കഥകൾ നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്ന പരമ്പരാഗത ശൈലികളിൽ നിന്ന് മാറി വ്യത്യസ്തമായ രീതികളിൽ നമ്മുക്ക് മുന്നിൽ ചിത്രങ്ങൾ എത്തിച്ചിട്ടുള ഒരു മലയാള സംവിധായകൻ ആണ് ആഷിഖ് അബു. ഇന്നത്തെ പ്രേക്ഷകർ ഏറെ വിശ്വസിക്കുന്ന സംവിധായകരിൽ ഒരാളുമാണ് അദ്ദേഹം. ആഷിഖ് അബു ആദ്യമായി ടോവിനോ തോമസ് എന്ന യുവ താരവുമായി കൈകോർത്തപ്പോൾ നമുക്ക് ലഭിച്ചത് മായാനദി എന്നൊരു ക്ലാസിക് ചിത്രമാണ്. അതിനു ശേഷം വൈറസ് എന്ന മികച്ച ചിത്രത്തിലും ഇവർ ഒന്നിച്ചു. ഇപ്പോൾ ഇവർ മൂന്നാമതും കൈകോർത്ത നാരദൻ ഇന്ന ചിത്രമാണ് പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ഇന്ന് കേരളത്തിലെ തിയറ്ററുകളിലെത്തിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് ഉണ്ണി ആർ ആണ്. ആഷിക് അബു, റിമ കല്ലിങ്കൽ, സന്തോഷ് ടി കുരുവിള എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്.
ചന്ദ്രപ്രകാശ് എന്ന് പേരുള്ള ചാനൽ അവതാരകൻ ആയ കഥാപാത്രത്തെയാണ് ടോവിനോ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വലിയ ജനപ്രീതിയുള്ള വാർത്താ അവതാരകനും ടോക്ക് ഷോ അവതാരകനുമായ ചന്ദ്രപ്രകാശ ന്യൂസ് മലയാളം ചാനലിൽ ആണ് ജോലി ചെയ്യുന്നത്. സമകാലിക ഇന്ത്യൻ ദൃശ്യ മാധ്യമങ്ങളിൽ നടക്കുന്ന കാര്യങ്ങളുടെ പശ്‌ചാത്തലത്തിൽ ആണ് ഈ ചിത്രം കഥ പറയുന്നത്. റേറ്റിംഗ് കൂറ്റൻ വേണ്ടി കൃത്രിമമായി വാർത്തകൾ സൃഷ്ടിക്കുകയും തെറ്റിയ രീതിയിൽ വാർത്തകൾ നൽകുകയും വാർത്തകൾ വളച്ചൊടിക്കുകയും ചെയ്യുന്ന മാധ്യമ സംസ്കാരത്തിനിടയിൽ പെടുന്ന ചന്ദ്രപ്രകാശിന്റെ ജീവിതവും അതിനെതിരെ മറ്റു പ്രധാന കഥാപാത്രങ്ങൾ നടത്തുന്ന പോരാട്ടവുമാണ് ഈ ചിത്രം നമ്മുടെ മുന്നിൽ എത്തിക്കുന്നത്. ന്യൂസ് മലയാളം എന്ന ചാനലിൽ നിന്ന് രാജി വെച്ചു നാരദ ന്യൂസ് എന്ന പുതിയ ന്യൂസ് ചാനലിന്റെ തലപ്പത്തു ചന്ദ്രപ്രകാശ് വരുന്നതോടെ ആണ് ചിത്രത്തിന്റെ കഥാഗതി മാറുന്നത്.
തന്റെ മുൻകാല ചിത്രങ്ങളിൽ ഇന്നും വളരെ വ്യത്യസ്തമായ ഒരു ചിത്രം നൽകുന്നതിൽ ഒരിക്കൽ കൂടി ആഷിഖ് അബു എന്ന സംവിധായകൻ പൂർണ്ണമായും വിജയിച്ചു എന്ന് തന്നെ നമ്മുക്ക് പറയാം. മാധ്യമ സംസ്കാരത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു സോഷ്യൽ- പൊളിറ്റിക്കൽ ത്രില്ലർ എന്നോ മീഡിയ ത്രില്ലർ എന്നോ വിളിക്കാവുന്ന ഈ ചിത്രത്തെ പ്രേക്ഷകരുടെ മനസ്സിലെത്തിക്കുന്നതിൽ ആഷിഖ് അബു നേടിയ വിജയം അഭിനന്ദിക്കപ്പെടേണ്ടതാണ്. അതുപോലെ ഈ ചിത്രത്തിന് ശക്തമായ തിരക്കഥ രചിച്ച ഉണ്ണി ആറിനും കൂടി അവകാശപ്പെട്ടതാണ് ആ കയ്യടി. കാരണം അത്ര മികച്ച രീതിയിലും വ്യത്യസ്തമാർന്ന രീതിയിലും ഈ ചിത്രത്തിന്റെ കഥാ പശ്ചാത്തലവും കഥാപാത്രങ്ങളും നിർമ്മിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകർക്ക് ഇതുവരെ കാണാത്ത രീതിയിലുള്ള ഒരു കഥാഖ്യാനം നല്കിയപ്പോഴും, സംവിധായകൻ എന്ന നിലയിൽ ഒരു ആഷിഖ് അബു കയ്യൊപ്പു ഈ ചിത്രത്തിൽ കൊണ്ട് വരാനും അദ്ദേഹത്തിന് സാധിച്ചു. ഈ ചിത്രത്തെ ഏറ്റവും മനോഹരമാക്കിയ ഒരു കാര്യം ഇതിലെ പ്രമേയത്തിന്റെ ആഴവും അത്‌പോലെ അത്ര ശക്തമായ പ്രമേയത്തിന് വളരാൻ ഇട നൽകിയ കഥ പറച്ചിലുമാണ്. പ്രേക്ഷകരെ രസിപ്പിക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, വളരെ റിയലിസ്റ്റിക് ആയി ആത്മാവുള്ള കഥയും കഥാപാത്രങ്ങളും അവർക്കു മുന്നിൽ അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട് നാരദനിലൂടെ എന്നത് എടുത്തു പറയണം. വളരെ സമകാലിക പ്രസക്തിയുള്ള ഒരു വിഷയം വിമര്ശകാത്മകമായും അതുപോലെ ഉദ്വേഗം നിറഞ്ഞ ഒരു ത്രില്ലർ ആയും ഒരുക്കാൻ കഴിഞ്ഞതോടെ നാരദൻ ഒരു ഗംഭീര സിനിമാനുഭവമായി മാറി.
ചന്ദ്രപ്രകാശ് എന്ന കഥാപാത്രമായുള്ള ടോവിനോ തോമസിന്റെ മികച്ച പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ടോവിനോ ഒരിക്കൽ കൂടി വളരെ അനായാസമായി തന്നെ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷകരുടെ കയ്യടി നേടിയെടുത്തു. ഓരോ ചിത്രം കഴിയും തോറും ഒരു അഭിനേതാവ് എന്ന നിലയിൽ മുന്നോട്ടു തന്നെയാണ് ടോവിനോ സഞ്ചരിക്കുന്നത് എന്നതിന് നാരദനിലെ പ്രകടനം ഏറ്റവും പുതിയ ഉദാഹരണമായി എടുത്തു പറയാം. ഷാകിര മുഹമ്മദ് എന്ന നായിക ആയെത്തിയ അന്ന ബെന്നും മികച്ച പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. ഇവർക്കൊപ്പം പിന്നീട് തിളങ്ങി നിന്നതു പ്രദീപ് ജോൺ ആയി എത്തിയ ഷറഫുദീൻ ആണ്. ഇവർക്ക് പുറമെ ജോയ് മാത്യു, വിജയ രാഘവൻ, രഘുനാഥ് പാലേരി, ജയരാജ് വാര്യർ, ബാലചന്ദ്രൻ ചുള്ളിക്കാട്, റാഫി, കുഞ്ചൻ, ദിലീഷ് നായർ, രാജേഷ് മാധവൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, ലുക്ക്മാൻ, വിജയകുമാർ പ്രഭാകരൻ, നവാസ് വള്ളിക്കുന്ന് എന്നിവരും തങ്ങളുടെ വേഷങ്ങൾ ഏറ്റവും ഭംഗിയാക്കി.
ജാഫര് സാദിഖ് ഒരുക്കിയ ദൃശ്യങ്ങൾ ചിത്രത്തിന്റെ ജീവനായി മാറിയപ്പോൾ ഡി.ജെ ശേഖര്‍ മേനോനും നേഹയും യാക്സണ്‍ പെരേരയും ചേർന്നൊരുക്കിയ സംഗീതവും മികച്ചതായിരുന്നു. ദൃശ്യങ്ങളോടൊപ്പം പശ്ചാത്തല സംഗീതവും ഇഴുകി ചേർന്നപ്പോൾ ഈ ചിത്രത്തിലെ മൂഡ് പ്രേക്ഷകന്റെ മനസ്സിലേക്ക് വളരെ വേഗമെത്തിച്ചേർന്നു. അത് പോലെ തന്നെ സൈജു ശ്രീധരൻ എഡിറ്റർ എന്ന നിലയിൽ മികച്ച ജോലി ചെയ്തപ്പോൾ ചിത്രത്തിന് ആദ്യാവസാനം മികച്ച വേഗതയും അതുപോലെ സാങ്കേതികമായി ഉയർന്ന നിലവാരവും നാരദന് ലഭിച്ചിട്ടുണ്ട്. ചുരുക്കി പറഞ്ഞാൽ, ടോവിനോ തോമസ് എന്ന നടനെ ഇഷ്ട്ടപെടുന്നവർക്കും അതുപോലെ തന്നെ ആഷിഖ് അബു എന്ന സംവിധായകനിൽ നിന്ന് ഒരു ഗംഭീര സിനിമാനുഭവം പ്രതീക്ഷിച്ച സിനിമ പ്രേമികൾക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ചിത്രമാണ് നാരദൻ. പുതുമയേറിയ ഒരു ചലച്ചിത്രാനുഭവം എല്ലാ അർഥത്തിലും സമ്മാനിക്കുന്ന ഈ ചിത്രം ഒരേ സമയം ഒരു ക്ലാസ് ചിത്രവും ഒരു ത്രില്ലറുമാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.