എന്റെ സന്തോഷം എന്റെ പ്രേക്ഷകർക്ക് കൂടി അവകാശപ്പെട്ടതാണ്; വൈറലായി വിക്രമിന്റെ വാക്കുകൾ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ചിയാൻ വിക്രം നായകനായി ഈ കഴിഞ്ഞ ഫെബ്രുവരിൽ റിലീസ് ചെയ്ത ചിത്രമാണ് മഹാൻ. ആമസോൺ പ്രൈം റിലീസ് ആയി എത്തിയ ഈ ചിത്രം മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. വിക്രമും മകൻ ധ്രുവ് വിക്രമും ആദ്യമായി ഒന്നിച്ചഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് സൂപ്പർ ഹിറ്റ് സംവിധായകനായ കാർത്തിക് സുബ്ബരാജ് ആണ്. ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് വിക്രം എന്ന നടന്റെ ഗംഭീര പ്രകടനം ആയിരുന്നു. ഗാന്ധി മഹാൻ എന്ന കേന്ദ്ര കഥാപാത്രമായി മിന്നുന്ന പ്രകടനമാണ് വിക്രം കാഴ്ച വെച്ചത്. ഒരേ സമയം ഒരു ഗ്യാങ്സ്റ്റർ ഡ്രാമ പോലെയും, അച്ഛൻ- മകൻ ബന്ധം അവതരിപ്പിക്കുന്ന ചിത്രം പോലെയുമാണ് കാർത്തിക് സുബ്ബരാജ് ഈ ചിത്രം ഒരുക്കിയത്. ഇപ്പോഴിതാ മഹാൻ ഒരു വലിയ വിജയമായി തീരാൻ കാരണമായ എല്ലാവർക്കും നന്ദി പറഞ്ഞു കൊണ്ട് വിക്രം കുറിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ കഥാപാത്രമായ ഗാന്ധി മഹാൻ പറയുന്ന വാക്കുകൾ കുറിച്ചു കൊണ്ടാണ് വിക്രം ആരംഭിക്കുന്നത്. “ജീവിതം ചുമ്മാ ഒരുമാതിരി പണക്കാരനെ പോലെ മാത്രം ജീവിച്ച് മരിച്ച അവസ്ഥയാകരുത്, ജീവിതം ഒന്നേ ഉള്ളു ഒരു ചരിത്രം ഉണ്ടാക്കീട്ടെ പോകാവു – ഗാന്ധി മഹാൻ”.

അതിനു ശേഷം വിക്രം പറയുന്നത് ഇങ്ങനെ, “ജീവിതത്തിലെ വളരെ സുന്ദരമായ മുഹൂർത്തങ്ങളിൽ ഒന്നാണ് നമ്മൾ ഏറ്റവും പ്രയത്നിച്ച് നേടുന്ന വിജയം ആസ്വദിക്കുന്ന നിമിഷം. ‘മഹാൻ ‘ അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു. അഞ്ച് ബഹുഭാഷ ചലച്ചിത്ര മേഖലകളിലേക്ക് മൊഴിമാറ്റി കടന്നു ചെന്ന് ഒരു ‘മെഗാഹിറ്റ്‌ ‘ ആയി മാറുവാൻ ചിത്രത്തിന് കഴിഞ്ഞുവെന്നത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നു. കുറേ നാളുകൾക്ക് ശേഷമാണ് ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ രാജ്യത്തെമ്പാടുമുള്ള എന്റെ പ്രിയപ്പെട്ട ആരാധകരെയും അഭ്യുദയകാംക്ഷികളെയും കാണുവാനായി എത്തിയിരിക്കുന്നത്. ‘മഹാൻ’ ഒരു മെഗാഹിറ്റ്‌ ആക്കി മാറ്റിയ നിങ്ങളോട് നന്ദി പറയാൻ പറ്റിയ സമയം ഇതാണെന്നത്കൊണ്ട് തന്നെ. സിനിമ ഒരു ആഘോഷമാക്കി മാറ്റിയ എല്ലാവരോടും ഒരുപാട് സ്നേഹം അറിയിക്കുന്നു. നിങ്ങളോരോരുത്തരുടെയും റീൽസ്, മിംസ്, ട്വീറ്റ്സ്, പിന്നെ നേരിട്ടറിയിച്ച ആശംസകളും നിങ്ങൾക്ക് എന്നോടുള്ള സ്നേഹവും കരുതലും എന്നെ വീണ്ടും നിങ്ങളിലേക്ക് തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു. കൂടുതൽ ഉത്തരവാദിത്തബോധമുള്ള ഒരു കലാകാരനെന്ന നിലയ്ക്ക് ഞാൻ ഇതെല്ലാം ഏറ്റവും കൃതാര്ഥതയോടെ, ഇഷ്ടത്തോടെ ഓർക്കും.

നന്ദി, കാർത്തിക് സുബ്ബരാജ്.. ‘മഹാൻ’ എന്ന ചലച്ചിത്രം സമ്മാനിച്ചതിന്, ഏറ്റവും മികച്ച രീതിയിൽ എന്റേതായ ശൈലിയിൽ നിന്ന് തന്നെ ‘ഗാന്ധി മഹാൻ’ എന്ന വേഷം പകർന്നാടാൻ എന്നെ അനുവദിച്ചതിന്. നന്ദി, ബോബി.. നിന്നിൽ അല്ലാതെ എന്റെ ‘സത്യ’യെ മറ്റൊരാളിലും കാണാൻ കഴിയില്ല. നന്ദി, സിമ്രാൻ.. എപ്പോഴത്തെയും പോലെ അസാധ്യമായിട്ടുള്ള അഭിനയത്തിന്..നന്ദി, ധ്രുവ്.. ദാദയുടെ വേഷവും അദ്ദേഹത്തിന്റെ അന്യദൃശ്യമായ ഭാവപ്പകർച്ചകളും മനോഹരമായി അവതരിപ്പിച്ചതിന്.. നന്ദി.. ചോരയും വിയർപ്പും കണ്ണീരും നൽകി മഹാനെ മഹത്തരമാക്കാൻ പ്രയത്നിച്ച ‘മഹാൻ ഗ്യാംഗിന് ‘.. നന്ദി… സന, ശ്രേയസ്, ദിനേശ് നിങ്ങളുടെ കഴിവുകൾ നിറഞ്ഞാടിയ സ്‌ക്രീനിൽ ഭാഗമാകാൻ കഴിഞ്ഞതിന്.. നന്ദി, മഹാൻ യാഥാർഥ്യമക്കിയ നിർമാതാവിന്.. നന്ദി, ആമസോൺ പ്രൈമിന്, ലക്ഷകണക്കിന് വീടുകളിലെ സ്വീകരണമുറികളിലേക്ക്, ലക്ഷകണക്കിന് ഹൃദയങ്ങളിലേക്ക് എന്നെ, ഞങ്ങളെ,’മഹാനെ’ എത്തിച്ചതിന്…”

Did you find apk for android? You can find new Free Android Games and apps.
Share.

About Author