ചർച്ച പരാജയം; മരക്കാർ ഒടിടി റിലീസിന് ഒരുങ്ങുന്നു..!

Advertisement

മരക്കാർ എന്ന മോഹൻലാൽ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ കൂടിയ തീയേറ്റർ അസോസിയേഷനുകളുടെ സംയുക്ത യോഗം പുറത്തു വിട്ട വിവരങ്ങൾ ആണ് നേരത്തെ ശ്രദ്ധ നേടിയത് എങ്കിൽ, ഇപ്പോൾ പുതിയ റിപ്പോർട്ടുകൾ പ്രചരിക്കുകയാണ്‌. ഫിലിം ചേമ്പറും ആന്റണി പെരുമ്പാവൂരും തമ്മിൽ നടന്ന ചർച്ച പരാജയം ആയെന്നും മരക്കാർ എന്ന ചിത്രം വൈകാതെ ഒടിടി റിലീസ് ആയി എത്തുമെന്നുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ആന്റണി പെരുമ്പാവൂർ മുന്നോട്ടു വെച്ച നിർദേശങ്ങൾ തീയേറ്റർ സംഘടന അംഗീകരിച്ചില്ല എന്നത് കൊണ്ടാണ് ഒടിടി റിലീസുമായി മുന്നോട്ടു പോവാൻ അദ്ദേഹം തീരുമാനിച്ചത്. നേരത്തെ സംഘടനയുടെ വൈസ് ചെയർമാൻ സ്ഥാനത്തു നിന്ന് ആന്റണി പെരുമ്പാവൂർ രാജിക്കത്തു നൽകി എന്ന വാർത്ത അടിസ്ഥാനരഹിതമാണ് എന്നും ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇപ്പോഴും തങ്ങളുടെ വൈസ് ചെയർമാൻ എന്നും ഫിയോക് അറിയിച്ചിരുന്നു. അതുപോലെ മരക്കാർ എന്ന ചിത്രം നൂറു ശതമാനവും തീയേറ്റർ റിലീസ് ആണെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അവർ അറിയിച്ചു. ഇത് കേരളത്തിലെ ജനങ്ങൾ മുഴുവൻ കാത്തിരിക്കുന്ന ചിത്രമാണ് എന്നും അവരെ പോലെ മരക്കാർ തീയേറ്ററിൽ റിലീസ് ചെയ്യുന്നത് കാത്തുകൊണ്ടാണ് ഈ കഴിഞ്ഞ രണ്ടു വർഷവും തങ്ങളും ഇരുന്നത് എന്നും ഫിയോക് ഭാരവാഹികൾ പറയുന്നു. ഇപ്പോൾ തങ്ങളുടെ നിർദേശങ്ങൾ ഫിലിം ചേമ്പറിനു വിട്ടിരിക്കുകയാണ് എന്നും റിലീസ് സംബന്ധിച്ച കാര്യത്തിൽ ആന്റണി പെരുമ്പാവൂരുമായി ചർച്ച നടത്തി, ചേംബർ വിവരം അറിയിക്കുമെന്നും ആയിരുന്നു അവർ ആദ്യം വ്യക്തമാക്കിയത്.

അതുപോലെ ആന്റണി പെരുമ്പാവൂർ അമ്പതു കോടി രൂപ അഡ്വാൻസ് ചോദിച്ചു എന്ന വാർത്തയും ഫിയോക് നിഷേധിച്ചു. ആദ്യം മേടിച്ച അഡ്വാൻസ് തിരിച്ചു തന്നതിന് ശേഷം പിന്നീട് അദ്ദേഹം അഡ്വാൻസ് ഒന്നും ചോദിച്ചിട്ടില്ല എന്നും ഒരു വലിയ തുക അഡ്വാൻസ് തരാം എന്ന് തങ്ങൾ ആണ് പറഞ്ഞത് എന്നും ഫിയോക് വ്യക്തമാക്കി. അഞ്ഞൂറോ അറുനൂറോ സ്‌ക്രീനുകളിൽ മരക്കാർ രണ്ടു മൂന്നാഴ്ച കളിപ്പിക്കും എന്നും അതുപോലെ പത്തു കോടിയോ അതിൽ അധികമോ തുക തീയേറ്റർ അഡ്വാൻസ് ആയി നല്കാൻ തയ്യാറാണ് എന്നും അവർ വെളിപ്പെടുത്തി. മിനിമം ഗ്യാരന്റി കണ്ടീഷൻ മാത്രമാണ് അംഗീകരിക്കാൻ ബുദ്ധിമുട്ടു ഉള്ളു എന്നും ബാക്കി എല്ലാം അംഗീകരിക്കാൻ തയ്യാറാണ് എന്നും അവർ പറയുന്നു. ആന്റണി പെരുമ്പാവൂർ ഒരു വലിയ റിസ്ക് എടുക്കാൻ തയ്യാറാവണം എന്നും ആ നിർമ്മാതാവിന്റെ ബുദ്ധിമുട്ടുകൾ തങ്ങൾക്കു മനസ്സിലാവും എന്നും അവർ പത്ര സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഒടിടി ഓഫർ വലിയ തുക ആണെന്നും അത് അദ്ദേഹത്തെ നിർമ്മാതാവ് എന്ന നിലയിൽ സുരക്ഷിതമാക്കുമെന്നും തങ്ങൾക്കു അറിയാമെങ്കിലും, അദ്ദേഹം റിസ്ക് എടുക്കണം എന്നാണ് തങ്ങൾക്കു പറയാൻ ഉള്ളതെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു. തീയേറ്റർ ഒക്യൂപൻസി അധികം വൈകാതെ നൂറു ശതമാനം ആക്കുമെന്നും അവർ അറിയിച്ചു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close