ബോളിവുഡ് ചിത്രം കമ്പനിക്ക് ശേഷം മോഹൻലാൽ- വിവേക് ഒബ്രോയ്‌ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു…

Advertisement

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫർ’. സഹനടനായി, നടനായി, ഗായകനായി, നിർമ്മാതാവായി തിളങ്ങിയ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 16ന് ആരംഭിക്കും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും വൻ സ്വീകരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ കാസ്റ്റിംഗിന്റെ തിരക്കിലാണ് സംവിധായകൻ പൃഥ്വിരാജ്. ലൂസിഫറിൽ പ്രധാന വേഷത്തിൽ സഹോദരൻ കൂടിയായ ഇന്ദ്രജിത്ത് ഉണ്ടാവുമെന്ന സ്ഥിതികരണം അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പൃഥ്വിരാജ് പറയുകയുണ്ടായി. ലൂസിഫറിൽ വില്ലനായി വിവേക് ഒബ്രോയാണ് വേഷമിടുന്നതന്ന് സൂചനയുണ്ടായിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിതികരണമായി ലൂസിഫർ ടീം മുന്നോട്ട് വന്നിരിക്കുകയാണ്. ലൂസിഫർ സിനിമയുടെ ഒഫീഷ്യൽ പേജിൽ വിവേക് ഒബ്രോയ്‌ പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്ന് അറിയിപ്പാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെത്തിയ വിവേക് ഒബ്രോയുമായുള്ള നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിന്റെ ചിത്രങ്ങൾ ഇതിനോടകം എല്ലായിടത്തും എത്തിക്കഴിഞ്ഞു. കമ്പനി എന്ന ബോളിവുഡ് ചിത്രത്തിന് ശേഷമാണ് വിവേക് ഒബ്രോയ്‌- മോഹൻലാൽ വീണ്ടും ഒന്നിക്കുന്നത്. വിവേക് ഒബ്രോയുടെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു ‘കമ്പനി’. ലൂസിഫറിൽ വീണ്ടും മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് നടൻ വിവേക് ഒബ്രോയ്‌. ലൂസിഫറിലെ മറ്റ് കഥാപാത്രങ്ങളെ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് അറിയാൻ സാധിക്കും എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വില്ലന് ശേഷം മഞ്ജു വാര്യരാണ് മോഹൻലാലിന്റെ നായികയായിയെത്തുന്നത് എന്ന് സൂചനയുണ്ട്. മോഹൻലാലിന്റെ മകളായി സാനിയയും അനിയനായി ടോവിനോയും വേഷമിടുന്നുണ്ട് എന്നും വാർത്തകൾ പരക്കുന്നുണ്ട്. ദീപക് ദേവാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close