കിരീടം പാലം ടൂറിസ്റ്റ് കേന്ദ്രമാകുന്നു; സർക്കാർ പ്രഖ്യാപനം എത്തി..!

Advertisement

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ലോഹിതദാസ് രചിച്ചു സിബി മലയിൽ സംവിധാനം ചെയ്തു മോഹൻലാൽ നായകനായി അഭിനയിച്ച കിരീടം എന്ന ചിത്രം. 1989 ല്‍ പുറത്തിറങ്ങിയ കിരീടം സൂപ്പർ ഹിറ്റായിരുന്നു എന്ന് മാത്രമല്ല, മോഹൻലാലിന് ദേശീയ തലത്തിൽ മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‍കാരവും ഈ ചിത്രം നേടിക്കൊടുത്തു. ഇതിലെ സേതുമാധവൻ എന്ന നായക കഥാപാത്രമായി മോഹൻലാൽ കാഴ്ചവെച്ച പ്രകടനം മലയാള സിനിമ ചരിത്രത്തിൽ തന്നെ സമാനതകൾ ഇല്ലാത്തതാണ്. മോഹൻലാലിനൊപ്പം അതിഗംഭീര പ്രകടനവുമായി നിറഞ്ഞു നിന്നതു സേതുമാധവന്റെ അച്ഛൻ ആയി അഭിനയിച്ച തിലകൻ ആണ്. ഇവരുടെ കൂട്ടുകെട്ട് പ്രേക്ഷകർ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ഇവർക്കൊപ്പം പാര്‍വതി, കീരിക്കാടന്‍ ജോസ് (മോഹൻ രാജ്), കവിയൂര്‍പൊന്നമ്മ, ശ്രീനാഥ് എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തു. ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായിരുന്നു സേതുമാധവൻ എന്ന നായക കഥാപാത്രത്തിന്റെ നാട്ടിലെ ഒരു പാലം. നായക കഥാപാത്രമായ സേതുമാധവന്‍ മുറപ്പെണ്ണ് ദേവിയേയും സുഹൃത്ത് കേശുവിനെയുമൊക്കെ കണ്ടുമുട്ടുന്നതായ ഒരുപാട് പ്രധാനപ്പെട്ട രംഗങ്ങള്‍ ഈ പാലത്തിന്റെ പശ്ചാത്തലത്തിൽ ആണ് ചിത്രീകരിച്ചത്.

https://fb.watch/8irlzG_puZ/

Advertisement

നേമം നിയമസഭാ മണ്ഡലത്തില്‍ വെള്ളായണി കായലിനടുത്തു സ്ഥിതി ചെയ്യുന്ന ഈ പാലം, കിരീടം വമ്പൻ ഹിറ്റായി മാറിയതിനു ശേഷം കിരീടം പാലം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പാലം കാണാനായി മാത്രം ആളുകൾ ഇവിടെ എത്തിയിരുന്നു. ഇപ്പോഴിതാ, ഈ പാലത്തെ സംസ്ഥാന ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും വെള്ളയാണി തടാക പ്രദേശത്തെ മാതൃകാ ടൂറിസം കേന്ദ്രമായി ഉയര്‍ത്താനാണ് തീരുമാനമെന്ന് അറിയിക്കുകയും ചെയ്തു. ഫേസ്ബുക്കിലൂടെയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത്, മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ, മൂന്നു പതിറ്റാണ്ട് മുമ്പാണ് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം എന്ന ചിത്രം തിയ്യേറ്ററുകളെ കരയിച്ചത്. സേതുമാധവന്‍ പിന്തിരിഞ്ഞു നടക്കുന്ന രംഗവും സേതുമാധവന്റെയും ദേവിയുടെയും പ്രണയ രംഗങ്ങളും അടുത്ത കൂട്ടുകാരന്‍ ആയ കേശുവുമായി സംസാരിക്കുമ്പോഴും ഒരു പാലം ഒരു മുഖ്യകഥാപാത്രം പോലെ സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്നു. കിരീടം പാലം എന്നും തിലകന്‍ പാലം എന്നുമൊക്കെ പ്രദേശവാസികള്‍ വിളിക്കുന്ന ഈ പാലം നില്‍ക്കുന്നത് നേമം മണ്ഡലത്തില്‍ ആണ്. നേമം മണ്ഡലത്തിലെ ജനപ്രതിനിധി എന്ന നിലയില്‍ ഈ പാലം സ്ഥിതി ചെയ്യുന്ന വെള്ളായണി തടാക പ്രദേശം ഒരു മാതൃകാ ടൂറിസ്റ്റ് കേന്ദ്രമായി ഉയര്‍ത്താന്‍ പദ്ധതി കൊണ്ടു വരുമെന്ന് അറിയിക്കുകയാണ്. പ്രകൃതിരമണീയമാണ് ഈ ഭൂപ്രദേശം. വിവിധ ഇനം പക്ഷികള്‍ ഈ പ്രദേശത്ത് കണ്ടുവരുന്നു. കായലിനോട് ചേര്‍ന്ന് കുടുംബത്തോടെ വന്നിരിക്കാനുള്ള കേന്ദ്രങ്ങള്‍, കായലില്‍ ബോട്ടിങ്, കായല്‍ വിഭവങ്ങള്‍ രുചിക്കാനുള്ള സൗകര്യം എന്നിവയൊക്കെ ഒരുക്കി സഞ്ചരികള്‍ക്ക് മികച്ച ആസ്വാദനം ഉറപ്പുവരുത്തുന്ന പദ്ധതി ആകുമിത്. ലോക ടൂറിസം ദിനത്തില്‍ തന്നെ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close