ഉലക നായകൻ കമൽ ഹാസനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ഇന്ന് ആഗോള റിലീസായി എത്തിയിരിക്കുകയാണ്. ഈ അടുത്തിടെക്കു ഇത്രയും ഹൈപ്പിൽ വന്ന മറ്റൊരു തമിഴ് ചിത്രമില്ല എന്ന് തന്നെ പറയാം. കാരണം കമൽ ഹാസനൊപ്പം ഫഹദ് ഫാസിൽ, മക്കൾ സെൽവൻ വിജയ് സേതുപതി എന്നിവരും അതിഥി വേഷത്തിൽ സൂര്യയും ഉൾപ്പെടുന്ന താരനിരതന്നെ പ്രേക്ഷകരിലുണ്ടാക്കിയ ആവേശം ചെറുതല്ല. അതിനൊപ്പം ഇതിന്റെ മരണ മാസ്സ് ട്രൈലെർ കൂടി എത്തിയതോടെ സോഷ്യൽ മീഡിയ മുഴുവൻ വിക്രം ചർച്ചകളും, ഫാൻ തിയറികളും കൊണ്ട് നിറഞ്ഞു. ഇപ്പോഴിതാ, ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. രാജ്കമൽ ഇന്റർനാഷനലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെ നിർമ്മിച്ച ഈ ചിത്രം രചിച്ചത് സംവിധായകൻ ലോകേഷ് കനകരാജ്, രത്‌നകുമാർ എന്നിവർ ചേർന്നാണ്. വമ്പൻ ഹൈപ്പിലെത്തുന്ന ചിത്രങ്ങൾക്ക് പലപ്പോഴും ആ പ്രതീക്ഷകൾ ദോഷം ചെയ്യുകയാണ് പതിവ്. പ്രേക്ഷകരുടെ ആകാശം മുട്ടുന്ന പ്രതീക്ഷകൾക്കൊപ്പം എത്താൻ കഴിയാതെ കിതക്കുന്ന ചിത്രങ്ങളെയാണ് നമ്മൾ കൂടുതലും കാണാറുള്ളത്. വളരെ അപൂർവം ചില ചിത്രങ്ങൾക്ക് മാത്രമേ അവരുടെ പ്രതീക്ഷകൾക്കും മുകളിൽ പോകാനോ, അവരുടെ പ്രതീക്ഷകളെ സാധൂകരിക്കാനോ സാധിക്കാറുള്ളു. വിക്രമെന്ന ഈ ചിത്രം രണ്ടാമത്തെ വിഭാഗത്തിലാണ് വരുന്നതെന്ന് നിസംശയം പറയാൻ സാധിക്കും. അക്ഷരാർത്ഥത്തിൽ ഒരു കൊമേർഷ്യൽ മാസ്റ്റർപീസ് തന്നെയാണ് ലോകേഷ് കനകരാജ് പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുന്നത്.
കമൽ ഹാസൻ അവതരിപ്പിക്കുന്ന കർണ്ണൻ, ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന അമർ, വിജയ് സേതുപതി അവതരിപ്പിക്കുന്ന സന്താനം എന്നീ കഥാപാത്രങ്ങളിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്. കാളിദാസ് ജയറാം അവതരിപ്പിക്കുന്ന പ്രപഞ്ചൻ എന്ന കൊല്ലപ്പെട്ട പോലീസ് ഓഫീസറുടെ അച്ഛനാണ് കർണ്ണൻ. കർണ്ണനും കൊല്ലപ്പെട്ടു എന്നയറിവോടെയാണ് ഈ ചിത്രമാരംഭിക്കുന്നത്. പൊലീസുകാരെ കൊന്നൊടുക്കുന്ന ഈ കൊലപാതക പരമ്പരയെ കുറിച്ചന്വേഷിക്കാൻ. ഗവണ്മെന്റിന് വേണ്ടി ഒരു സ്ലീപ്പർ ഇൻവെസ്റ്റിഗേഷൻ ടീം നയിക്കുന്ന ആളാണ് അമർ. ഒരു സംഘം മുഖഃമൂടി ധാരികൾ നടത്തുന്ന ഈ കൊലപാതക പരമ്പര അന്വേഷിക്കുന്ന അമറിനും ടീമിനും, ഒരു കൊക്കേയ്ൻ കണ്ടെയ്നർ കാണാതാവുന്നതും ഇതോടൊപ്പം ചേർത്ത് വെച്ച് അന്വേഷിക്കേണ്ടി വരുന്നു. ഓരോന്നും തമ്മിലുള്ള ബന്ധങ്ങൾ തേടി പോകുന്ന അവർ ചെന്നെത്തുന്നത് മയക്കു മരുന്ന് വ്യാപാരവും ഗ്യാങ് വാറും കൊലപാതക പരമ്പരകളും നിറഞ്ഞ ഒരു ലോകത്തേക്കാണ്. വിജയ് സേതുപതിയുടെ സന്താനമെന്ന മയക്കു മരുന്ന് വ്യാപാരിയായ ക്രിമിനൽ കൂടി ആ ലോകത്തേക്ക് എത്തുന്നതോടെ ഒരു വമ്പൻ യുദ്ധമാണ് പിന്നെയവിടെ നടക്കുന്നത്. ഇതോടൊപ്പം തന്നെ കർണ്ണൻ എന്ന കഥാപാത്രത്തെക്കുറിച്ചും അന്വേഷിക്കുന്ന അമറിന് മുന്നിലേക്ക്, അയാളുടെ പല കഥകളാണ് കടന്നു വരുന്നത്. അയാൾ ശരിക്കുമാരാണ് എന്ന്തന്നെ മനസ്സിലാക്കാൻ അമറിന് സാധിക്കുന്നില്ലെന്ന് മാത്രമല്ല, അയാൾ ശരിക്കും കൊല്ലപ്പെട്ടോ അതോ ജീവനോടെയുണ്ടോ എന്നതിനെ കുറിച്ച് പോലും അമറിന് ശ്കതമായ സംശയങ്ങളുയരുന്നു.
തന്റെ മുൻ ചിത്രങ്ങൾ കൊണ്ട് ലോകേഷ് കനകരാജ് എന്ന സംവിധായകൻ പ്രേക്ഷകരിൽ സൃഷ്‌ടിച്ച ഒരു വിശ്വാസവും പ്രതീക്ഷയുമുണ്ട്. അതിനെ പൂർണമായും സാധൂകരിക്കുന്ന ഒരു ഔട്ട്പുട്ട് ആണ് വിക്രത്തിലൂടെയും അദ്ദേഹം നൽകിയിരിക്കുന്നത്. അദ്ദേഹവും രത്‌നകുമാറും ചേർന്നൊരുക്കിയ തിരക്കഥ തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല്. വളരെ സീരിയസായി കഥ പറയുന്ന ഒരു ത്രില്ലറാണ് വിക്രമെന്നു ചുരുക്കി പറയാം. എന്നാൽ അതിൽ പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്ന നിമിഷങ്ങൾ എത്ര കൃത്യമായാണ് ലോകേഷ് ഒരുക്കിയിരിക്കുന്നതെന്നത്, ഇദ്ദേഹത്തിന്റെ മികവിന് അടിവരയിടുന്ന വസ്തുതയാണ്. കൃത്യമായ രീതിയിൽ കഥ മുന്നോട്ടു പോകുന്ന വേഗത നിയന്ത്രിച്ചു കൊണ്ട്, ആ കയറ്റിറക്കങ്ങളിലൂടെ പ്രേക്ഷകരുടെ വികാരങ്ങളേയും ആവേശത്തിന്റെ അളവിനേയും സ്വാധീനിക്കാൻ ലോകേഷ് കനകരാജിന് സാധിച്ചു. ചിത്രത്തിലെ ട്വിസ്റ്റുകളും മാസ്സ് സീനുകളും പഞ്ച് ഡയലോഗുകളും അമിതമായി ഉപയോഗിക്കാതെ, അത് കൃത്യമായ സമയത്തും കൃത്യമായ സ്ഥലത്തുമുപയോഗിച്ചു എന്നതാണ് തന്നെയാണ് ഈ സംവിധായകന്റെ വിജയം.
അതുപോലെ തന്നെ ഒരു പക്കാ മാസ്സ് ആക്ഷൻ ത്രില്ലറായും, ഇൻവെസ്റ്റിഗേഷൻ ത്രില്ലറായുമൊക്കെ കഥ പറയുമ്പോഴും, ഇതിന്റെ പശ്‌ചാത്തലത്തിൽ കമൽ ഹാസൻ കഥാപാത്രത്തിലൂടെ കൊണ്ട് വന്ന വൈകാരികമായ നിമിഷങ്ങൾ പ്രേക്ഷകരുടെ മനസ്സിനെ തൊടുന്നതും, അവർ ചിത്രത്തിന്റെ ഭാഗമായി സഞ്ചരിക്കുന്നതും ഇതിന്റെ അസാധാരമായ രചനാ രീതിയുടെ മികവ് കൊണ്ട് കൂടിയാണ്. സൂര്യ അവതരിപ്പിക്കുന്ന റോളക്സ് എന്ന കഥാപാത്രത്തിന്റെ ഏതാനും മിനിറ്റുകൾ നീണ്ടു നിൽക്കുന്ന അതിഥി വേഷം വേഷം പോലും തീയേറ്ററുകളെ തീ പിടിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്റെ കഥ പറച്ചിലിന് നൽകുന്ന തീവ്രതയും വിക്രം മൂന്നാം ഭാഗം കാത്തിരിക്കാൻ പ്രേക്ഷകർക്ക് നൽകുന്ന ആവേശവും വളരെ വലുതാണ്. ഒരു ചെറിയ കഥാപാത്രം പോലും വിക്രത്തിൽ അപ്രധാനമല്ല എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ മികവ്. ഓരോ ഡയലോഗ് പോലും അളന്നു കുറിച്ചാണ് രചിച്ചിരിക്കുന്നത്. അഭിനേതാക്കളെ കൈകാര്യം ചെയ്ത രീതിയും അഭിന്ദനാർഹമാണ്. കമൽ ഹാസൻ എന്ന അഭിനയ പ്രതിഭയെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രമല്ല ഇതിലേതെങ്കിലും, തന്റെ അപാരമായ സ്ക്രീൻ പ്രസൻസ് കൊണ്ട് അദ്ദേഹം തിരശീലകളെ തീ പിടിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ പകുതിയിൽ അദ്ദേഹം ഒരുപാട് നേരമില്ലെങ്കിലും ഇന്റർവെൽ ഭാഗത്തോടെ പിന്നീടങ്ങോട്ട് ഒരു പക്കാ കമൽ ഹാസൻ ഷോ തന്നെ സൃഷ്ടിക്കാൻ ലോകേഷിനു സാധിച്ചിട്ടുണ്ട്.
ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്ന ഫഹദ് ഫാസിലും, സന്താനമെന്ന ക്രൂരനായ വില്ലനെ അവതരിപ്പിച്ചുകൊണ്ട് വിജയ് സേതുപതിയും കയ്യടി നേടുന്നു. വില്ലനായെത്തുന്ന വിജയ് സേതുപതിയുടെ ശരീര ഭാഷയും മുഖ ഭാവങ്ങളുമെല്ലാം അതിഗംഭീരമാണെന്നു തന്നെ പറയാം. നരെയ്ൻ അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ ബിജോയ്, ചെമ്പൻ വിനോദിന്റെ ജോസ്, കാളിദാസ് ജയറാമിന്റെ പ്രപഞ്ചൻ എന്നീ കഥാപാത്രങ്ങളും, സമയം കുറവാണെങ്കിലും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നത് അഭിനേതാക്കളുടെ പ്രകടന മികവ് കൊണ്ടാണ്. സൂര്യ അവതരിപ്പിക്കുന്ന റോളെക്‌സ് എന്ന കഥാപാത്രത്തിന്റെ ലുക്കും, ശരീരഭാഷയും ആ കഥാപാത്രം ആകെ മൊത്തത്തിൽ തരുന്ന ഫീലും ആരാധകരിൽ വലിയ ആവേശമാണ് ഉണ്ടാക്കുന്നത്. കൈതി എന്ന ചിത്രവുമായി വിക്രമിനുള്ള ബന്ധവും, വിക്രം മൂന്നാം ഭാഗത്തിൽ നമ്മൾ കാണാൻ പോകുന്ന കമൽ ഹാസൻ- സൂര്യ പോരാട്ടവും വളരെ മികച്ച രീതിയിൽ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ ലോകേഷിന് സാധിച്ചിട്ടുണ്ട്.
തന്റെ ഗംഭീരമായ പശ്ചാത്തല സംഗീതത്തിലൂടെ അനിരുദ്ധ് രവിചന്ദർ ഒരിക്കൽ കൂടി കയ്യടി നേടുമ്പോൾ, കിടിലൻ ദൃശ്യങ്ങളൊരുക്കിയ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്ത ഫിലോമിൻ രാജ് എന്നിവരും അഭിന്ദനമർഹിക്കുന്നു. ചിത്രത്തിനു ആകെ പറയാവുന്ന രണ്ടു പ്രധാന നെഗറ്റീവുകൾ, രണ്ടാം പകുതിയിൽ ഒരല്പം പ്രവചിക്കാൻ കഴിയുന്ന രീതിയിൽ മുന്നോട്ടു നീങ്ങുന്നതും വലിയ സമയ ദൈർഘ്യവുമാണ്. അതുപോലെ, കഥാപാത്ര രൂപീകരണത്തിൽ കുറച്ചു കൂടെ മികച്ച രചന ഉണ്ടായിരുന്നുവെങ്കിൽ, ഫഹദ് ഫാസിൽ, വിജയ് സേതുപതി കഥാപാത്രങ്ങൾക്ക് കിട്ടുമായിരുന്ന ആഴവും അവരുണ്ടാക്കുമായിരുന്ന സ്വാധീനവും കൂടുതൽ മുകളിലേക്ക് സഞ്ചരിച്ചേനെയെന്നതും എടുത്തു പറയണം. ഏതായാലും വിക്രം എന്ന ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് ഒരു പക്കാ ആണ്ടവർ വിളയാട്ടമാണ്. മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരു ഗംഭീര വിഷ്വൽ ട്രീറ്റാണ് ലോകേഷ് കനകരാജ് ഒരുക്കിയിരിക്കുന്നത്. കമൽ ഹാസൻ എന്ന താരത്തിന്റെ കരിയറിലെ മറ്റൊരു പൊൻതൂവലായി വിക്രം മാറുമെന്നുറപ്പാണ്. തീയേറ്റർ അനുഭവം വലിയ രീതിയിൽ തന്നെ ആവശ്യപ്പെടുന്ന ചിത്രമായത് കൊണ്ട് തന്നെ, വിക്രം നഷ്ട്ടപെടുത്തരുതാത്ത സിനിമാനുഭവങ്ങളുടെ കൂട്ടത്തിൽ തന്നെ പെടുത്താവുന്ന ഒരു ചലച്ചിത്രമാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
This website uses cookies.