
മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധേയനായ യുവനടനാണ് ടോവിനോ തോമസ്. സഹനടനും, വില്ലനായും, നായകനായും ഒരുപിടി നല്ല ചിത്രങ്ങൾ ചെയ്യുവാൻ താരത്തിന് സാധിച്ചു. ഗപ്പി എന്ന ചിത്രത്തിലൂടെ നായക വേഷത്തിൽ അരങ്ങേറിയ താരത്തിന് പിന്നീട് കൈനിറയെ ചിത്രങ്ങളായിരുന്നു. ഗപ്പിയിലെ തേജസ് വർക്കിക്ക് ശേഷം പ്രേക്ഷക മനസ്സ് കീഴടക്കിയ ടോവിനോയുടെ മറ്റൊരു കഥാപാത്രമായിരുന്നു മായാനദിയിലെ മാത്തൻ. ടോവിനോയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മറഡോണ’. മറഡോണ എന്ന ടൈറ്റിൽ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ വിഷ്ണു നാരായനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്ണ മൂർത്തിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. പുതുമുഖ നായിക ശരണ്യ ആർ. നായരാണ് ടോവിനോയുടെ നായികയായി വേഷമിടുന്നത്.
ജൂൺ 22ന് റിലീസ് ചെയ്യാൻ ഒരുങ്ങിയ ചിത്രം പല കാരണങ്ങളാൽ റിലീസ് നീട്ടുകയാണ്. പ്രതീക്ഷകൾ വാനോളം ഉയർത്തുന്ന തരത്തിലുള്ള ട്രെയ്‌ലറാണ് മറഡോണയുടെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് സമ്മാനിച്ചത്. ടോവിനോയുടെ ട്രെയ്‌ലറിലെ പ്രകടനവും കഥാന്തരീക്ഷവും സിനിമ പ്രേമികളെ മറഡോണ എന്ന ചിത്രത്തിലേക്ക് കൂടുതൽ ആകർഷിച്ചിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രത്തിന്റെ റിലീസ് തിയതി ഒരു പോസ്റ്ററിലൂടെ മറഡോണയുടെ അണിയറ പ്രവർത്തകർ പുറത്തുവിടുകയുണ്ടായി. ജൂലൈ 27ന് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. മറ്റൊരു മാത്തനെപോലെയോ തേജസ് വർക്കിയെ പോലെയോ എന്നും ഓർത്തിരിക്കാൻ പറ്റുന്ന കഥാപാത്രമായിരിക്കും മറഡോണ എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സുഷിൻ ശ്യമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിക്കുന്നത്.
 
										





