മികച്ച പ്രതീക്ഷകൾ സമ്മാനിച്ച് കൊണ്ട് തന്നെ പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രമാണ് വാശി. നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥ രചിച്ചത് ജാനിസ് ചാക്കോ സൈമൺ, തിരക്കഥ രചിച്ചത് സംവിധായകൻ എന്നിവരാണ്. ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയൊരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ, മേനക സുരേഷ് കുമാർ എന്നിവരാണ്. ടീസർ, ട്രൈലെർ എന്നിവയിലൂടെയൊക്കെ തന്നെ പ്രേക്ഷകരിൽ ആകാംഷ ജനിപ്പിക്കാൻ വാശിക്ക് സാധിച്ചിരുന്നു. ഒരു കോർട്ട് റൂം ഡ്രാമയായി ഒരുക്കിയ ഈ ചിത്രം പ്രേക്ഷകരെ ആദ്യവസാനം പിടിച്ചിരുത്തുന്ന തരത്തിൽ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടും ഇഴച്ചിൽ ഇല്ലാതെ, അനാവശ്യമായ വിശദീകരണങ്ങളോ, നീട്ടിപ്പരത്തിയ കഥപറച്ചിലോ ഇല്ലാതെ, കൃത്യമായി തങ്ങൾ ഉദ്ദേശിച്ച വസ്തുത പ്രേക്ഷകരുടെ മുന്നിലവതരിപ്പിക്കുന്ന ഒരു നല്ല ചിത്രമെന്ന് വാശിയെ വിശേഷിപ്പിക്കാം.
ടോവിനോ തോമസ് അവതരിപ്പിക്കുന്ന എബിൻ, കീർത്തി സുരേഷ് അവതരിപ്പിക്കുന്ന മാധവി എന്നീ വക്കീൽ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രമാരംഭിക്കുന്നത്. സ്വാതന്ത്രരാവാനും സ്വന്തം കാലിൽ നിൽക്കാനുമുള്ള അവരുടെ കഷ്ടപ്പാടുകൾ കാണിച്ചു കൊണ്ടാരംഭിക്കുന്ന ചിത്രം, പിന്നീടവർ ഒരുമിച്ചു സ്വന്തന്ത്രരാവുന്നതും അതിനൊപ്പം തന്നെ അവരുടെ സൗഹൃദം പ്രണയത്തിലേക്കും അവിടുന്ന് വിവാഹത്തിലേക്കെത്തിച്ചേരുന്നതും കാണിക്കുന്നുണ്ട്. രണ്ടു മതത്തിൽ പെട്ട അവർ വിവാഹം കഴിക്കുമ്പോൾ കുടുംബങ്ങളിൽ സർവസാധാരണമായി കാണുന്ന ചില ഈഗോ ക്ലാഷുകളും ഇവരുടെ ജീവിതത്തിന്റെ ഭാഗമായി കാണിക്കുന്നുണ്ടെങ്കിലും, ചിത്രത്തിന്റെ കഥാഗതി മാറുന്നത്, ഭർത്താവും ഭാര്യവുമായ ഇവർ ഒരു നിർണ്ണായകമായ കേസിന്റെ വാദി ഭാഗവും പ്രതി ഭാഗവുമായി കോടതിയിൽ എതിരാളികളായി നിൽക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുമ്പോഴാണ്. ഇതൊരു പുതുമയേറിയ പ്രമേയമാണെന്നു പറയാൻ സാധിക്കില്ലെങ്കിലും വിഷ്ണു എന്ന സംവിധായകൻ അത് പ്രേക്ഷകരെ രസിപ്പിക്കുന്ന തരത്തിൽ അവതരിപ്പിച്ചതാണ് ഈ ചിത്രത്തിന്റെ മികവും, അതിന്റെ വിജയവും.
വക്കീലന്മാരായ എബിനും മാധവിയുമായി ടോവിനോയും കീർത്തിയും കാഴ്ച വെച്ച വളരെ വിശ്വസനീയമായ പ്രകടനമാണ് ഈ ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ്. നോട്ടത്തിലും ഭാവത്തിലും ശരീര ഭാഷയിലും വക്കീൽ കഥാപാത്രമായി മാറാൻ ഇരുവർക്കും കഴിഞ്ഞതിനൊപ്പം തന്നെ, തങ്ങളുടെ കഥാപാത്രങ്ങൾ കടന്നു പോകുന്ന ഓരോ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളോടുമുള്ള അവരുടെ പ്രതികരണവും മനോഹരമായും പക്വതയോടെയുമാണ് ഇരുവരും ചെയ്തു ഫലിപ്പിച്ചതെന്നു പറയാം. ഇവരുടെ പ്രകടന മികവ് ഈ ചിത്രത്തിന്റെ മൊത്തം ഘടനയിൽ നിർണ്ണായകമാവുന്നതും കാണാം. ഇവരുടെ പ്രണയവും വിവാഹവുമൊന്നും അനാവശ്യ രംഗങ്ങൾ കുത്തിനിറച്ചു ബോറാക്കാതെ, ഒരൊഴുക്കിൽ നല്ല സംഗീതത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കാൻ വിഷ്ണുവിനും സംഗീത സംവിധായകൻ കൈലാസ് മേനോനും സാധിച്ചിട്ടുണ്ട്. കരിയറിൽ വലിയ രീതിയിൽ ഫോക്കസ് ചെയ്യുന്ന മാധവിയും, അളിയൻ ജോസിന്റെ സഹായത്തോടെ പബ്ലിക് പ്രോസിക്കൂട്ടറായതു കൊണ്ട് എല്ലാവരേയും ഒരുപോലെ സന്തോഷിപ്പിച്ചു കൊണ്ട് മുന്നോട്ടു പോകാൻ നിർബന്ധിതനാവുന്ന എബിനും തമ്മിലുണ്ടാവുന്ന ഈഗോ ക്ലാഷുകൾ, ഈ ചിത്രത്തിലെ കോടതി രംഗങ്ങൾക്കു മറ്റൊരു വൈകാരിക തലം കൂടി നൽകുന്നുണ്ട്.
സ്ത്രീകളുടെ അവകാശത്തിനു വേണ്ടി ഏറ്റവും കൂടുതൽ ശബ്ദമുയർത്തുന്ന മാധവിയെ തന്നെ, റേപ് കേസിൽ പ്രതിഭാഗം വക്കീലാക്കിയ തിരക്കഥയുടെ മികവാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്ലസ് പോയിന്റ്. അതേ സമയം ഇത്തരം കേസുകളിൽ ആണുങ്ങളെ പലപ്പോഴും നിയമം സംരംക്ഷിക്കുന്നില്ലായെന്നും അവരെ തെറ്റായി ചിത്രീകരിക്കുന്ന പ്രവണതയുണ്ടെന്നും വാദിച്ചിരുന്ന എബിനാവട്ടെ ഈ കേസിൽ ഇരയായ സ്ത്രീക്ക് വേണ്ടിയാണു വാദിക്കുന്നതെന്നത് ഈ കോർട്ട് റൂം ഡ്രാമയെ വളരെയധികം രസകരമാക്കുന്നുണ്ട്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 375 ന്റെ അടിയിൽ വരുന്ന കേസായത് കൊണ്ട് തന്നെ, ഇപ്പോൾ നമ്മുടെ സമൂഹത്തിൽ വളരെയധികം പൊങ്ങി വരുന്ന മീ ടൂ ആരോപണങ്ങളുമായി ബന്ധപ്പെട്ടും വസ്തുതാപരവും, ചിന്തിക്കേണ്ടതുമായ ചില വാദഗതികൾ ഈ ചിത്രത്തിലെ വക്കീൽ കഥാപാത്രങ്ങളിലൂടെ മുന്നോട്ടു വെക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.
ഒരു കോർട്ട് റൂം ഡ്രാമയിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്ന കംപ്ലീറ്റ് ത്രില്ലിംഗ് അനുഭവമല്ല വാശി തരുന്നതെങ്കിലും, പ്രേക്ഷകർക്ക് ആദ്യാവസാനം കണ്ടു രസിക്കാവുന്ന ഒരു മികച്ച സിനിമാനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. കുറച്ചു കൂടെ ആഴം തിരക്കഥക്കുണ്ടായിരുന്നെങ്കിൽ, എബിൻ- മാധവി ബന്ധത്തിലുണ്ടാവുന്ന വിള്ളലുകളും പ്രേക്ഷകരെ വൈകാരികമായി കൂടുതൽ ചിത്രത്തിലേക്ക് ബന്ധിപ്പിച്ചേനെ എന്നതൊരു സത്യമാണ്. ആ വശം പൂർണ്ണമായുമുപയോഗിക്കാതെ പോയതാണ് തിരക്കഥയിലെ ഒരു കുറവ്. കോടതി വ്യവഹാരങ്ങളിലെ ത്രില്ലിങ്ങായ നിമിഷങ്ങളുള്ള, ബോറടിപ്പിക്കാതെ മുന്നോട്ടു സഞ്ചരിക്കുന്ന, ചിന്തിപ്പിക്കുന്ന ചില വസ്തുതകൾ ഇട്ടു തരുന്ന ഒരു ഫാമിലി ഡ്രാമ കൂടിയാണ് വാശി എന്നും നമ്മുക്ക് പറയാം. പ്രകടനം കൊണ്ടും, മേക്കിങ് മികവ് കൊണ്ടും, പറയുന്ന വിഷയത്തിന്റെ പ്രസക്തി കൊണ്ടുമെല്ലാം പ്രേക്ഷകരെ തൃപ്തിപ്പെടുന്ന ഈ ചിത്രം തീർച്ചയായും ഒരു തിയേറ്റർ അനുഭവം അർഹിക്കുന്നുണ്ട്.
പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന സിനിമകൾ നിർമ്മിച്ച് മലയാള സിനിമ നിർമ്മാണ മേഖലയിൽ ആധിപത്യം സ്ഥാപിച്ച നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ ട്രൈലെർ സെൻസർ ചെയ്തു. രണ്ട് മിനിട്ടിനു മുകളിൽ ദൈർഘ്യമുള്ള ഈ…
ഐവി ശശി- മമ്മൂട്ടി കൂട്ടുകെട്ടിന്റെ 'ആവനാഴി' റീ റിലീസ് ചെയ്യുന്ന ഡേറ്റ് പുറത്ത്. 'ഇൻസ്പെക്ടർ ബൽറാം' എന്ന തീപ്പൊരി പൊലീസ്…
ഏറെ വർഷങ്ങൾക്ക് മുൻപ് മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തിയ 'ഓഫാബി'ക്ക് ശേഷം ആനിമേറ്റഡ് ക്യാരക്ടർ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം 'ലൗലി'…
ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം 'ഹലോ…
തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ കങ്കുവ നവംബർ പതിനാലിന് ആഗോള റിലീസായി എത്തുകയാണ്. കേരളത്തിലും…
This website uses cookies.