗാനങ്ങൾ വെറും ശരാശരിയിൽ ഒതുക്കിയത് നെഗറ്റീവ് ആയി. വിജയ് വേലുക്കുട്ടി ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. മികച്ച വേഗതയിൽ ഒരു നിമിഷം പോലും സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കാൻ പറ്റാത്ത രീതിയിലാണ് ചിത്രം ആദ്യ പകുതിയിൽ മുന്നോട്ടു പോയതെങ്കിൽ അതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് കൂടി അവകാശപെട്ടതാണ് എന്ന് പറയണം. പക്ഷെ രണ്ടാം പകുതിയിൽ മേലോഡ്രാമ കടന്നു വന്നത് വേഗത കുറച്ചു. ചിത്രത്തിന്റെ ഒഴുക്ക് മുറിഞ്ഞ് പോകുന്നത് രണ്ടാം പകുതിയെ ബാധിച്ചിട്ടുണ്ട്.

ചുരുക്കി പറഞ്ഞാൽ വലിമൈ ഒരു ശരാശരിക്കു മുകളിൽ നിൽക്കുന്ന ആക്ഷൻ എന്റർടൈനറാണ്. അജിത് ആരാധകരെ ആവേശത്തിന്റെ ലോകത്തു എത്തിക്കുന്ന ഒരു പക്കാ പൈസ വസൂൽ ആക്ഷൻ ത്രില്ലർ എന്ന് ഇതിനെ നമ്മുക്ക് വിശേഷിപ്പിക്കാം. മാസ്സ് ആക്ഷൻ ചിത്രങ്ങൾ ഇഷ്ട്ടപെടുന്ന ഓരോ സിനിമാപ്രേമിക്കും, ആക്ഷൻ സീനുകളുടെ ഗുണം കൊണ്ട് ഇത് ത്രസിപ്പിക്കുന്ന ഒരു ഫീൽ കൊടുക്കാൻ സാധ്യത ഉണ്ട്. ഏതായാലും അജിത്തിന്റെ വലിമൈ നിരാശപ്പെടുത്തില്ല എന്നുറപ്പാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close