സംസ്ഥാന ചലച്ചിത്ര അവാർഡ് 2020 ; മികച്ച നടൻ ജയസൂര്യ, നടി അന്നാ ബെൻ..!

Advertisement

2020 ഇൽ റിലീസ് ചെയ്തതും സെൻസർ ചെയ്‌തതുമായ മലയാള ചിത്രങ്ങൾക്കായുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. സുഹാസിനി മണിരത്‌നം ജൂറി ചെയർമാൻ ആയുള്ള കമ്മിറ്റിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. വെള്ളം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ജയസൂര്യ മികച്ച നടനുള്ള അവാർഡ് നേടിയപ്പോൾ കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള പുരസ്‍കാരം നേടിയത് അന്നാ ബെൻ ആണ്. ജിയോ ബേബി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച ചലച്ചിത്രമായപ്പോൾ ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് നേടിയത് അന്തരിച്ചു പോയ സംവിധായകൻ സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും എന്ന ചിത്രമാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഒരുക്കിയ ജിയോ ബേബി മികച്ച തിരക്കഥാകൃത്തായപ്പോൾ മികച്ച സംവിധായകനുള്ള അവാർഡ് നേടിയത് എന്നിവർ എന്ന ചിത്രമൊരുക്കിയ സിദ്ധാർഥ് ശിവയാണ്. മികച്ച ചലച്ചിത്ര ലേഖനമായി ജോണ്‍ സാമുവലിന്‍റെ അടൂരിന്റെ അഞ്ച് നായക കഥാപാത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നല്ല നിശ്ചയം ആണ്. മികച്ച സ്വഭാവ നടനുള്ള അവാർഡ് നേടിയത് എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സുധീഷ് ആണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലെ സംഗീതത്തിന് മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിയത് എം ജയചന്ദ്രൻ ആണ്. ശബാസ് അമൻ മികച്ച ഗായകനും നിത്യ മാമൻ മികച്ച ഗായികക്കുമുള്ള അവാർഡുകൾ നേടിയെടുത്തു. വെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിയായി ശ്രീരേഖ തിരഞ്ഞെടുക്കപ്പെട്ടു. സുഹാസിനി മണി രത്‌നത്തിനൊപ്പം സംവിധായകൻ ഭദ്രൻ, കന്നഡ സംവിധായകൻ പി.ശേഷാദ്രി എന്നിവരും അന്തിമ ജൂറിയിൽ ഉണ്ടായിരുന്നു. എഡിറ്റർ സുരേഷ് പൈ, ഗാനരചയിതാവ് മധു വാസുദേവൻ, നിരൂപകൻ ഇ.പി. രാജഗോപാലൻ, ഛായാഗ്രാഹകൻ ഷെഹ്‍നാദ് ജലാൽ, എഴുത്തുകാരി രേഖാ രാജ്, തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവർത്തി എന്നിവരാണ് പ്രാഥമിക ജൂറിയിൽ ഉണ്ടായിരുന്നത്. ഛായാഗ്രാഹകൻ സി.കെ. മുരളീധരൻ, സംഗീത സംവിധായകൻ മോഹൻ സിതാര, സൗണ്ട് ഡിസൈനർ ഹരികുമാർ മാധവൻ നായർ, നിരൂപകനും തിരക്കഥാകൃത്തുമായ എൻ. ശശിധരൻ എന്നിവർ അന്തിമ ജൂറിയിൽ ഉണ്ടായിരുന്നു. നാലു കുട്ടികളുടെ ചിത്രങ്ങൾ ഉൾപ്പെടെ 80 ചിത്രങ്ങളാണ് 2020ലെ കേരള സംസ്ഥാന അവാർഡിനായി മത്സരിച്ചത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close