ധ്രുവം ആദ്യം പറഞ്ഞത് മോഹൻലാലിനോട്; അന്ന് കഥയിൽ നായകൻ നരസിംഹ മന്നാഡിയാർ അല്ല; വെളിപ്പെടുത്തി രചയിതാവ്..!

Advertisement

മമ്മൂട്ടിയെ നായകനാക്കി ജോഷി ഒരുക്കി 1993 ഇൽ റിലീസ് ചെയ്ത ചിത്രമാണ് ധ്രുവം. സാമ്പത്തികമായി വിജയം നേടിയ ഈ ചിത്രം പിന്നീട് ടെലിവിഷനിലൂടയാണ് ഇന്ന് കാണുന്ന വമ്പൻ പ്രേക്ഷക പിന്തുണ നേടിയെടുത്തത്. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയവർ അഭിനയിച്ച ഒരു വലിയ ചിത്രമായിരുന്നു ധ്രുവം. എസ് എൻ സ്വാമി തിരക്കഥ രചിച്ച ഈ ചിത്രത്തിന്റെ കഥ ഒരുക്കിയത് എ കെ സാജൻ ആണ്. ഇപ്പോഴിതാ, ദി ക്യൂ ചാനലിന് നൽകിയ അഭിമുഖത്തിൽ ഈ ചിത്രം സംഭവിച്ച കഥ വെളിപ്പെടുത്തുകയാണ് അദ്ദേഹം. ആദ്യം ഈ കഥ രചിക്കുമ്പോൾ അതിൽ നരസിംഹ മന്നാഡിയാർ എന്നത് ഒട്ടും പ്രാധാന്യം ഇല്ലാത്ത, ചെറിയൊരു കഥാപാത്രം മാത്രമായിരുന്നു എന്നും, ചിത്രത്തിലെ നായക കഥാപാത്രം എന്നത് ഒരു ആരാച്ചാരുടെ കഥാപാത്രമായിരുന്നു എന്നും സാജൻ പറയുന്നു. ആരാച്ചാർ കഥാപാത്രം ആദ്യം മുരളിയെ വെച്ച് ആലോചിച്ചെങ്കിലും, പിന്നീട് ഈ കഥ ആദ്യമായി പറയുന്നത് മോഹൻലാലിനോട് ആണെന്നാണ് എ കെ സാജൻ പറയുന്നത്. ഊട്ടിയിൽ കിലുക്കത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് മോഹൻലാൽ കഥ കേൾക്കുന്നത്. സുരേഷ് ബാലാജിയുടെ നിർമ്മാണത്തിൽ കമലിന് സംവിധാനം ചെയ്യാൻ ആയിരുന്നു ഈ കഥ അവർ കേട്ടത്. പക്ഷെ അന്ന് ഈ കഥ ഒട്ടും വാണിജ്യ സിനിമയ്ക്കു ചേരാത്ത തരത്തിലുള്ള ഒന്നായിരുന്നെന്നും അതുകൊണ്ട് തന്നെ ഒരു വാണിജ്യ ചിത്രം ഒരുക്കാൻ ആഗ്രഹിച്ച കമലും നിർമ്മാതാവും ഈ കഥ തിരഞ്ഞെടുത്തില്ല എന്നും സാജൻ വെളിപ്പെടുത്തുന്നു.

പിന്നീട് കുറച്ചു നാൾ കഴിഞ്ഞാണ് ഈ കഥ സാജൻ എസ് എൻ സ്വാമിയോട് പറയുന്നത്. അന്ന് ജോഷിക്ക് വേണ്ടി ഒരു മമ്മൂട്ടി ചിത്രം എഴുതാനുള്ള തയ്യാറെടുപ്പിലാണ് സ്വാമി. ഈ കഥ കേട്ട ജോഷി പറഞ്ഞത് ഇതിൽ ഒരു നായകൻ മിസ്സിംഗ് ആണെന്നും മമ്മൂട്ടിയെ ആരാച്ചാരോന്നും ആക്കാൻ പറ്റില്ല എന്നുമാണ്. മമ്മൂട്ടി വരുമ്പോൾ ഹീറോയിസം കൊണ്ട് വരണമെന്നും ജോഷി പറഞ്ഞു. അങ്ങനെയാണ് നരസിംഹ മന്നാഡിയാർ എന്ന കഥാപാത്രത്തെ സ്വാമിയോടൊപ്പം ചേർന്ന് സാജൻ വികസിപ്പിച്ചത്. ജോഷിയോടൊപ്പം ചേർന്ന് ആ കഥയിൽ ഫ്ലാഷ് ബാക് സീനുകൾ ചേർക്കുകയും ആ കഥയെ വലുതാക്കുകയും ചെയ്തു. അങ്ങനെയാണ് ഇന്ന് നമ്മൾ കാണുന്ന ധ്രുവം എന്ന സിനിമ ഉണ്ടാവുന്നത്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ഹൈദർ മരക്കാരും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു. കന്നഡ- തെലുങ്കു താരമായ ടൈഗർ പ്രഭാകരൻ ആണ് ആ കഥാപാത്രത്തിന് ജീവൻ പകർന്നത്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close