ഭൂമിയിലെ അവസാനത്തെ ഓടിയനാകാന്‍ മോഹന്‍ലാല്‍…

Advertisement

ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ഇഫക്ടുകളുടെ അനന്യാനുഭവവുമായി മോഹൻലാലിന്റെ ‘ഒടിയൻ’ അണിയറയിൽ ഒരുങ്ങുകയാണ്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്. ദേശീയ അവാർഡ് ജേതാവും, പത്രപ്രവർത്തകനുമായ കെ ഹരികൃഷ്ണൻ ചിത്രത്തിന്റെ തിരക്കഥ നിർവ്വഹിക്കുന്നു. ചിത്രത്തിൽ പ്രകാശ് രാജ് വില്ലൻ വേഷത്തിലെത്തുന്നു. മഞ്ജു വാര്യരാണ് നായിക. പുലിമുരുകന് വേണ്ടി ക്യാമറ ചലിപ്പിച്ച ഷാജിയാണ് ഒടിയന്റെയും ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ‘പുലിമുരുകനി’ലെ ത്രസിപ്പിക്കുന്ന രംഗങ്ങളൊരുക്കിയ പീറ്റര്‍ ഹെയ്ന്‍ ആണ് ഈ ചിത്രത്തിലെയും ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികവുറ്റ സാങ്കേതിക വിദഗ്ദധർ ഈ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നു.

ആഭിചാര ക്രിയകളിലൂടെ ശത്രുസംഹാരത്തിനും പൈശാചിക ശക്തികളെ വരുതിയിലാക്കാനുമുള്ള മാർഗമാണ് ഒടിവിദ്യ. ഇതിലൂടെ പലതരം രൂപത്തിലേക്ക് മന്ത്രവാദികൾക്ക് മാറാൻ കഴിയുമെന്നാണ് വിശ്വാസം. ഇരുട്ടാണ് ഇവരുടെ ആയുധം. പാലക്കാട്ടെ ഒരു തമിഴ്‍നാട് അതിർത്തി ഗ്രാമത്തിൽ ഒടിവിദ്യയുമായി നടന്നിരുന്ന ഒരു ഒടിയന് അൻപത് വർഷങ്ങൾക്ക് ശേഷം എന്ത് സംഭവിക്കുമെന്നാണ് ചിത്രത്തിന്റെ ഇതിവൃത്തം. മാജിക്കൽ റിയലിസമാണ് ഒടിയൻ. 1950 നും 90 നും ഇടയിലുള്ള കാലഘട്ടമായിരിക്കും സിനിമയിൽ ചിത്രീകരിക്കുക. പാലക്കാട് ജില്ലയിലെ തസ്രാക്കിലായിരിക്കും പ്രധാന ഷൂട്ടിംഗ്. പൊള്ളാച്ചി, ഉദുമല്‍പ്പേട്ട്, ബനാറസ്, രാമോജി റാവു ഫിലിംസിറ്റി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്.

Advertisement

ഒരു നാടോടിക്കഥയുടെ സ്വപ്നഭംഗിയോടെ മിത്തും പ്രണയവും പ്രതികാരവും ഇഴചേരുന്ന ‘ഒടിയന്‍’ ഒരു പാലക്കാടന്‍ ഗ്രാമത്തിന്റെ അരനൂറ്റാണ്ടുകാലത്തെ കഥയാണ് പറയുന്നതെന്ന് തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നു. ഒടിയൻ ഒരു യൂണിവേഴ്സൽ സബ്ജക്റ്റാണ്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ കഥ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്‌ അമേരിക്കൻ റൈറ്റേഴ്‌സ് ഗിൽഡിലാണ്. അനുമതി ഇല്ലാതെ ആ കഥ ആര് ഉപയോഗിച്ചാലും നിയമപരമായി നേരിടാനാകും. മലയാളത്തിൽ നിന്ന് ഒരു കഥ ആദ്യമായാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്യുന്നത്. ഒരു വലിയ ആക്ഷൻ സിനിമ തന്റെ വലിയ സ്വപ്നമായിരുന്നുവെന്നും എന്നാൽ അതിത്രയും വലിയ സംരംഭമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും തിരക്കഥാകൃത്ത് പറയുന്നു. സിനിമയിൽ മാണിക്യൻ എന്ന ഒടിയന്റെ ഇരുപത് മുതൽ അൻപത് വയസ് വരെയുള്ള മേയ്ക്ക് ഓവറിൽ മോഹൻലാൽ എത്തും. എന്നാൽ മാണിക്യന്റെ കൗമാരകാലം മറ്റൊരാൾ അവതരിപ്പിക്കും. ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥയാകും ഇത്. മോഹൻലാൽ അല്ലാതെ മറ്റൊരാളെയും ഒടിയനായി സങ്കൽപ്പിക്കാനാകില്ല. ബാക്കി വിശേഷങ്ങൾ സ്‌ക്രീനിൽ കാണാം എന്നും ഹരികൃഷ്‌ണൻ കൂട്ടിച്ചേർക്കുന്നു. ചിത്രം റിലീസ് ചെയ്തതിന് ശേഷം സിനിമയിലെ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് ഹരികൃഷ്ണൻ എഴുതുന്ന നോവലും സിനിമയുടെ തിരക്കഥയും പ്രകാശനം ചെയ്യാനും പദ്ധതിയുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close