നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ശിവകാര്‍ത്തികേയന്‍..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

സിനിമയില്‍ അഭിനയിച്ചതിന് പറഞ്ഞ പ്രതിഫലം ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രശസ്ത തമിഴ് നടനായ ശിവകാർത്തികേയൻ. പ്രമുഖ ബാനര്‍ ആയ സ്റ്റുഡിയോ ഗ്രീനിന് എതിരെയാണ് ശിവകാര്‍ത്തികേയന്‍റെ പരാതി വന്നിരിക്കുന്നത്. സ്റ്റുഡിയോ ഗ്രീനിന്‍റെ ഉടമ കെ ഇ ജ്ഞാനവേല്‍ രാജയ്ക്കെതിരെയാണ് ശിവകാര്‍ത്തികേയന്‍റെ ആരോപണം വന്നിരിക്കുന്നത്. 2019 ല്‍ പുറത്തെത്തിയ, താൻ നായകനായി അഭിനയിച്ച മിസ്റ്റര്‍ ലോക്കല്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിന്, നിർമ്മാതാവ് തനിക്ക് നല്‍കാമെന്നേറ്റത് 15 കോടിയാണെന്നും എന്നാല്‍ ഇതില്‍ 11 കോടി മാത്രമേ ഇതുവരെ നല്കിയിട്ടുള്ളെന്നുമാണ് ശിവകാർത്തികേയൻ തന്റെ പരാതിയിൽ പറയുന്നത്. അതോടൊപ്പം തന്നെ, തനിക്കു നല്‍കിയ 11 കോടിയുടെ ടിഡിഎസ് അടച്ചിരുന്നില്ലെന്നും ശിവകാര്‍ത്തികേയന്‍ പറയുന്നുണ്ട്. 2018 ജൂലൈ 6ന് ആയിരുന്നു മിസ്റ്റര്‍ ലോക്കലിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കാനായി ശിവകാര്‍ത്തികേയനും സ്റ്റുഡിയോ ഗ്രീനും തമ്മില്‍ കരാർ ഉണ്ടാക്കിയത്. 15 കോടി പല തവണകളായി നല്‍കുമെന്നും അവസാന ഒരു കോടി സിനിമയുടെ റിലീസിനു മുന്‍പ് നല്‍കാമെന്നുമായിരുന്നു കരാര്‍ എന്നും അദ്ദേഹം പരാതിയിൽ എടുത്തു പറയുന്നുണ്ട്.

എന്നാൽ നൽകാനുള്ള 4 കോടിയുടെ കാര്യം പലകുറി ശ്രദ്ധയില്‍ പെടുത്തിയിട്ടും പണം ലഭിച്ചില്ലെന്നും ശിവകാർത്തികേയൻ ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മാതാവില്‍ നിന്നും ലഭിച്ച 11 കോടിയുടെ ടിഡിഎസ് അടയ്ക്കാത്തത് ചൂണ്ടിക്കാട്ടി ശിവകാര്‍ത്തികേയന് ഫെബ്രുവരി 1ന് ആദായനികുതി വകുപ്പിന്‍റെ ഒരു നോട്ടീസ് ലഭിച്ചതും പ്രശ്നം വഷളാക്കി. ആദായനികുതി വകുപ്പ് 91 ലക്ഷം രൂപയാണ് ശിവകാർത്തികേയനിൽ നിന്ന് പിഴയായി ഈടാക്കിയത്. നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് വന്ന വീഴ്ച ചൂണ്ടിക്കാട്ടി പെട്ടെന്ന് തന്നെ അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചതും ഇതുകൊണ്ടാണ്. ഈ കേസില്‍ തീര്‍പ്പാകുന്നതുവരെ മറ്റു സിനിമകളില്‍ പണം നിക്ഷേപിക്കാന്‍ ജ്ഞാനവേല്‍ രാജയെ അനുവദിക്കരുതെന്നും, റിബല്‍, ചിയാന്‍ 61, പത്തു തല എന്നീ സ്റ്റുഡിയോ ഗ്രീൻ ചിത്രങ്ങൾ തിയറ്റര്‍ റിലീസിനുവേണ്ടി വിതരണക്കാര്‍ക്കോ ഡയറക്ട് റിലീസിനുവേണ്ടി ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കോ വില്‍ക്കുന്നതില്‍ നിന്ന് നിര്‍മ്മാതാവിനെ തടയണമെന്നും തന്റെ ഹർജിയിൽ ശിവകാർത്തികേയൻ ആവശ്യപ്പെടുന്നു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author