മലയാള സിനിമയിൽ അരങ്ങേറുകയാണെങ്കിൽ അത് മോഹൻലാലിനൊപ്പം എന്ന സ്വപ്നം നടന്നു എന്ന് വിവേക് ഒബ്‌റോയ്..!

Advertisement

ഇന്ത്യൻ സിനിമയിലെ തന്നെ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച നടൻ ആയ മോഹൻലാലിനൊപ്പമാണ് വിവേക് ഒബ്‌റോയ് തന്റെ ആദ്യ ചിത്രം ചെയ്തത്. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിൽ മോഹൻലാൽ, അജയ് ദേവ്ഗൺ എന്നിവർക്കൊപ്പം തന്നെ നിൽക്കുന്ന നായക തുല്യമായ കഥാപാത്രത്തെ ആണ് വിവേക് അവതരിപ്പിച്ചത്. പ്രേക്ഷക പ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടിയ കമ്പനി ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. പിന്നീട് ബോളിവുഡ് സിനിമകളിലെ സജീവ സാന്നിധ്യമായ വിവേക് ഒബ്‌റോയ് സൗത്ത് ഇന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്കു, കന്നഡ എന്നിവയിലും അഭിനയിച്ചു. മലയാളത്തിലും വിവേകിന് ഓഫറുകൾ ലഭിച്ചെങ്കിലും വിവേകിന് ഒരു നിർബന്ധം ഉണ്ടായിരുന്നു, മലയാളത്തിൽ അരങ്ങേറുമ്പോൾ അതൊരു മോഹൻലാൽ ചിത്രത്തിലൂടെ ആയിരിക്കണമെന്ന്.

ഇപ്പോൾ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ലുസിഫെറിൽ മോഹൻലാലിൻറെ വില്ലനായി മലയാളത്തിൽ അഭിനയിക്കുമ്പോൾ, ആ സ്വപ്നം സഫലമായതിന്റെ സന്തോഷത്തിൽ ആണ് വിവേക് ഒബ്‌റോയ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടനോടൊപ്പം, അഭിനയിക്കാൻ പറ്റുന്നതിന്റെ സന്തോഷം മാത്രമല്ല വിവേകിന്. കമ്പനി എന്ന ചിത്രം മുതൽ തന്റെ അടുത്ത സുഹൃത്തായി മാറിയ മോഹൻലാലിനൊപ്പം വീണ്ടും കുറെ ദിവസങ്ങൾ ചെലവഴിക്കാൻ സാധിക്കുന്നതിന്റെ ആവേശത്തിലാണ് അദ്ദേഹം. ഗംഭീരമായ ഒരു വേഷമാണ് താൻ ഈ ചിത്രത്തിൽ ചെയ്യുന്നതെന്നും, ഇത്തരം ഒരു വേഷം തനിക്കു ചിലപ്പോൾ ഹിന്ദിയിൽ ഒരിക്കൽ പോലും ലഭിച്ചെന്നു വരില്ല എന്നും വിവേക് ഒബ്‌റോയ് പറയുന്നു. വിവേകിനൊപ്പം, ഇന്ദ്രജിത്, ടോവിനോ, മഞ്ജു വാര്യർ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗം ആണ്. ലൂസിഫറിന്റെ ഷൂട്ടിംഗ് ഇപ്പോൾ തിരുവനന്തപുരത്തു പുരോഗമിക്കുകയാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close