കൊച്ചുണ്ണിയുടെ മുന്നൊരുക്കങ്ങൾ അമ്പരപ്പിക്കും; വരുന്നത് ബ്രഹ്മാണ്ഡ ചിത്രം

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

റോഷൻ ആൻഡ്രൂസ് – നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ അതിഥി വേഷത്തിലുമെത്തുന്ന ഈ താര സമ്പന്നമായ ചിത്രം രചിച്ചത് ബോബി- സഞ്ജയ് ടീമും നിർമ്മിച്ചിരിക്കുന്നത് ഗോകുലം ഗോപാലനുമാണ്. അടുത്ത മാസം റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രം ബജറ്റ് കൊണ്ടോ താര നിര കൊണ്ടോ മാത്രമല്ല ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മലയാള സിനിമയിൽ ഇന്നേ വരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ആശയം വളരെ വിദഗ്ദ്ധമായി ഉപയോഗിച്ച് അതിൽ വിജയവും നേടി കൊണ്ടാണ് കായംകുളം കൊച്ചുണ്ണി ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രെവിസ് എന്നറിയപ്പെടുന്ന ഒരു നവീന ആശയമാണ് അത്.

വലിയ ബഡ്ജറ്റിൽ ഒരുക്കുന്ന, ഒരുപാട് ദിനങ്ങൾ ചിത്രീകരണത്തിന് ആവശ്യമായി വരുന്ന, ഒരു കാലഘട്ടം തന്നെ പുനഃസൃഷ്ടിക്കേണ്ടി വരുന്ന ചിത്രങ്ങൾക്കാണ് ഈ ആശയം ഉപയോഗിക്കുന്നത്. ചിത്രത്തിലെ ഓരോ ചെറിയ ചലനങ്ങൾ പോലും കൃത്യമായി ചർച്ച ചെയ്യുക, അത് എപ്രകാരമാണ് ഷൂട് ചെയ്യേണ്ടത് എന്ന് തീരുമാനിക്കുക എന്നതൊക്കെ ഇതിൽ പെടും. തിരക്കഥ രചിക്കുന്നതിനു മുൻപേ തന്നെ ആർട്ട്, കോസ്റ്റ്യും, മേക്കപ്പ് എന്നിങ്ങനെ ചിത്രത്തിന്റെ എല്ലാ ഡിപ്പാർട്ട്‌മെന്റുകൾക്കും അവരുടേതായ വിഭാഗങ്ങളിൽ ഗവേഷണങ്ങൾ നടത്തുവാൻ ഒരു റീസേർച്ച് വിങ് രൂപീകരിക്കുകയും അവരുടെ ഒരു ക്രിയേറ്റീവ് മീറ്റിംഗ് നടത്തുകയും ചെയ്യുന്നു. ഛായാഗ്രഹണം, സംഘട്ടനം, പ്രോജക്ട് ഡിസൈൻ എന്നിങ്ങനെ ഓരോ മേഖലയിലും ഉള്ളവർ അവർ തേടി കണ്ടുപിടിച്ച വിവരങ്ങളുമായി ഈ മീറ്റിങ്ങിൽ എത്തും. ലൊക്കേഷൻ മാനേജർ വരെ പങ്കെടുക്കുന്ന ഈ മീറ്റിങ്ങിൽ ഓരോരുത്തരും അവരുടെ കണ്ടുപിടിത്തങ്ങളും ആശയങ്ങളും പങ്കു വെക്കുകയും അതിലൂടെ ഒരു കാലഘട്ടം പുനർസൃഷ്ടിക്കുക എന്ന ബുദ്ധിമുട്ടേറിയ പ്രയത്‌നത്തെ ലഘൂകരിക്കാൻ സാധിക്കുകയും ചെയ്യുന്നു.

സംവിധായകൻ റോഷൻ ആൻഡ്രൂസിന്റെ നേതൃത്വത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് ഒരു മാസം മുൻപ് ആഗസ്റ്റ് 5, 6 തീയതികളിൽ എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ ആണ് കായംകുളം കൊച്ചുണ്ണി ടീമിന്റെ ക്രിയേറ്റീവ് മീറ്റിംഗ് നടന്നത്. എവിടെ, എപ്പോൾ, എങ്ങനെയെല്ലാം ഷൂട്ട് ചെയ്യാം, മേക്കപ്പ് എങ്ങനെയായിരിക്കണം, കോസ്റ്റ്യും എപ്രകാരമായിരിക്കണം എന്നുള്ള കാര്യങ്ങൾ തുടങ്ങി ആദ്യത്തെ സീൻ മുതൽ ക്ലൈമാക്സ് വരെ ഓരോ രംഗവും എങ്ങനെയാണ് ചിത്രീകരിക്കുക എന്നുള്ള ഒരു വ്യക്തമായ ധാരണ ആ മീറ്റിങ്ങിലൂടെ അണിയറ പ്രവർത്തകർ ഉണ്ടാക്കിയെടുത്തു.

ആക്ഷൻ രംഗങ്ങൾ വരെ ഷോട്ട് ഡിവിഷൻ ഉൾപ്പെടെയാണ് അവിടെ പ്ലാൻ ചെയ്തത്. ലൊക്കേഷന്റെ ചിത്രങ്ങളുടെ സഹായത്തോടെ ഓരോ രംഗവും എങ്ങനെ ഏത് ആങ്കിളിൽ നിന്ന് ഷൂട്ട് ചെയ്യും എന്നെല്ലാം ആ മീറ്റിംഗിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തു. 165 ദിവസം കൊണ്ട് കൊച്ചി, മാംഗ്ലൂർ, ഉഡുപ്പി, കഡബ, ഗോവ, പാലക്കാട്, ശ്രീലങ്ക എന്നിവിടങ്ങളിലായി യാതൊരു ആശയ കുഴപ്പങ്ങളുമില്ലാതെ ചിത്രീകരണം പൂർത്തിയാക്കാൻ ഈ ടീമിനെ സഹായിച്ചത് ഈ ആശയമാണ്.

വമ്പൻ ചിത്രങ്ങൾ ഒരുപാട് വരുന്ന ഈ സാഹചര്യത്തിൽ മലയാള സിനിമയ്ക്കു ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു ആശയം തന്നെയാണ് കായംകുളം കൊച്ചുണ്ണി ടീം പരീക്ഷിച്ചു വിജയിപ്പിച്ചു കാണിച്ചു തന്നിരിക്കുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author