നൂറിലധികം സ്പെഷ്യൽ ഷോകളുമായി അജഗജാന്തരത്തിന്റെ ബോക്സ് ഓഫിസ് താണ്ഡവം..!

Advertisement

ഈ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആന്റണി വർഗീസ് എന്ന പ്രേക്ഷകരുടെ പെപ്പെ നായകനായ അജഗജാന്തരം എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയത്. അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർധരാത്രിയിൽ, ജെല്ലിക്കെട്ട് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ആന്റണി വർഗീസ്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കിയ ഈ ആക്ഷൻ ചിത്രം, വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന പ്രേക്ഷകരെ തൃപ്തരാക്കുന്ന രീതിയിലുള്ള ഒരു കിടിലൻ അടിപ്പടം തന്നെയാണ്. അതോടെ യുവ പ്രേക്ഷകർ തീയേറ്ററുകളിൽ ഇളകി മറിഞ്ഞു. വമ്പൻ വരവേൽപ്പാണ് അവരിപ്പോൾ ഈ ചിത്രത്തിന് നൽകുന്നത്. ഈ ചിത്രം റിലീസ് ചെയ്തു മൂന്നാമത്തെ ദിവസമായ ശനിയാഴ്ച മാത്രം നൂറിലധികം സ്പെഷ്യൽ ഷോകളാണ് ഈ ചിത്രം കേരളത്തിൽ കളിച്ചതു. വലിയ തിരക്കാണ് അജഗജാന്തരം കാണാൻ ഇപ്പോൾ തീയേറ്ററുകളിൽ അനുഭവപ്പെടുന്നത്. ക്രിസ്മസിന് തീയേറ്ററുകളിൽ എത്തിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനം അജഗജാന്തരം നേടുമെന്നുറപ്പായി കഴിഞ്ഞു.

നാട്ടിലെ ഉത്സവത്തിന് ആദ്യമായി ആനയെ കൊണ്ടുവരുന്നതും തുടർന്ന് നാട്ടുകാരായ യുവാക്കളും ആനപാപ്പാന്മാരും തമ്മിൽ സംഘർഷം ഉടലെടുക്കുന്നതുമാണ് ഈ ചിത്രത്തിന്റെ കഥ. ആദ്യം മുതൽ അവസാനം വരെ ആക്ഷൻ മൂഡിൽ പോകുന്ന ഈ ചിത്രത്തിന്റെ അവസാന മുപ്പതു മിനിട്ടു അതിഗംഭീരമാണ്‌. കിച്ചു ടെല്ലസ്, അർജുൻ അശോകൻ, ലുക്മാൻ, സുധി കോപ്പ, വിനീത് വിശ്വം, സാബു മോൻ, ജാഫർ ഇടുക്കി, രാജേഷ് ശർമ, ടിറ്റോ വിൽസൺ, ബിട്ടോ ഡേവിസ് സിനോജ് വർഗീസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം സിൽവർ ബേ പ്രൊഡക്ഷൻസിന്റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചത്. ഈ ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിട്ടുള്ള കിച്ചു ടെല്ലസ്, വിനീത് വിശ്വം എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ജിന്റോ ജോർജ്, സംഗീതമൊരുക്കിയത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close