പ്രശസ്ത മലയാള നടൻ റിസബാവ അന്തരിച്ചു; ആദരാഞ്ജലികൾ അർപ്പിച്ചു സിനിമാ ലോകം..!

Advertisement

പ്രശസ്ത മലയാള നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന റിസബാവ അന്തരിച്ചു. മൂന്ന് ദിവസം മുമ്പ് പക്ഷാഘാതത്തെ തുടർന്ന് റിസ ബാവയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു എങ്കിലും ഇന്ന് മരണപ്പെടുകയായിരുന്നു. ഷാജി കൈലാസ് ഒരുക്കിയ ഡോക്ടർ പശുപതിയിലൂടെ നായകനായെത്തിയ റിസബാവ, സിദ്ദിഖ്- ലാൽ ടീമിന്റെ സൂപ്പർ ഹിറ്റ് ചിത്രം ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന വില്ലന്‍ വേഷത്തിലൂടെയാണ് കേരളത്തിൽ വലിയ താരമായി മാറിയത്. ഡബ്ബിങ് ആർട്ടിസ്റ്റ് ആയും പ്രവർത്തിച്ചിരുന്ന അദ്ദേഹം മിനി സ്ക്രീനിലും തിളക്കമാർന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ഏതായാലും ഇപ്പോൾ തങ്ങളുടെ പ്രിയ സഹപ്രവർത്തകന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് മുന്നോട്ടു വരികയാണ് മലയാള സിനിമാ ലോകം. 120ലേറെ സിനിമകളിലും ഒട്ടേറെ സീരിയലുകളിലും വേഷമിട്ട അദ്ദേഹത്തിന് അറുപതു വയസ്സായിരുന്നു മരിക്കുമ്പോൾ. വൃക്കരോഗത്തിന് ഏറെക്കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം. നായകനായും വില്ലനായും സഹനടനായും അദ്ദേഹം മികച്ച കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്.

എറണാകുളം തോപ്പുംപടി സ്വദേശിയായ റിസബാവ നാടകങ്ങളിലൂടെയാണ് കലാജീവിതത്തിനു ആരംഭം കുറിച്ചത്. 1984ൽ വിഷുപ്പക്ഷി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയതെങ്കിലും ആ ചിത്രം വെളിച്ചം കണ്ടില്ല. കർമ്മയോഗി എന്ന സിനിമയുടെ ഡബ്ബിങിന് 2011ൽ മികച്ച ഡബ്ബിങ് ആര്ടിസ്റ്റിനുള്ള സംസഥാന ചലച്ചിത്ര പുരസ്‍കാരവും നേടിയിട്ടുള്ള റിസബാവയുടെ അവസാന ചിത്രം മമ്മൂട്ടി നായകനായ വൺ ആയിരുന്നു. ദിലീപ് നായകനായ പ്രൊഫസ്സർ ഡിങ്കൻ, നിവിൻ പോളി- ആസിഫ് അലി ടീം പ്രധാന വേഷത്തിലെത്തുന്ന മഹാവീര്യർ എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. ഈ ചിത്രങ്ങൾ ഇനിയും റിലീസ് ചെയ്തിട്ടില്ല. ഇരുപതോളം ടെലിവിഷൻ സീരിയലുകളിലാണ് അദ്ദേഹം അഭിനയിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close