Tuesday, May 24

സിബിഐ എന്ന ചരിത്രം പിറന്നിട്ടു 34 വർഷങ്ങൾ; ബുദ്ധിരാക്ഷസന്റെ അഞ്ചാം വരവിനെ കുറിച്ചു സംവിധായകൻ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിലെ മെഗാ ഹിറ്റുകളിൽ ഒന്നായ ഒരു സിബിഐ ഡയറികുറിപ്പ് റിലീസ് ചെയ്തത് 1988 ഫെബ്രുവരി പതിനെട്ടാം തീയതി ആയിരുന്നു. എസ് എൻ സ്വാമി രചിച്ചു കെ മധു ഒരുക്കിയ ഈ ചിത്രത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി എത്തിയത് ബുദ്ധി രാക്ഷസൻ ആയ സേതുരാമയ്യർ എന്ന സിബിഐ ഓഫീസർ ആയാണ്. അതിന് ശേഷം ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ 3 ഭാഗങ്ങൾ കൂടി ഈ സീരീസിൽ പുറത്തു വരികയും അവയെല്ലാം പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാവുകയും ചെയ്തു. ഇപ്പോഴിതാ ഇതിന്റെ അഞ്ചാം ഭാഗം ഒരുങ്ങുകയാണ്. ഇന്ത്യൻ സിനിമയിലെ ഒരു അപൂർവത ആണ് ഒരു സിനിമയുടെ അഞ്ചാം ഭാഗം എന്നത്.

ഇന്ന് ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ 34 ആം വാർഷിക ദിനത്തിൽ സംവിധായകൻ കെ മധു ഈ അപൂർവതയെ കുറിച്ചും അഞ്ചാം ഭാഗത്തെ കുറിച്ചും പറയുന്ന വാക്കുകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, “സേതുരാമയ്യർ തൻറെ കേസ് ഡയറി ആദ്യമായി തുറന്നിട്ട് ഇന്ന് 34 വർഷങ്ങൾ പൂർത്തിയാവുകയാണ്. കൃത്യമായി പറഞ്ഞാൽ, 1988 ഫെബ്രുവരി 18നാണ് സി.ബി.ഐ. പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് റിലീസ് ആയത്. അന്നേ ദിവസം ചിത്രത്തിൻറെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ഞങ്ങൾ മുഴുവൻ പേർക്കും ആകാംക്ഷയുടെ ദിനമായിരുന്നു.ഞങ്ങളുടെ പ്രതീക്ഷകൾ തെറ്റിയില്ല. മലയാള സിനിമയുടെ വലിയ ആകാശത്ത് നക്ഷത്ര ശോഭയോടെ ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇന്നും തിളങ്ങി നിൽക്കുന്നു.പിന്നെയും ഈശ്വരൻ തൻറെ നിഗൂഢമായ പദ്ധതികൾ ഞങ്ങൾക്കായി ഒരുക്കിയിരുന്നു.

അങ്ങനെ അതേ ആകാശത്ത് സി.ബി.ഐ. പരമ്പരയിൽ നിന്നും മൂന്നു നക്ഷത്രങ്ങൾ കൂടി പിറന്നു. ആ വിജയ നക്ഷത്രങ്ങൾ പിന്നീട്‌ ഒരു നക്ഷത്രസമൂഹമായി. ഇപ്പോൾ അതിലേക്ക് ഒരു നക്ഷത്രം കൂടി പിറവി കൊള്ളാൻ ഒരുങ്ങുകയാണ്. ലോക സിനിമ ചരിത്രത്തിൽ ആദ്യമായി ഒരേ നായകൻ, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകൻ എന്ന അപൂർവ്വ നേട്ടം കൂടി സി.ബി.ഐ.യുടെ അഞ്ചാം പതിപ്പോടെ ഞങ്ങൾ സ്വന്തമാക്കുകയാണ്. ഈ നേട്ടത്തിന് കാരണഭൂതരായ മലയാളത്തിൻറെ മെഗാ സ്റ്റാറായ ശ്രീ. മമ്മൂട്ടി, സേതുരാമയ്യർക്ക്‌ ജൻമം കൊടുത്ത തിരക്കഥാകൃത്ത് ശ്രീ. എസ്‌.എൻ. സ്വാമി, സേതുരാമയ്യരുടെ ചടുലമായ നീക്കങ്ങൾക്ക് താളലയം നൽകിയ സംഗീത സംവിധായകൻ ശ്രീ.ശ്യാം, സി.ബി.ഐ. അഞ്ചാം പതിപ്പിന്റെ നിർമ്മാതാവ് ശ്രീ.സ്വർഗ്ഗചിത്ര അപ്പച്ചൻ, സി.ബി.ഐ. ഒന്നുമുതൽ അഞ്ചുവരെ നിർമ്മാണ കാര്യദർശിയായി പ്രവർത്തിക്കുന്ന ശ്രീ.അരോമ മോഹൻ,ശ്രീ.ശ്യാമിന്റെ അനുഗ്രഹാശിസുകളോടെ ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്ന ജെയ്ക്സ് ബിജോയ്,എഡിറ്റർ ശ്രീകർ പ്രസാദ്, D.O.P.അഖിൽ ജോർജ്ജ്,ആർട്ട് ഡയറക്ടർ സിറിൾ കുരുവിള , മറ്റ്‌ സാങ്കേതിക പ്രവർത്തകർ,ഒപ്പം, കഴിഞ്ഞ 34 വർഷം ഞങ്ങളെ മനസ്സുകൊണ്ട് അനുഗ്രഹിച്ചു പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാള സിനിമാ പ്രേക്ഷക തലമുറകൾക്ക്. എല്ലാവർക്കും നിസ്സീമമായ എന്റെ നന്ദി അറിയിക്കുന്നു. എല്ലാറ്റിനുമുപരി ഈ അഞ്ചു നക്ഷത്രങ്ങളെയും മുന്നിൽ നിന്ന് നയിക്കാൻ എനിക്ക് അറിവും, വിവേകവും, ആത്മധൈര്യവും നൽകിയ, എൻറെ മേൽ സദാ അനുഗ്രഹവർഷം ചൊരിയുന്ന എന്റെ പ്രിയ ഗുരുനാഥൻ ശ്രീ. എം. കൃഷ്ണൻ നായർ സാറിനെയും സാഷ്ടാംഗം പ്രണമിക്കുന്നു. വീണ്ടും ഒരു വിജയ നക്ഷത്രത്തിനായി പ്രപഞ്ചനാഥനോട് അപേക്ഷിച്ചു കൊണ്ട്‌ സ്നേഹാദരങ്ങളോടെ, കെ.മധു. മാതാ: പിതാ: ഗുരു: ദൈവം..”

Did you find apk for android? You can find new Free Android Games and apps.
Share.

About Author